താനും ദിവസങ്ങള്‍ക്കു മുമ്പ് പത്രത്തിലെ ചരമ കോളത്തില്‍ സുകുമാരന്‍ വാലത്തിന്റെ ചിത്രം കണ്ടപ്പോള്‍ ഏറെ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. വി.വി. സുകുമാരന്‍ എന്ന സുകുമാരന്‍ വാലത്തിനെ ഞാന്‍ അവസാനമായി കണ്ടത് 1970 ല്‍ ജൂലൈയിലോ ആഗസ്റ്റിലോ ആയിരുന്നിരിക്കണം. പിന്നീടു അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയാന്‍ സാധിച്ചില്ല. അദ്ദേഹം ഒരു കാലത്ത് എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ഒക്കെ ആയിരുന്നുവെന്നു പഴമക്കാരില്‍ എത്രപേര്‍ ഓര്ക്കുന്നുവെന്നറിയില്ല. പുതുതലമുറക്കാര് അറിയാനും വഴിയില്ല. ഇദ്ദേഹത്തെ ഞാന്‍ കാണുന്നത് 1968 കാലത്താണ്. അന്ന് ഞാന്‍ സ്കൂളില്‍ താഴ്ന്ന ക്ലാസില്‍ പഠിക്കുന്നു. എന്റെ ജ്യേഷ്ഠന്റെ സഹപാഠി എന്ന നിലയ്ക്കാണ് അദ്ദേഹം തൃശ്ശൂരിലെ ഞങ്ങളുടെ വീട്ടില്‍ പതിവായി വന്നിരുന്നത്.
ഇരുവരും കേരള വര്‍മയിലെ ബിഎസ് സി വിദ്യാര്‍ത്ഥികള്‍.ജ്യേഷ്ഠന് ടി. അശോകന് അന്ന് എബിവിപിയുടെ ആദ്യത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. വിവിഎസ് കോളേജ് യൂണിറ്റ് സെക്രട്ടറിയോ പ്രസിഡന്റോ ആയിരുന്നു എന്നാണ് ഓര്‍മ്മ. 1969 ജനുവരിയില്‍ കോളേജില്‍ ക്ഷണിതാവായി പ്രസംഗിക്കാന്‍ വന്ന ചിന്മയാനന്ദ സ്വാമിയെ കെഎസ്എഫുകാര്‍ (എസ്എഫ്ഐയുടെ മുന്‍ഗാമികള്‍) തടയുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്നത്തെ എബിവിപി സംസ്ഥാന സംഘടന സെക്രട്ടറിയും കേരള വര്‍മയിലെ ഇംഗ്ലീഷ് ലക്ചററുമായിരുന്ന പി. രാമചന്ദ്രന് മാസ്റ്ററും (പിന്നീട് വിഎച്ച്പിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ ഉപാധ്യക്ഷനുമൊക്കെയായിരുന്ന പുത്തെഴത്ത് രാമചന്ദ്രന് മാസ്റ്റര്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകനും കൊച്ചിയില്‍ ഒരു മീറ്റിങ്ങിനു പോയതിനാല്‍ ക്യാമ്പസില്‍ ഇല്ലാത്ത ദിവസം. പക്ഷെ, വിവിഎസ് ധീരമായ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനാല്‍ സ്വാമിയെ ദേഹോപദ്രവം ഏല്പിക്കാന് അന്നത്തെ കെഎസ്എഫ് നേതാവായിരുന്ന രാജേന്ദ്രനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. വിവിഎസ് എബിവിപിക്കാരെയും സ്വയംസേവകരേയും ചേര്‍ത്ത് കൈകോര്‍ത്തു പിടിച്ച് ഒരു വലയം തീര്‍ത്തു സ്വാമിജിയെ അതിനുള്ളിലാക്കി കാറിലേക്ക് കയറ്റി.
കോളേജ് സ്ഥിതിചെയ്യുന്ന കാനാട്ടുകര പ്രദേശം ഇന്നത്തെ പോലെയല്ല ആ കാലത്ത്. സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും അവിടെ ഇല്ല. ഒരു കോണ്‍ഗ്രസ് കുടുംബം. ഞങ്ങളുടെതടക്കം രണ്ടു ആര്‍എസ്എസ് കുടുംബങ്ങള്‍. തൃശ്ശൂരിലെ ഏറ്റവും മുതിര്‍ന്ന സ്വയംസേവകരില്‍പെട്ട അമ്മാത്ത് ഉണ്ണികൃഷ്ണന്, അദ്ദേഹത്തിന്റെ സഹോദരന് പ്രഭാകരന് എന്നിവരായിരുന്നു മറ്റൊരു കുടുംബം. പിന്നെയെല്ലാം സിപിഎം. കോളേജ് യൂണിയന് ഭരിക്കുന്ന കെഎസ്യുക്കാര് അന്ന് ക്യാമ്പസ്സിനു പുറത്തു ഭയന്ന് നടന്നിരുന്ന കാലത്താണ് വിവിഎസ് ധീരമായ നടപടി എടുത്തത.് പിന്നീട് ഈ പ്രശ്നത്തോടനുബന്ധിച്ചു ഘോരമായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്നു. 1948 ലും (തിരുവനന്തപുരം) 1952 ലും (ആലപ്പുഴ) സര്‍സംഘചാലക് ശ്രീ ഗുരുജിയുടെ നേര്‍ക്ക് നടന്ന ആക്രമണോദ്യമത്തിനു ശേഷമുള്ള കേരളത്തിലെ, ആദ്യത്തെ സിപിഎം-ആര്‍എസ്എസ് ഏറ്റുമുട്ടല്‍.
1968 ല്‍ തളിക്ഷേത്ര വിമോചന സമരം നടക്കുമ്പോള്‍ എബിവിപി സംസ്ഥാന വ്യാപകമായി ക്ഷേത്ര നിര്മ്മാണത്തിനനുകൂലമായി വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ചു. അത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഇഎംഎസ്സിനു സമര്‍പ്പിക്കാന്‍ പോയപ്പോള്‍ അശോകന്റെ കൂടെ വിവിഎസ്സും ഉണ്ടായിരുന്നു. ജ്ഞാനാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരിയില്‍ വ്യാസ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജില്ലാ പ്രചാരാക് സി.പി. ജനേട്ടന്റെ നേതൃത്വത്തില്‍ സംഘം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെട്ടിട നിര്‍മ്മാണത്തിന്റെ ധനശേഖരണം നടത്താന്‍ ടി. അശോകനും വി.വി. സുകുമാരനും ഉള്‍പ്പെട്ട എബിവിപി സംഘം ടാക്സി കാര്‍ വിളിച്ചു കേരളം മുഴുവന്‍ ലോട്ടറി ടിക്കറ്റ് വില്ക്കാന് നടന്നതും ഓര്‍ക്കുന്നു.
തുടര്‍ന്ന് വിവിഎസ് 1969-70 കാലത്ത് എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയും കുറച്ചുകാലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അന്ന് ഞാന്‍ എബിവിപിയുടെ തൃശൂര്‍ ജില്ല കമ്മിറ്റി അംഗമായിരുന്നു, ഹൈസ്കൂള്‍ വിഭാഗത്തിലെ പ്രതിനിധി എന്ന നിലയില്‍. പ്രൊഫ. പദ്മനാഭ ആചാര്യ ദേശീയ അധ്യക്ഷന്‍ (ഇന്ന് നാഗാലാന്റ് ഗവര്‍ണര്‍). അന്ന് അദ്ദേഹം തൃശൂര്‍ ജില്ലാസമ്മേളനത്തില്‍ പങ്കെടുത്തതും ഓര്‍ക്കുന്നു.
ആ കാലത്ത് ഞങ്ങള്‍ എറണാകുളത്തേക്ക് താമസം മാറ്റി. 1970 ഏപ്രിലില്‍ എറണാകുളത്ത് ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു. അടല്‍ജി, ഗ്വാളിയോര്‍ രാജമാത എന്നിവര്‍ അതില്‍ പങ്കെടുത്തു. അതിനോട് അനുബന്ധിച്ച് ടൗണ്‍ ഹാളില്‍ നടന്ന യുവജന സമ്മേളനത്തിന്റെ കണ്‍വീനറായി വിവിഎസ് നിയോഗിക്കപ്പെട്ടു. അടല്‍ജി ഉദ്ഘാടനം ചെയ്ത ആ പരിപാടിയില്‍ അദ്ദേഹത്തെ ഒന്നുകാണാനായി ഞാന്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ഒരു ‘കുട്ടി യുവജനക്കാരനെ’ അടല്‍ജിയും കൗതുകത്തോടെ നോക്കിയത് ഞാന്‍ ഓര്‍ക്കുന്നു.
സമ്മേളനത്തില്‍വെച്ച് ജനസംഘത്തിനു കേരളത്തില്‍ ഒരു യുവജന വിഭാഗം പ്രഖ്യാപിച്ചു: ”ദേശീയ യുവജന വേദി.” സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത് വിവിഎസ്സിനെ. (സമ്മേളനത്തിന് മുമ്പ് ആദ്യം യുവജന സമ്മേളനം കണ്‍വീനറായി നിയോഗിക്കപ്പെട്ടത് തിരുവനന്തപുരത്തുകാരനായ ഒരു എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഒരു മുരളീധരന് ആയിരുന്നു. അദ്ദേഹം 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തില്‍ അടല്‍ജിയുടെ പ്രമേയത്തിനു ഭേദഗതി അവതരിപ്പിച്ചിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. ഏതായാലും പിന്നീടു അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. (അദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ അപേക്ഷ).
സംസ്ഥാന സമ്മേളനം കഴിഞ്ഞശേഷം വിവിഎസ് എറണാകുളം എംജി റോഡിലെ ജനസംഘം സംസ്ഥാന ഓഫീസില്‍ താമസിച്ചു കൊണ്ട് പ്രവര്‍ത്തനം തുടങ്ങി. ഇന്നത്തെ ബിജെപി ഓഫീസിന്റെ താഴെയായിരുന്നു അത്. ആ കാലത്ത് യുവജനവേദിയുടെ എറണാകുളം സിറ്റി സെക്രട്ടറി തമ്മനത്തെ രാമചന്ദ്രന് മാസ്റ്ററായിരുന്നു. സിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ചേരാനെല്ലൂരുകാരനായ ഒരു നന്ദകുമാര്‍ ആയിരുന്നു.
1970 ജൂലൈയിലോ ആഗസ്റ്റിലോ ഒരു ദിവസം വിവിഎസ്സിന്റെ ചേട്ടന് ഞങ്ങളുടെ വീട് അന്വേഷിച്ചു വന്നു. വീട്ടില്‍ വിവിഎസ് വരാറുണ്ടോ എന്ന് ചോദിച്ചു, അദ്ദേഹം ഒരു പ്രാവശ്യമേ വന്നിരുന്നുള്ളൂ എന്നതാണ് സത്യം. ചേട്ടന് ജനസംഘം ഓഫീസില്‍ ചെന്ന് അനിയനെ കണ്ടുപിടിച്ചു. വീട്ടില്‍ നിന്നും പറയാതെ സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ അനിയനെ അദ്ദേഹം നിര്‍ബന്ധിച്ചു വീട്ടിലേക്കു കൊണ്ടുപോയി. പോകുന്ന വഴിക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിവിഎസ് അപ്രത്യക്ഷനായി എന്ന് പിന്നീടു കേട്ടു. പിന്നീട് നാട്ടിലെ സുഹൃത്തുക്കള്‍ ആരും തന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. അന്തരിച്ച സിപി ജനെട്ടന്‍ എങ്ങനെയോ അദ്ദേഹത്തെ കണ്ടെത്തി.. അദ്ദേഹം രാജസ്ഥാനില്‍ ഒരു ബാങ്കില്‍ ജോലി ചെയുന്നു എന്ന് വിവരം കിട്ടി. അവര്‍ തമ്മില്‍ ബന്ധം തുടര്‍ന്നു.
പക്ഷെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നത്രേ. വേറെ ആര്‍ക്കും അഡ്രസ്സും വിവരവും കൊടുക്കരുത് എന്ന്. ജനെട്ടന്‍ വാക്കുപാലിച്ചു. അദ്ദേഹവും കുറച്ചു വര്‍ഷം മുമ്പ് മരിച്ചു. അങ്ങിനെ വിവിഎസ് ഒരു സൂചനയും തരാതെ എവിടെയോ ജീവിച്ചു. ചേട്ടന് വിളിച്ചപ്പോള്‍ പോവാന്‍ തോന്നിയതുകൊണ്ടുള്ള കുറ്റബോധം ആണത്രേ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു നിലപാട് എടുപ്പിച്ചത്.
മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കെ.ജി. വേണുവേട്ടനെ അറിയിച്ചു. വിവിഎസ് താമസിച്ചിരുന്നത് എറണാകുളത്തെ ഒരു വൃദ്ധസദനത്തിലായിരുന്നു എന്ന് പത്രത്തില്‍ കണ്ടു. വേണുവേട്ടന് അവിടെ വിളിച്ചപ്പോള്‍ അറിഞ്ഞതു വിവിഎസ് കഴിഞ്ഞ എട്ടുവര്‍ഷമായി അവിടെ ഉണ്ടായിരുന്നു എന്നാണ്! എന്നാല്‍ ആര്‍ക്കും അറിയില്ലല്ലോ. അദ്ദേഹം ഒരു മാതൃകാ വ്യക്തിത്വമായിരുന്നു എന്ന് അവര്‍ പറഞ്ഞത്രെ. മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം ബാങ്ക് സുഹൃത്തുകള്‍ ഉണ്ടായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. വേണുവേട്ടനും വിവിഎസ്സിനെ അറിയില്ലായിരുന്നു.
അങ്ങനെ വര്‍ഷങ്ങളായി കാണാന്‍ ആഗ്രഹിച്ച വ്യക്തിയെ ഈ ജന്മം കാണാനാവില്ല എന്നുറപ്പായി. ജീവിതത്തിലെ ഓരോ നാള് വഴികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: