ചില വാര്‍ത്തകള്‍ കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ എന്തൊരു ആശ്വാസമാണ്; കുളിര്‍മയാണ്. ഭൂമിയില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും ഉറവകളൊക്കെ ഒന്നൊന്നായി വറ്റിവരളുന്ന സമയത്ത് തീര്‍ത്ഥസമാനമായ ഒരനുഭവം മുമ്പില്‍ വന്നുപെട്ടാലോ? സ്ഥിതിയൊന്നു സങ്കല്പിച്ചു നോക്കൂ. മനസ്സില്‍ നന്മയുടെ ഒരു സ്നിഗ്ദ്ധ പ്രവാഹം തന്നെയല്ലേ ഉണ്ടാവുന്നത്. അത്തരമൊരു വാര്‍ത്തയാണ് നമ്മുടെ ദേശീയദിനപത്രത്തിന്റെ ഒന്നാം പേജ് സമൃദ്ധമാക്കിയിരിക്കുന്നത്. തലക്കെട്ട് ഇങ്ങനെ: ചെമ്മാപ്പിള്ളിയില്‍ പാഠം ഒന്ന് ‘നന്മക്കുടുക്ക’. അവിടത്തെ എഎല്‍പി സ്കൂളിലെ കുട്ടികളാണ് നന്മക്കുടുക്കയുമായി രംഗത്തുവരുന്നത്.
അവരുടെ ഒരു സഹപാഠി റിഗിന്‍സ് എന്ന നാലാം ക്ലാസുകാരന് തൊഴുത്തിലാണ് അന്തിയുറങ്ങുന്നതെന്ന് അടുത്തിടെയാണ് അറിയുന്നത്. അവര്‍ക്കത് സഹിക്കാവുന്നതായിരുന്നില്ല. അവനൊരു വീടുപണിതു കൊടുക്കാന്‍ എങ്ങനെ കഴിയുമെന്ന കൊച്ചുചിന്ത വളര്‍ന്നു വളര്‍ന്ന് പൂമരമാവാന്‍ പോവുകയാണ്. സ്കൂളിലെ പിടിഎ തികച്ചും വ്യത്യസ്തമായ ഒരു പദ്ധതി ആവിഷ്കരിച്ചു. ഓരോ കുട്ടിക്കും ആവുന്ന പണം നിക്ഷേപിക്കാന്‍ ഒരു കുടുക്ക നല്കി. അതിലെ നിക്ഷേപം ഒടുവില്‍ നല്ലൊരു സംഖ്യയാവുമെന്ന് തന്നെയാണ് പ്രതീക്ഷ. സഹപാഠിക്കൊരുപിടി മണ്ണ് എന്ന പേരിലാണ് ഗൃഹനിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നത്. പിടിഎ പ്രതിനിധികളും അധ്യാപകരും കുട്ടികള്‍ക്ക് കുടുക്ക നല്കുന്ന ചിത്രവും സജീവമായ വാര്‍ത്തയും ജന്മഭൂമി (തൃശൂര്‍ പതിപ്പ്, ഫെബ്രു.09)യില്‍. നന്മയുടെ പൂമരക്കൊമ്പുപോലെ മറ്റു വാര്‍ത്തകള്‍ക്കിടയില്‍ അത് തിടംവെച്ചു തുള്ളുകയാണ്.
ചെമ്മാപ്പിള്ളിയില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത ഉയര്‍ന്നുവരുന്നതില്‍ അത്ഭുതമില്ല. കാരണം നന്മയുടെയും കരുതിവെയ്പ്പിന്റെയും സ്നേഹത്തിന്റെയും വിളനിലമാണ് ചെമ്മാപ്പിള്ളി. ആനേശ്വരത്തപ്പന്റെ കളിത്തട്ടായ, കരീംക്കയെന്ന സ്നേഹസമൃദ്ധവ്യക്തിത്വത്തിന്റെ കര്‍മ്മഭൂമിയായ, ശ്രീരാമന്‍ചിറയില്‍ സേതുബന്ധനത്തിന്റെ പൈതൃക ധന്യസംസ്കാരം ഓരോ വര്‍ഷവും വര്‍ണപ്പകിട്ടോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന യാഗധന്യഭൂമിയാണത്. അതിന്റെ ഗരിമയും മഹിമയും അവിടുത്തെ ഓരോരുത്തരിലും തുടിച്ചുനില്ക്കുന്നു.
ആ പൊലിമയെപ്പറ്റി അറിഞ്ഞും കേട്ടും അവിടെയെത്തുന്നവര്‍ അനേകം. അതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നവര്‍ക്കെതിരെ വായിട്ടലച്ചയാളുടെ നാക്കുപോലും പൊങ്ങാതായ അനുഭവം ആരും പറഞ്ഞറിഞ്ഞതല്ല. കാലികവട്ടത്തിന് തന്നെ ബോധ്യപ്പെട്ടതാണ്. അതായത് നന്മക്കെതിരെ കുടിലബുദ്ധിയുടെ ചൂണ്ടക്കൊളുത്തുമായി വരുന്നവന് ചെറിയൊരു തട്ടുകൊടുക്കാന്‍ ആനേശ്വരത്തപ്പന്‍ തയ്യാറാവുന്നത് എന്തുകൊണ്ടാണെന്നറിയുമോ? സ്നേഹമുകുളങ്ങള്ക്കു മുകളില്‍ ഒരിക്കലും തിളച്ചവെള്ളം വീഴാതിരിക്കാന്‍. ഒരിക്കല്‍ അങ്ങനെ വീണാല്‍ പിന്നെ മുള പൊട്ടലില്ല. ആര്‍ദ്രത ഊഷരതയിലേക്കു കൂപ്പുകുത്തും; അതില്ലാതാക്കാന്‍ ആനേശ്വരത്തപ്പന്‍ സദാ സര്‍വഥാ ജാഗ്രതയിലാണ്. അവിടത്തുകാരുടെ ഐശ്വര്യത്തിന്റെ മുഖപ്രസാദവും അതുതന്നെ.
കുട്ടികളെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തിയാലേ സമൂഹം അനുതാപത്തിന്റെ ക്രിയാത്മക വഴിയിലൂടെ ചരിക്കുകയുള്ളൂ. അങ്ങനെ ചരിക്കാത്തതിന്റെ എത്രയെത്ര ദുരന്തചിത്രങ്ങളാണ് നമുക്കുമുമ്പിലുള്ളത്. ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? അധ്യാപനത്തില്‍ നിന്ന് പിരിയുന്ന നേരത്ത് മനസ്സ് നിറഞ്ഞ് ശിഷ്യരെ അനുഗ്രഹിക്കാന്‍ ഒരു ഗുരുനാഥ കലാലയ മുറ്റത്തേക്കിറങ്ങുമ്പോള്‍ കണ്ടതെന്താ? തന്റെ കുഴിമാടമെന്ന പേരില്‍ മണ്ണട്ടിയുണ്ടാക്കി അതില്‍ റീത്തുവെച്ചത്! മറ്റൊരു ഗുരുനാഥയുടെ ഇരിപ്പിടം തന്നെ ചുട്ടെരിച്ചത്! വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലകന്മാരായ ശിഷ്യരുടെ മുമ്പില്‍ ജയകൃഷ്ണന് എന്ന ഗുരുനാഥനെ തുണ്ടംതുണ്ടമാക്കിയത്! നേര്‍വഴിക്കു നയിക്കാന്‍ സകലതും വാരിക്കോരി കൊടുത്ത എത്രയെത്ര ഗുരുവര്യന്മാരുണ്ടായിരുന്നു.
എത്രയെത്ര ശിഷ്യരാണ് ഗുരുപരമ്പരകളുടെ ഓര്‍മ്മകള്‍ മനസ്സില്‍ പേറി ആഹ്ലാദത്തിന്റെ പൂക്കാലങ്ങളിലൂടെ ഉല്ലാസപൂര്‍വം കടന്നുപോയത്. അവര്‍ക്കൊക്കെ അങ്ങനെയുള്ള സംസ്കാരം കിട്ടാന്‍ കാരണം ബാല്യത്തില്‍ കടന്നുവന്ന സ്നേഹ ശാസനകളും പ്രോത്സാഹനങ്ങളും കൊച്ചു കൊച്ചു വാഗ്ദാനങ്ങളുമാണ്. കേട്ടിട്ടില്ലേ, ഒരു പൂവ് ചോദിക്കൂ ഒരു വസന്തം തരാം എന്ന സഹകരണബാങ്കിന്റെ പഴയ പരസ്യവാക്യം. അതുപോലെയാണ് നമ്മുടെ ചെമ്മാപ്പിള്ളി എഎല്‍പി സ്കൂളിലെ കുട്ടികളുടെ മനസ്സും. അവരുടെ ഗുരുനാഥന്മാരും രക്ഷിതാക്കളും നാട്ടുകാരും അവരോട് ഒരു പൂവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംശയമില്ല ഒരു പൂക്കാലം തന്നെ അവര്‍ തിരിച്ചു നല്‍കും അവരെ അറിവിന്റെ ആറാം തമ്പുരാക്കന്മാരാക്കാന് ഭഗീരഥ പ്രയത്നം ചെയ്യുന്ന ഗുരുനാഥന്മാര്ക്ക്! ഹെഡ്മിസ്ട്രസ് സുഷമ ടീച്ചര്‍, പിടിഎ പ്രസിഡന്റ് ഇ.പി. ഹരീഷ്, വാര്‍ത്ത യഥാസമയം എത്തിച്ചുകൊടുക്കുന്ന സാമൂഹിക പ്രവര്ത്തകന് ഗിരീഷ് എന്നിവര്‍ക്ക് കാലികവട്ടത്തിന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ.
മാതൃഭൂമി, മലയാള മനോരമ, കേരളകൗമുദി, ദീപിക, മംഗളം, മെട്രോ വാര്‍ത്ത, ദേശാഭിമാനി, ജനയുഗം, സുപ്രഭാതം, മാധ്യമം, ദൃശ്യമാധ്യമങ്ങളായ ഓര്‍ബിറ്റ്, എസിവി എന്നിവരും ആ വാര്‍ത്തയ്ക്ക് നല്ല പ്രാധാന്യം കൊടുത്തു. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. റിഗിന്‍സിനു വീടുവെച്ചുകൊടുക്കുന്നതിലും ആനേശ്വരത്തപ്പന്റെ കൈത്താങ്ങ്! ആനേശ്വരം ശിവക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ ഹരീഷും എഎല്‍പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാസെക്രട്ടറിയായ ശ്രീജിയും ഈ ഗൃഹനിര്‍മ്മാണത്തിന്റെയും ഭാരവാഹികളാണ്. തൃപ്രയാറിലെ ഗസ്റ്റാള്‍ട്ട് അക്കാദമി മറ്റൊരു തരത്തിലാണ് ഇതില്‍ പങ്കാളിയാവുന്നത് വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കായി നീക്കിവെച്ച സംഖ്യ അവര്‍ ഗൃഹനിര്‍മ്മാണത്തിന് സന്തോഷപൂര്‍വം നല്‍കുകയാണ്.
പ്രകാശന്, പ്രസൂണ്‍ എന്നീ അദ്ധ്യാപകരാണ് സുഷമ ടീച്ചറെയും ബിന്ദു ടീച്ചറെയും തുക ഏല്‍പ്പിച്ചത്. ലോ അക്കാദമിയിലെ സംഭവഗതികള്കണ്ട് മനം മടുത്തവര്‍ക്ക് ഈ വാര്‍ത്ത നല്കുന്ന ആശ്വാസം എത്രയെന്ന് പറയാനാവുമോ? ജന്മഭൂമിയുടെ പ്രാദേശിക ലേഖകനായിരുന്ന ഗിരീഷിനെ ഇവിടെ പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ. ആനേശ്വരത്തപ്പനെയും അവിടെ സമര്‍പ്പണബുദ്ധ്യാ പ്രവര്‍ത്തിക്കുന്ന കരീംക്കയെയും പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചത് ഗിരീഷാണ്. മലയാള മനോരമയില്‍ ആ വാര്‍ത്ത ഒന്നാംപുറത്ത് ഇടം പിടിക്കുകയും ചെയ്തു.
***********
തോറ്റസമരത്തിലെ വിജയിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയുമുണ്ട്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചതായാണ് നാട്ടുകാരൊക്കെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ നമ്മുടെ ചില പിള്ളാര് പറയുന്നത് അത് തോറ്റ സമരമാണെന്നാണ്. ഈ പിള്ളാരെ നിങ്ങളൊക്കെ നന്നായി അറിയും. നമ്മുടെ ഇരട്ടച്ചങ്കന്റെ ചോറ്റുപട്ടാളം. ഉമ്മറത്ത് നേരെ ചൊവ്വെ ഇലയിട്ട് സദ്യയുണ്ണാന്‍ അവസരമിരിക്കെ അടുക്കളവഴി പോയി കിട്ടിയത് വാരിത്തിന്ന് ചിറിതുടച്ചു പോയ സംഘം. അവര്‍ മതില്‍ചാടിക്കടന്ന് നാല്ക്കവലയിലെത്തിയപ്പോഴാണ് മാന്യന്മാര് ഉമ്മറത്തിരുന്ന് സദ്യയുണ്ട് നേരായ വഴിയിലൂടെ പോവുന്നത് കണ്ടത്. പിന്നെ എന്തോ ചെയ്യും. ദേ കള്ളന്മാര്, കള്ളന്മാര് എന്നാര്‍ത്തുവിളിച്ച് സ്വയം പരിഹാസ്യരാവുക തന്നെ. ലോ അക്കാദമിയിലും സംഭവിച്ചത് അതുതന്നെയെന്ന് നിങ്ങള്‍ക്കു തോന്നുന്നില്ലേ? മേപ്പടി പിള്ളാരെ താങ്ങിനിര്‍ത്താന്‍ നമ്മുടെ നേര് നേരത്തെ അറിയിക്കുന്ന ഒരു പത്രമുള്ളതിനാല്‍ പിന്നെയൊന്നും നോക്കാനില്ലല്ലോ. അതുകൊണ്ടാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്, തോറ്റസമരത്തിലെ വിജയികളെക്കുറിച്ച്. തങ്ങള്‍ തോറ്റസമരത്തില് വിജയിച്ചത് മറ്റുള്ളവരാണെന്ന് പറയാന്‍ ഇത്തിരി വിഷമമുള്ളതിനാല്‍ ഇമ്മാതിരി സമരങ്ങള്‍ ഇനിയും വരുമെന്ന മുന്നറിയിപ്പോടെ നന്ദി, നമസ്കാരം.
നേര്‍മുറി
സംസ്ഥാനത്തെ എഴുത്തുകാരുടെ നാവറുക്കുന്നതിനു മുന്‍പ് ഓരോരുത്തരും സ്വന്തം നാവ് ഇന്‍ഷൂര്‍ ചെയ്യേണ്ട ഗതികേടില്‍.
-എം. മുകുന്ദന്
(മലയാള മനോരമ, ഫെബ്രു. 10)
നിങ്ങള്‍ക്ക് എന്തിനെക്കുറിച്ചുമെഴുതാം, എന്തു വേണമെങ്കിലുമെഴുതാം. പക്ഷേ, ഒരു രാഷ്ട്രീയപ്രസ്ഥാനമുണ്ടാക്കാനാണ് നിങ്ങള്‍ എഴുതുന്നതെങ്കില്‍ അത് പ്രശ്നമാണ്. എഴുത്തുകാരന് എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. വായനക്കാര്‍ക്ക് അത് വേണമെങ്കില്‍ വായിക്കാം, വേണ്ടെങ്കില്‍ വലിച്ചെറിയാം. പക്ഷേ, നിങ്ങളെഴുതുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ അതിനെയെതിര്ക്കുന്നവര് രംഗത്തിറങ്ങും. സാഹിത്യവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്.
-സദ്ഗുരു ജഗ്ഗിവാസുദേവ്
(മാതൃഭൂമി നഗരം, ഫെബ്രു.10)
പ്രതികരിക്കാൻ ഇവിടെ എഴുതുക: