ഡോ.മാപുസ്കര്‍
ഗ്രാമങ്ങളില്‍ ശുചിത്വമുള്ള ടോയ്ലറ്റുകള് സ്ഥാപിക്കുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഡോ. മാപുസ്കര്‍. പൂനയിലെ ദേഹുവാണ് ഇദ്ദേഹത്തിന്റെ സ്വദേശം. അറിയപ്പെട്ടത് സ്വച്ഛത ദൂത് എന്ന്. മരണാനന്തര ബഹുമതിയായിട്ടാണ് ഇദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. രോഗം വരാതെ നോക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താല്‍ വിധിക്കപ്പെട്ട പാവപ്പെട്ട ഗ്രാമീണര്‍ക്കുവേണ്ടി ശൗചാലയം നിര്മിച്ചുനല്കാന് ഡോ. മാപുഷ്കര് മുന്നിട്ടിറങ്ങിയത്. 1960കളിലായിരുന്നു അത്. പ്രഥമികാവശ്യങ്ങള് നിര്‍വഹിക്കുന്നതിന് വനാതിര്‍ത്തിക്കുള്ളില്‍ പോകേണ്ടിവന്ന ഗ്രാമീണര്‍ക്കുവേണ്ടി ചിലവുകുറഞ്ഞ രീതിയില്‍ ടോയ്ലറ്റുകള് നിര്‍മിച്ചുനല്‍കി. 2004 ഓടെ ദെഹുവിലെ ഗ്രാമീണര്‍ അനുഭവിച്ചുവന്ന ദുസ്ഥിതിയില്‍ നിന്ന് അവര്‍ക്ക് പൂര്‍ണമായും മോചനം നല്കി. ജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ അവബോധം നല്‍കുന്നതിനായി അപ്പസാഹേബ് തന്ത്രനികേതന്, ജ്യോത്സ്ന ആരോഗ്യ പ്രബോധന്‍ എന്നീ സംഘടനകള്‍ക്ക് രൂപം നല്കി. 2006 ല്‍ നിര്‍മല്‍ ഗ്രാമ പുരസ്കാര്‍ അവാര്‍ഡും മാപുസ്കറിന് ലഭിച്ചിരുന്നു.
ഇലി അഹമ്മദ്
എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് അസമില്‍ നിന്നുള്ള ഇലി അഹമ്മദ്. ആസാമീസ് കവയത്രികളില്‍ ഏറെ പ്രശസ്തയാണ് ഇലി. ബാലസാഹിത്യത്തിന് അവര്‍ നല്കിയ സംഭാവനകള്‍ വലുതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നിറങ്ങുന്ന ഏക വനിതാ പ്രസിദ്ധീകരണമായ ഒറനിയുടെ എഡിറ്ററും പബ്ലിഷറുമാണ് ഇവര്‍. 1970 ലാണ് ഒറനി പുറത്തിറങ്ങിയത്. വടക്ക് കിഴക്കന്‍ മേഖലയില്‍ ആദ്യത്തെ അസം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇലിയാണ്. ചെറുപ്പം തൊട്ടേ കവിതകള്‍ എഴുതുകയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ശാരീരിക വൈകല്യം ബാധിച്ചവര്‍, ബാലവേല, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെ ആധാരമാക്കി ഇലി എഴുതിയ നാടകമാണ് അാശ അയവശിീ്യ ഗീൃമ ചീശ.
ശേഖര്‍ നായിക്
ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നായകന്. 13 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ തന്റെപേരില്‍ എഴുതിച്ചേര്‍ത്തത് 32 സെഞ്ച്വറികള്‍. ഈ ഓള്‍റൗണ്ടര്‍ കളിച്ചത് 63 മാച്ചുകള്‍. 1986 ല്‍ കര്‍ണാടകയിലെ ഷിമോഗയില്‍ ജനനം. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തില്‍ ദാരിദ്രത്തോട് പടവെട്ടിയ ജീവിതം. കാഴ്ച കിട്ടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 1994 ല്‍ ബെംഗളൂരുല്‍ വച്ച് കണ്ണുകള്‍ ശസ്ത്രക്രിയ ചെയ്തു. പാരമ്പര്യമായി കിട്ടിയതാണ് അന്ധത. ശസ്ത്രക്രിയ വിജയമായിരുന്നു. വലതുകണ്ണിന് 60 ശതമാനം കാഴ്ച കിട്ടി.
1996 ല്‍ ഷിമോഗയിലെ ശ്രീ ശാരദാ ദേവി അന്ധവിദ്യാലയത്തില്‍ ചേര്‍ന്നു. ക്രിക്കറ്റ് ജീവിതം തുടങ്ങുന്നത് അവിടെവച്ച്. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച ശേഖറിനെ 1998 ല്‍ സംസ്ഥാനതല ടൂര്ണമെന്റിലേക്ക് തിരഞ്ഞെടുത്തു. മാതാപിതാക്കള്‍ അവന്റെ ആഗ്രഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. മകന്റെ അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കി അമ്മ പറഞ്ഞത് ഇത്രമാത്രം-തിഞ്ഞെടുക്കുന്ന മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ നിനക്കാവണമെന്ന്. ആ വാക്കുകള്‍ നല്കിയ ഊര്‍ജ്ജമാണ് ശേഖര്‍ നായിക്കിന്റെ നേട്ടത്തിന് പിന്നില്‍. 30-ാമത്തെ വയസ്സില്‍ ശേഖര്‍ നായിക്കെന്ന നായകനെ തേടിയെത്തിയത് പത്മശ്രീ ബഹുമതി. ഒരുകാലത്ത് തന്റെ അന്ധതയെ പരിഹസിച്ചവര്‍ക്കുമുന്നില്‍ ഇന്ന് കഠിനാധ്വാനത്തിലൂടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇദ്ദേഹം.
ഗിരീഷ് ഭരദ്വാജ്
സ്വദേശം കര്‍ണാടക. വയസ്സ് 66. എഞ്ചിനീയറിംഗ് ബിരുദധാരി. സേതു ബന്ധു എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. ഭാരതത്തിലെ കുഗ്രാമങ്ങളെ തമ്മില്‍ ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ തൂക്കുപാലങ്ങളിലൂടെ ബന്ധിപ്പിക്കുകയാണിദ്ദേഹം. കര്‍ണാടകം, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി നൂറോളം പാലങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. മഴക്കാലമായാല്‍ മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക പതിവായപ്പോഴാണ് ഗ്രാമവാസികള്‍ ഗിരീഷിന്റെ സഹായം തേടിയത്. അങ്ങനെയാണ് തൂക്കുപാലം എന്ന ആശയം ഉദിക്കുന്നത്. ഗ്രാമങ്ങളുടെ വികസനമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. സാധാരണ ഒരു പാലം പണിയുന്നതിന് ചിലവാകുന്നതിനേക്കാള്‍ കുറഞ്ഞ തുക മതിയാകും തൂക്കുപാലത്തിന്റെ നിര്‍മാണത്തിന്. മൂന്ന് മാസം കൊണ്ട് പണിയും തീരും. സുരക്ഷിതവുമാണ്. എഞ്ചിനീയറിംഗില്‍ ബിരുദം നേടിയെങ്കിലും ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുനേരിട്ട അവസരത്തിലാണ് ഗ്രാമീണര്‍ ഇദ്ദേഹത്തെ തേടിയെത്തുന്നത്. പിന്നീട് ജീവിതം ഗ്രാമങ്ങളുടെ ഉന്നമനത്തിന് വേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന് അര്‍ഹമായ അംഗീകാരവും കിട്ടി, പത്മശ്രീ പുരസ്കാരത്തിലൂടെ.
ഡോ. ഭക്തി യാദവ്
ഒരു കുഞ്ഞിന്റെ പിറവി എന്നത് ഏറ്റവും ഉദാത്തമാണ്. ഗര്‍ഭകാലം മുതല്‍ ജനനം വരെയുള്ള കാലയളവില്‍ ഏറെ പരിചരണം ആവശ്യവുമാണ്. അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഒരപടകവും സംഭവിക്കാതെ കാക്കുന്നതില്‍ ഒരു ഗൈനക്കോളജിസ്റ്റിനുള്ള പങ്കും ചെറുതല്ല. കഴിഞ്ഞ 68 വര്‍ഷമായി ഗൈനക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുന്ന, ഡോക്ടര്‍ ദാദിയെന്ന് ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന മധ്യപ്രദേശുകാരി ഡോ. ഭക്തി യാദവ് ആയിരത്തിലേറെ കുഞ്ഞുങ്ങളുടെ ജനനത്തിനാണ് സാക്ഷ്യം വഹിച്ചത്. 91 വയസ്സുണ്ട് ഭക്തി യാദവിന്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായിരുന്നു സേവനം. പൂര്‍ണാര്‍ത്ഥത്തില്‍ സേവനം തന്നെ. ഫീസ് വാങ്ങാതെയായിരുന്നു ഓരോ പ്രസവവും എടുത്തിരുന്നത്. ഇന്‍ഡോറില്‍ നിന്ന് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ വനിതയും ഭക്തി യാദവാണ്. പ്രായത്തിന്റേതായ അവശതകള്‍ ഉണ്ടെങ്കിലും ദൃഢനിശ്ചയത്തോടെ പാവപ്പെട്ടവര്‍ക്കുവേണ്ടി കര്‍മ്മം ചെയ്യുന്ന ഡോക്ടര്‍ ദാദിയെ തേടി പത്മശ്രീ പുരസ്കാരമെത്തിയപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ നിരവധി.
ദാരിപള്ളി രാമയ്യ
ഇന്ത്യയെ പച്ചപ്പ് ചാര്‍ത്തുക എന്ന ലക്ഷ്യത്തിനുള്ള അംഗീകാരമായി രാജ്യം പത്മശ്രീ നല്കി ആദരിച്ചു. തെലങ്കാനയാണ് സ്വദേശം. ഇവിടുത്തെ ഊഷര പ്രദേശങ്ങളില്‍ ഇദ്ദേഹം നട്ടത് ഒരു കോടിയിലധികം വൃക്ഷത്തൈകള്‍!.തണലേകുന്ന മരങ്ങള്‍ വെട്ടിനീക്കുന്നവര് തീര്‍ച്ചയായും അത്ഭുതപ്പെടും. നഷ്ടമായ പച്ചപ്പ് തിരികെ പിടിക്കുകയാണ് ലക്ഷ്യം. വിത്തുകളുമായാണ് ഇദ്ദേഹത്തിന്റെ നടപ്പ്. ഒഴിഞ്ഞ ഇടം കണ്ടാല്‍ അവിടെ, പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന വിത്തെടുത്ത് നടും. പരിപാലിക്കും. ഭാര്യ ജാനമ്മയും ഭര്‍ത്താവിനൊപ്പം വൃക്ഷങ്ങളുടെ പരിപാലനത്തിനായി ഒപ്പമുണ്ട്. ഇദ്ദേഹത്തിന്റെ ഈ പുണ്യപ്രവൃത്തി വരും തലമുറയ്ക്കും വേണ്ടിയാണ്.
അനുരാധ കൊയ്രാള
ചുവന്ന തെരുവുകളില്‍ ജീവിതം ഹോമിക്കേണ്ടിവരുമായിരുന്ന പതിനായിരക്കണക്കിന് യുവതികളുടെ മനസ്സില്‍ ദൈവതുല്യയാണ് പത്മശ്രീ പുരസ്കാര ജേതാവ് അനുരാധ കൊയ്രാള. നേപ്പാള്‍ സ്വദേശിനി. വയസ്സ് 67. ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാക്കപ്പെട്ട പന്തീരായിരത്തോളം സ്ത്രീകളെ രക്ഷപെടുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്തു. കൂടാതെ 45,000ത്തിലേറെ മനുഷ്യക്കടത്തുകള്‍ തടയുവാനും സാധിച്ചു. മൈദി നേപ്പാള്‍ എ്ന്ന സംഘടനയുടെ സ്ഥാപകയാണിവര്‍.
ആനന്ദ് അഗര്‍വാള്‍
വ്യക്തികളെ വ്യത്യസ്തരാക്കുന്നത് അവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ്. ആനന്ദ് അഗര്‍വാള്‍ ഇവരിലൊരാളാണ്. തന്റെ അറിവ് ഇദ്ദേഹം മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കുന്നു. എല്ലാവര്ക്കും എംഐടിയിലും ഹാര്‍വാര്‍ഡിലും പോയി വിദ്യാഭ്യാസം നേടാനാവില്ലെന്ന് ഇദ്ദേഹത്തിനറിയാം.
അതുകൊണ്ട് അവിടെ ലഭ്യമാകുന്ന അതേ നിലവാരത്തില്‍ കോഴ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നല്കാന് ആനന്ദ് തയ്യാറായി. അതിനായി എഡ്എക്സ് രൂപീകരിച്ചു. സൗജന്യമാണ് ഇതിലൂടെയുള്ള പഠനം. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ പഠനം സാധ്യവുമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യമാക്കുകവഴിയാണ് ആനന്ദിന് പത്മശ്രീ പുരസ്കാരം. എംഐടിയിലെ പ്രഗത്ഭനായ പ്രൊഫസര്‍ ആ ജോലി ഉപേക്ഷിച്ചാണ് നിസ്വാര്‍ത്ഥ സേവനത്തിന്റെ പാത സ്വീകരിച്ചത്. അമേരിക്കയിലാണ് താമസം.
കരീമുള്‍ ഹഖ്
ജോലി തേയിലത്തോട്ടത്തില്‍. നാട് പശ്ചിമബംഗാള്‍. തന്റെ ബൈക്ക് തന്നെ ഒരു മിനി ആംബുലന്‍സാക്കി മാറ്റിയിരിക്കുകയാണ് കരീമുള്‍ ഹഖ്. ആഴ്ചയില്‍ എല്ലാദിവസവും ഏത് സമയത്തും ആവശ്യക്കാര്ക്കുമുന്നില് കരീമിന്റെ ആംബുലന്‍സ് ബൈക്ക് എത്തും. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധലാബരി ഗ്രാമീണര്‍ക്ക് പ്രിയങ്കരാണ് ഈ 52 കാരന്. ആംബുലന്‍സ് ദാദയെന്ന് ജനങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന കരീമിന്റെ നന്മമനസ്സിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്കാരം. പാവപ്പെട്ട ഗ്രാമീണരെ സൗജന്യമായി ജല്‍പായ്ഗുരി ആശുപത്രിയിലെത്തിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
പ്രഥമശുശ്രൂഷാ സംവിധാനങ്ങളും ബൈക്കില്‍ സജ്ജമാണ്. ഇതുവരെ 3,000ത്തിലേറെപ്പേരുടെ ജീവന് ഇദ്ദേഹത്തിന് രക്ഷിക്കാനായിട്ടുണ്ട്. ഗതാഗത സൗകര്യം തീരെ കുറവായ ധലാബരിയിലെ 20 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമാണ് കരീമുള്‍ ഹഖ്. ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് വാഹനം കിട്ടാത്തതിനെ തുടര്‍ന്നാണ് കരീമിന്റെ അമ്മ മരിക്കുന്നത്. ആ നഷ്ടബോധത്തില്‍ നിന്നാണ് വാഹനം കിട്ടാത്തതിന്റെ പേരില്‍ ആര്‍ക്കും ജീവന് നഷ്ടപ്പെടരുതെന്ന തീരുമാനത്തിന് പിന്നില്‍.
സുക്രി ബൊമ്മഗൗഡ
ഹലാക്കി വൊക്കലിംഗ ഗോത്രത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന സുക്രി ബൊമ്മഗൗഡ ഗോത്രസംഗീതത്തിനും അതിന്റെ അവതരണത്തിനുമായി ആ ജീവിതം മാറ്റിവച്ചിട്ട് ആറു പതിറ്റാണ്ടുകളാ ആകുന്നു.
സാമൂഹ്യപ്രവര്ത്തകയുമാണിവര് . ബദിഗേരിഹടി എന്ന ഒരു ചെറുഗ്രാമത്തിലെ മദ്യവില്‍പ്പനയ്ക്കെതിരെ നടത്തിയ സാമൂഹിക മുന്നേറ്റമാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നഷ്ടപ്പെട്ടുപോകുന്ന സാംസ്കാരിക പൈതൃകങ്ങളെയും മൂല്യങ്ങളെയും തന്റെ ഗാനങ്ങളിലൂടെ സംരക്ഷിക്കാനും അവയെ തിരിച്ചുകൊണ്ടുവരാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നിവിരെ രാജ്യം മുഴുവന്‍ അറിയും, പത്മശ്രീ പുരസ്കാര ജേതാവെന്ന നിലയില്‍.
മാരിയപ്പന് തങ്കവേലു
റിയോ പാരാലിമ്പിക്സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ തമിഴ്നാട് സ്വദേശി മാരിയപ്പന് തങ്കവേലു. പാരാലിമ്പിക്സ് ഗെയിമിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ സ്വര്‍ണമാണ് മാരിയപ്പനിലൂടെ ഇന്ത്യയിലെത്തിയത്. ഇപ്പോഴിതാ പത്മശ്രീ പുരസ്കാരവും. ഒളിമ്പിക്സില്‍ നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ സമ്മാനത്തുകയില്‍ നിന്ന് 30 ലക്ഷം രൂപ അദ്ദേഹം പഠിച്ച സര്‍ക്കാര്‍ സ്കൂളിന് നല്കി മാതൃകയായി. സ്പോര്‍ട്സ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഈ തുക നല്‍കിയത്.
അഞ്ചാം വയസ്സിലുണ്ടായ ബസ് അപകടത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ വലതുകാല്‍ മുട്ടിന് താഴെ തകര്‍ന്നത്. അപ്പോഴും തളരാതെ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാണ് ഈ യുവാവ്.
ബല്‍ബീര്‍ സിംഗ് സീച്ച്വാള്‍
എക്കോ ബാബ’ എന്നറിയപ്പെടുന്ന ബല്‍ബീര്‍ സിംഗ് സീച്ച്വാള്‍ ജനകീയ കൂട്ടായ്മയിലൂടെ താഴേത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. സേവന സന്നദ്ധരായ ഒരുകൂട്ടം പ്രദേശവാസികളെ സംഘടിപ്പിച്ച് 160 കിലോമീറ്റര്‍ നീളമുള്ള പഞ്ചാബിലെ കാളിബെയ്ന് നദിയെ പുനരുദ്ധരിക്കുകയും അവരുടെയൊക്കെ സഹായത്തോടെ ഭൂഗര്‍ഭ സ്വിവറേജ് സംവിധാനത്തിന് പുതിയ സീച്ച്വാള്‍ മാതൃക തന്നെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. സന്നദ്ധസേവന തല്പരരായ പ്രദേശവാസികളെയും അത്തരത്തില്‍ തന്നെ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച് നദിയില്‍ മാലിന്യങ്ങള്‍ ഒഴുക്കികളയാതിരിക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് അദ്ദേഹം ആദ്യം നടത്തിയത്, അതിലൂടെ ശുചിത്വമുള്ള ഒരു നദീതടത്തെ സൃഷ്ടിക്കാനായി. അതോടെ നദിയുടെ സ്വാഭാവികമായ ഒഴുക്ക് പുനരാംഭിക്കുകയും അത് നദിക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിഭിന്നനാക്കുന്നത്.
പോച്ചാംമ്പള്ളി സില്‍ക്ക് സാരികളുടെ നെയ്ത്തിന് പണിയും സമയവും ചുരുക്കിയ ‘ലക്ഷ്മി എഎസ്യു യന്ത്രം’ കണ്ടുപിടിച്ച ചിന്താകിന്ദി മല്ലേശം, കഴിഞ്ഞ 40 വര്‍ഷമായി കൊല്‍ക്കത്തയില്‍ സ്വയം സദ്ധനായി തീയോടു പൊരുതുന്ന ബിപിന്‍ ഗണത്ര തുടങ്ങിയവരും സാധാരണക്കാരായി നിന്നുകൊണ്ട് ആസാധാരണ കാര്യങ്ങള്‍ ചെയ്തവരാണ്. ഇവരേയും രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: