ചുടുനിണം മണക്കുന്ന അങ്കത്തലപ്പുകള്‍ വിധിപറയുന്ന കടത്തനാടന്‍ മണ്ണില്‍ പെണ്ണൊരുക്കത്തിന്റേയും മെയ്ക്കരുത്തിന്റേയും വീരഗാഥ രചിക്കുകയായിരുന്നു വടകര, കരിമ്പനപ്പാലത്ത കായക്കണ്ടി ഗോവിന്ദവിഹാറില് മീനാക്ഷി അമ്മ എന്ന മീനാക്ഷി രാഘവന്.
കളരി അഭ്യാസം ബാല്യത്തില്‍ത്തന്നെ തുടങ്ങണമെന്ന ആചാരമുറ തെറ്റിക്കാതെ 7-ാം വയസ്സില്‍ കച്ചമുറുക്കി രാഘവനാശാന്റെ കൈപിടിച്ച് കയറിവന്നത് കളരി പരമ്പര ദൈവങ്ങള്‍ കാവലിരിക്കുന്ന കളരിത്തറയിലേക്ക് മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കൂടിയാണ്.
”ശത്രുവെക്കണ്ട് വാള്, പരിച ഇണക്കിത്തൊഴുത്, താണമര്‍ന്ന് ഭൂമി തൊട്ട് വന്ദിച്ച് പഴുതുനോക്കി ചാടി ഇടപുറം കണ്ട് വീണ് പന്തിചേര്‍ന്ന് ഉരുത്തിപരിചചുഴറ്റി വാള്തൊഴുത് വാങ്ങിത്തിരിഞ്ഞുചാടി മുഖം കണ്ടു നില്ക, വാള് ചുഴറ്റി വീശിത്തിരിഞ്ഞ് അമര്‍ന്ന് മാറ്റാനെ നോക്കി ഗജമുഖം കണ്ടടുത്ത് വീശിവെട്ടി വലതു വീശി മൂന്ന് വെട്ടിചുഴറ്റിത്തിരിഞ്ഞ് മാറിക്കുതിച്ച്ചാടി പരിചയില്‍ താണമര്‍ന്ന് ഏറ്റുവാങ്ങിപ്പിരിഞ്ഞ് വീശിമാറിപ്പൊങ്ങി നിലയമര്ന്നു നില്ക….
വായ്ത്താരികള്‍ സിരകളില്‍ അങ്കക്കലി പടര്‍ത്തുമ്പോള്‍ ചുരികത്തലപ്പില്‍ പിടി ഒന്നുകൂടി അമര്‍ത്തുകയാണ് 75-ാം വയസ്സിലും പ്രായത്തെ തോല്പിക്കുന്ന മെയ്വഴക്കത്തോടെ മീനാക്ഷി അമ്മ.
Mother of Asian Martial Arts എന്ന വിശേഷണമുള്ള കളരിയഭ്യാസത്തെ മറയില്ലാതെ പൊതുസമൂഹത്തിന് പകുത്തുനല്കുമ്പോള് ഈ കളരിയമ്മയ്ക്ക് നിര്‍വൃതി മാത്രമാണ് സമ്പാദ്യം. കഴിഞ്ഞ 67 വര്‍ഷമായി കടത്തനാട് കളരി സംഘത്തില്‍ സൗജന്യമായിട്ടാണ് കളരി പരിശീലനം നല്‍കുന്നത്. ശിഷ്യന്മാര് നല്കുന്ന ദക്ഷിണയാണ് ഏകവരുമാനം. അമ്മയും പ്രധാന ശിഷ്യന്മാരും പരിശീലനത്തിന് നേതൃത്വം നല്കുമ്പോള് ആണ്-പെണ് വ്യത്യാസമില്ലാതെ മെയ്യഭ്യാസമുറകള്‍ പരിശീലിക്കാനെത്തുന്നവരുടെ സംഖ്യകളരിക്കുള്ക്കൊള്ളാവുന്നതിലും അധികമാണ്. ഒരു വര്‍ഷം ശരാശരി നൂറ്റിയെഴുപതോളം പേര് പരിശീലനത്തിനായി എത്താറുണ്ട്. കാനഡയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വരെ കളരിയഭ്യാസത്തിനെത്തിയ ശിഷ്യന്മാരും മീനാക്ഷി അമ്മയുടെ ചുരികത്തലപ്പിനു മുന്നില്‍ തൊഴുതു വണങ്ങുന്നു.
കളരിയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന കടത്തനാട്ടില്‍ കളരി എന്ന ആയോധന മുറയെ ജനകീയമുറയാക്കി മാറ്റുന്നതില്‍, വിശിഷ്യാ, ഉണ്ണിയാര്‍ച്ചയുടെ നാട്ടിലെ സ്ത്രീ സമൂഹത്തെ കളരിയഭ്യാസത്തിലേക്ക് ആകൃഷ്ടരാക്കുന്നതിന് നേതൃത്വം വഹിച്ചതിനുള്ള അംഗീകാരമായാണ് പത്മശ്രീ പുരസ്കാരത്തെ പൊതുസമൂഹം വിലയിരുത്തുന്നത്. മീനാക്ഷി അമ്മയുടെ കൈകളിലൂടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തനിക്ക് തലവേദന സൃഷ്ടിച്ച നായര്‍ പടയാളികളെ നിരായുധരാക്കി, കളരി പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ടിപ്പു ഉത്തരവിട്ടപ്പോള്‍ നാലുകെട്ടിന്റെ നടുമുറ്റങ്ങളെ കളരിത്തറകളാക്കി മാറ്റി അമ്മമാര്‍ മക്കള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന ആയോധനമുറകള്‍ രഹസ്യമായി പകര്‍ന്നു നല്കി. അന്യം നിന്നുപോകുമായിരുന്ന കളരിയെ വരും തലമുറയ്ക്കായി കരുതിവെച്ച ചരിത്രം ചോരയുണങ്ങാതെ താളുകളില്‍ ബാക്കി കിടക്കുന്നു.
വീറും വാശിയും ഒപ്പം പകയുടെ സീല്ക്കാരവും മുഴങ്ങുന്ന കളരിത്തറകളിലെ ഐക്യമില്ലായ്മ കടത്തനാട്ടിലെ കളരികള്‍ക്ക് ഒന്നിച്ചൊരു മുന്നേറ്റം അസാധ്യമാക്കി. ശൈലി വ്യത്യാസത്തിന്റേയും വ്യക്തിപരമായ ഈര്‍ഷ്യയുടേയും പേരില്‍ പരസ്പരം ശത്രുത പുലര്‍ത്തിയിരുന്ന ആശാന്മാര് ആയോധനകലയുടെ മാതാവായ കളരി അഭ്യാസത്തിന്റെ പ്രചാരത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്ന നീരസം പലര്‍ക്കുമുണ്ട്. കളരികളില്‍ ചിലതിനെ രാഷ്ട്രീയക്കാര്‍ പങ്കിട്ടെടുത്തപ്പോള്‍ പൊതുസമൂഹത്തിന്റെ സ്വീകാര്യതയും നഷ്ടമായി. മതതീവ്രവാദ സംഘടനകളും കളരികളില്‍ പിടിമുറുക്കിത്തുടങ്ങി. ഇവിടെ കടത്തനാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കളരി പാരമ്പര്യത്തിന്റെ കരുത്ത് തിരിച്ചു പിടിക്കാനുള്ള സുവര്‍ണാവസരമായി മാറുകയാണ് ഈ ”കടത്തനാടന്‍ പത്മശ്രീ”. അലങ്കാരമായി മാറാന്‍ പോകുന്ന കളരി അക്കാദമി കടത്തനാടന്‍ കളരികളുടെ ഐക്യവേദിയായി മാറ്റാനുള്ള അവസരമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.
7-ാം വയസ്സില്‍ വലതുകാല്‍ വെച്ച് കടന്നുവന്ന കടത്തനാടന്‍ കളരിസംഘം ഇന്ന് അംഗീകാരത്തിന്റെ നെറുകയിലെത്തി നില്ക്കുമ്പോള് കഷ്ടപ്പാടുകള്‍ക്ക് നടുവിലൂടെ താന്‍ കടന്നു വന്ന വഴിത്താരകളെ മീനാക്ഷി രാഘവന് നന്ദിയോടെ സ്മരിക്കുന്നു. പരിശീലനത്തിനൊപ്പം കൂടി 16-ാം വയസ്സില്‍ താലികെട്ടി മീനാക്ഷിയ്ക്ക് ജീവിതം കൊടുത്ത രാഘവന് ആശാന് ഇന്നില്ല. മകന് സജീവ് കുമാറും, മകള്‍ റൂബിയും കളരിരംഗത്ത് സജീവമായി ഒപ്പമുണ്ട്. മറ്റുമക്കളായപ്രദീപ്കുമാറും ചന്ദ്രപ്രഭയും ഉറച്ച പിന്തുണ നല്കുന്നു.
പെണ്‍കുട്ടികള്‍ കളരി നിര്‍ബന്ധമായും പരിശീലിക്കണമെന്ന വാദം ആധുനിക സമൂഹത്തില്‍ ശക്തമാകുമ്പോള്‍ മീനാക്ഷി അമ്മ ബഹുകാതം മുന്നിലാണ്. ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് മെയ്ക്കരുത്തോടെ പൊതുഇടങ്ങളില്‍ നിര്‍ഭയം ജീവിക്കുന്നത്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ തങ്ങളുടെ കളരി ആയുധാഭ്യാസത്തോടൊപ്പം പോലീസിന്റെ കിരാതമര്ദ്ദനമേറ്റവര്ക്ക് ഔഷധചികിത്സ നടത്തിയതിന്റെ അനുഭവം പങ്കിടുമ്പോള്‍ ഭീതിയുടെ കരിനിഴല്‍ ആ മുഖത്തു കാണാം. തിരക്കുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കളരി വേദിയായിട്ടുണ്ട്. തെക്കന്‍ കളരിമുറയില്‍ നിന്ന് വ്യത്യസ്തമായി മെയ്യഭ്യാസത്തോടൊപ്പം മര്‍മ്മ ചികിത്സയും കളരിയഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് വടക്കന്‍ കളരി സമ്പ്രദായത്തിന്റെ പ്രത്യേകത. ഒടിവ്,ചതവ്, ഉളുക്ക് തുടങ്ങിയവയ്ക്ക് പാരമ്പര്യ ചികിത്സയിലും കൈപ്പുണ്യം തെളിയിച്ചിട്ടുണ്ട് മീനാക്ഷി അമ്മ.
ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ കളരിയഭ്യാസ പ്രദര്‍ശനമൊരുക്കി കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കഥ പറയുമ്പോള്‍ മീനാക്ഷി അമ്മയ്ക്ക് നാവ് നൂറ്. വീടിനടുത്തായി തച്ചോളി ഒതേനന്റെ തറവാട്ടു ക്ഷേത്രത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന ഉത്സവങ്ങളുടെ ഭാഗമായുള്ള കളരിപ്പയറ്റുകളില്‍ മീനാക്ഷി അമ്മ സജീവസാന്നിധ്യമാണ്. വടകര കളരിയുള്ളതില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന മീനാക്ഷിയമ്മയുടെ കളരി അഭ്യാസ പ്രകടനം ശിഷ്യന്മാരാരോ യുട്യൂബില്‍ അപ്ലോഡ് ചെയ്തപ്പോള്‍ ആറ് ലക്ഷത്തിലധികം പേരാണ് അത് കണ്ടത്. കടത്തനാടന്‍ കളരി പാരമ്പര്യത്തിന്റെ തലവര മാറ്റിയ ‘ഷോ’ എന്നാണ് ശിഷ്യന്മാര് അതിനെ വിശേഷിപ്പിക്കുന്നത്. ബിബിസി അടക്കമുള്ള വിദേശചാനലുകളില്‍ ‘സാരി വിത്ത് എ സ്വോര്‍ഡ്’ 75 ന്റെ പെണ് മെയ്ക്കരുത്ത് ബ്രേക്കിംഗ് ന്യൂസായി.
കേരളത്തിലെ സര്‍ക്കാരുകള്‍ തനിക്കിതുവരെ ഒരംഗീകാരവും തരാന്‍ തയ്യാറായില്ലെന്നതിന്റെ നീരസം മീനാക്ഷി അമ്മ മറച്ചുവെയ്ക്കുന്നില്ല. ഓണംകേറാമൂലയില്‍ കൊച്ചുകുട്ടികളുമൊത്ത് കളരിയഭ്യസിച്ച തന്നെത്തേടി പത്മശ്രീ പുരസ്കാരം എത്തിയപ്പോള്‍ അത്ഭുതമായിരുന്നു ആദ്യം; പിന്നെ അമ്പരപ്പും- ഒടുവിലത് അഭിമാനത്തിന് വഴിമാറി. തനിക്കുലഭിച്ച ബഹുമതി ആദ്യം സമര്‍പ്പിച്ചത് രാഘവന് ആശാന്. കൂടെ കടത്തനാട്ടിലെ അങ്കത്തട്ടുകളില്‍ കളരിയുടെ സംരക്ഷണത്തിനായി കഷ്ടപ്പെടുന്ന ഗുരുക്കന്മാര്ക്കെല്ലാവര്ക്കും.
കളരിയടച്ചങ്ങിരിക്കുന്നത്
ചേകോന്മാര്ക്കൊട്ടും ചേര്ച്ചയല്ല
എന്ന വടക്കന്‍ പാട്ടിലെ ഓര്‍മ്മപ്പെടുത്തലോടെ.
ദീപ കര്‍മാര്‍ക്കര്‍
ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താരം ദീപ കര്‍മാര്‍ക്കര്‍. 2016 ലെ റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ദീപ മികച്ച പ്രകടനമാണ് നടത്തിയത്. 23-ാമത്തെ വയസ്സിലാണ് ഇവര്‍ പത്മശ്രീക്ക് അര്‍ഹയായത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ത്രിപുരയാണ് സ്വദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: