ചെറുതുരുത്തി, പൈങ്കുളം, കിള്ളിമംഗലം, ആറ്റൂര്‍ എന്നീ ഗ്രാമങ്ങള്‍ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന യാഗഭൂമിയാണ് പാഞ്ഞാള്‍. സാമവേദത്തിന്റെ ജൈമനീയ ശാഖക്കാര്‍ വസിക്കുന്ന ഇടം. പാഞ്ഞാള്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തിന് വടക്ക് സ്ഥിതിചെയ്യുന്ന തോട്ടത്തില്‍ മനയിലാണ് നാരായണന് നമ്പൂതിരി ജനിച്ചത് (1927).
അമ്മ ലീല നങ്ങേലി പത്തനാടിയെ, ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന് നഷ്ടമായി. അനാഥമായ മട്ടിലായിരുന്നു ബാല്യം. ജാതകപ്രകാരം ‘സാമവേദം’ നാരായണന് നമ്പൂതിരിക്ക് വഴങ്ങുമെന്ന് കണ്ടു. അച്ഛന് ശ്രീധരന് സോമയാജിപ്പാടായിരുന്നു ഗുരു. സ്വരം ഉറച്ചുതുടങ്ങി. പരമ്പരാഗത ശൈലിയില്‍ തന്നെ വേദം ഹൃദിസ്ഥമാക്കി. ഇതിനിടെ സൂര്യനമസ്കാരവും ചില വ്രതങ്ങളും തേവാരവും മറ്റും അനുഷ്ഠിച്ചു പോന്നു. ശേഷമുള്ള ഊഷ, ഊഷാണി എന്നീ ‘വികൃതികളും’ നാരായണന് തോട്ടം ഹൃദിസ്ഥമാക്കി.
സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തോട്ടത്തിന് പാഞ്ഞാള്‍ ക്ഷേത്രത്തിലെ ശാന്തിവൃത്തിയായിരുന്നു ഉപജീവനമാര്‍ഗം. പാഞ്ഞാളപ്പന് സാമം നിത്യേന കേട്ടുകൊണ്ടിരിക്കണമെന്നത് ഒരു നിമിത്തമായി. ഇതോടൊപ്പം തന്നെ അത്യാവശ്യം ‘മുറജപ’ങ്ങള്‍ക്കും (കലശങ്ങളുടേയും ഉത്സവങ്ങളുടേയും ഭാഗമായുള്ള വേദജപം) പോയിത്തുടങ്ങി. അച്ഛന്റെ കൂടെ കാറല്‍മണ്ണയിലെ ഒരു ക്ഷേത്രത്തിലായിരുന്നു ആദ്യ മുറജപം. അന്ന് എട്ടു ദിവസമാണ് ഒരാവൃത്തി സാമം ഉരുക്കഴിക്കാന്‍ വേണ്ടിവന്നത്. പ്രതിഫലമായി ലഭിച്ചത് ആറു രൂപ.
ഇരുപത്തിമൂന്നാം വയസ്സില്‍, വടക്കേടത്ത് കപ്ലിങ്ങാട് പാര്‍വ്വതി അന്തര്‍ജനത്തെ വിവാഹം ചെയ്തു. ശാന്തിവൃത്തി നിത്യച്ചെലവിനു തികയാതായി. ക്രമേണ മുറജപങ്ങളിലേക്കും മറ്റുമായി തോട്ടത്തിന്റെ ശ്രദ്ധ. വലുതും ചെറുതുമായി ഒട്ടനവധി ക്ഷേത്രങ്ങളില്‍ മുറജപങ്ങളും സ്തുതികളുമായി കാലം കഴിച്ചുകൂട്ടി. പ്രമുഖരായ ഒട്ടേറെ തന്ത്രിമാരുടെയൊപ്പം പ്രവര്‍ത്തിച്ചു. ‘സാമത്തിന് തോട്ട’ത്തെ ഏല്‍പ്പിക്കുക എന്നത് ഏതൊരു തന്ത്രിയും പറഞ്ഞുവന്നു. ഇങ്ങനെ ആയിരത്തിലധികം സാമവേദ മുറജപങ്ങള്‍ നാരായണന് നമ്പൂതിരി സമര്‍പ്പിച്ചിട്ടുണ്ട്.
യാഗങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് സാമം. പതിനഞ്ചോളം യാഗങ്ങളില്‍ നാരായണന് നമ്പൂതിരി പങ്കെടുത്തു. 1975 ലെ അതിപ്രശസ്തമായ പാഞ്ഞാള്‍ അതിരാത്രത്തില്‍ ‘പ്രസ്തോതന്‍’ ആയിരുന്നു വേഷം. എന്നാല്‍ പന്നിയൂരില്‍ ‘കയ്യ്’ (സാമം ചൊല്ലുന്നത് പിഴക്കുന്നുണ്ടോ എന്നു നോക്കല്‍) തോട്ടത്തിനായിരുന്നു. ഇദ്ദേഹത്തിന്റെ സ്വരം അടിയുറച്ച, ശുദ്ധിയുള്ളതായിരുന്നു തോട്ടം നാരായണന് നമ്പൂതിരിയുടെ വേദാലാപനം ആകാശവാണിയും, വൈദ്യമഠത്തിലും കാലടി സര്‍വ്വകലാശാലയിലും റിക്കാര്‍ഡു ചെയ്തിട്ടുണ്ട്. ഇട്ടിരവി മാമുണ്ണിന്റെ കൂടെയും മറ്റും പല വേദിക് കോണ്‍ഫറന്‍സുകള്‍ക്കും സാമം പ്രയോഗിച്ചിട്ടുമുണ്ട്.
രേവതി പട്ടത്താന പുരസ്കാരം , ദേവീപ്രസാദ പുരസ്കാരം, കടവല്ലൂര്‍ അന്യോന്യ പരിഷത്ത് ബഹുമതി തുടങ്ങി നിരവധി ആദരങ്ങളും നാരായണന് തോട്ടത്തിന് ലഭിച്ചു.
ആണ്മക്കളുടെ വിയോഗം നേരിട്ടനുഭവിക്കേണ്ടിവന്ന തോട്ടം അതിജീവനഹേതുവായാണ് സാമവേദത്തെ പുല്കിയത്. എഞ്ചിനീയറായിരുന്ന മൂത്ത മകന്റെ മൃതദേഹം പോലും കാണാന്‍ സാധിച്ചില്ല.
പാഞ്ഞാള്‍ ശിവകരന് എന്ന് നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട രണ്ടാമത്തെ മകന് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ശിവകരന്. വെറുതെ ഇരിക്കുന്ന ശീലം നാരായണന് നമ്പൂതിരിക്കില്ല. ജനുവരി 31 നായിരുന്നു തോട്ടം നാരായണന് നമ്പൂതിരി അന്തരിച്ചത്. കഴിഞ്ഞുപോയ ചില മാസങ്ങളില്‍ രാത്രിസമയത്ത് അവ്യക്തമായി സാമം ചൊല്ലുന്നതു കേട്ടിരുന്നു. കനത്ത ശബ്ദംതന്നെയായിരുന്നു അതിനും. വര്‍ഷത്തിലൊരിക്കല്‍ ഒരു ച്യവനപ്രാശം നിര്‍മ്മിക്കാറുണ്ടായിരുന്നു. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ നല്കാന് തോട്ടത്തിനായി. തികഞ്ഞ ഭൗതികവാദിയായാണ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍. ഒപ്പമുള്ള തന്ത്രിമാര്‍ക്കും പരികര്‍മ്മികള്‍ക്കും തോട്ടം നര്‍മ്മങ്ങള്‍ വാരിവിതറിയിരുന്നു.
സാമവേദ പാരമ്പര്യം നിലനിര്‍ത്താനും മറ്റും ആരെയെങ്കിലും പഠിപ്പിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്നത് ഒരു ന്യൂനതയാണ്. ഞാന്‍ എന്തെങ്കിലും ആണെങ്കില്‍ അത് ‘സാമം’ കൊണ്ടു മാത്രമാണെന്ന് നാരായണന് നമ്പൂതിരി പറഞ്ഞിരുന്നു.
ഒരു മനുഷ്യന് ഇല്ലാതാവുന്നതോടെ ഒരുപാട് നന്മകളും അറിവുകളും ഇല്ലാതാവുന്നു. തോട്ടം നാരായണന് നമ്പൂതിരിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത് ഉത്സാഹിയായ ഒരു സാമവേദജ്ഞനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: