”ഇരുട്ട് കട്ടപിടിച്ചുവരികയാണ്
ഇരതേടുന്നവര്‍ സജീവം
ഇരകളേ ആരുണ്ട് കൂട്ടിന്
ഇടത്താവളങ്ങളിലും വേട്ടക്കാരാണല്ലോ”
എല്ലായിടത്തും ഇരുട്ടാണ്. 42 കൊല്ലം മുമ്പത്തെ പാതിരാത്രിയില്‍ തുടങ്ങിയ നിലവിളി ഇന്നും ആര്‍ത്തലച്ച് ഇടവഴികളിലൂടെയും ഊടുവഴികളിലൂടെയും ഓടുകയാണ്. കണ്ണീരിനും കാരുണ്യത്തിനും ഇടയിലേക്ക് കാരിരുമ്പിന്റെ കരുത്തുമായി ആരൊക്കെയാണ് കയറിവരുന്നത്? ഒന്നുമറിയാതെ ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നവര്‍ അറിയുന്നുണ്ടോ യഥാര്‍ത്ഥ ഫാസിസമെന്താണെന്നും എവിടെയൊക്കെയാണ് അത് ഉരുവം കൊണ്ടിരിക്കുന്നതെന്നും?
മഴയുടെ കനത്ത കാലടിയൊച്ചയ്ക്കൊപ്പം അടിയന്തരാവസ്ഥയെന്ന കരാളത ഒരു ജൂണ്‍ 25ന് പാതിരാത്രി കഴിഞ്ഞ ഉടനെയാണ് ഇന്ത്യാ മഹാരാജ്യത്തെ ഒന്നടങ്കം ഇരുമ്പൂകൂട്ടില് വിറപ്പിച്ചു നിര്‍ത്തിയത്. അതിന്റെ ഭീകരമായ ഓര്‍മ്മകളില്‍ ഇന്നും ചോരച്ചാലുകള്‍ ഒഴുകുന്നുണ്ട്.
കണ്ണീര് വറ്റിയ ഊഷരസ്ഥലികളുണ്ട്. സ്നേഹനിര്‍ഭരമായ വാത്സല്യങ്ങളില്‍ നിന്ന് എന്നേക്കുമായി മറഞ്ഞുപോയവരുണ്ട്. അവരെയൊക്കെ നാം പേര്‍ത്തുംപേര്‍ത്തും ഓര്‍ക്കണം. ആ ഓര്‍മകള്‍ ഇല്ലാതായാല്‍ നാമൊക്കെയും ഇല്ലാതാവും.
ശീതീകരണമുറിയിലെ സൗഭാഗ്യങ്ങള്‍ക്കിടയില്‍ നിന്ന് കശുവണ്ടിപ്പരിപ്പ് കൊറിച്ചും പെപ്സി മോന്തിക്കുടിച്ചും സഹിഷ്ണുതയെക്കുറിച്ചും ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഊറ്റം കൊള്ളുന്ന ന്യൂജന്‍ മാധ്യമശിങ്കങ്ങള് ഒന്ന് പിറകോട്ട് നോക്കണം.
മാധ്യമ മാടമ്പിമാരുടെ ഇച്ഛക്കൊത്ത് വാലാട്ടി നില്ക്കുന്ന അല്ലല്ല ഫെയിം കഷണ്ടിത്തലയന്മാരും പൊട്ടുകുത്തിയ മങ്കമാരും സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍, അക്രമിക്കാനായി മറ്റുള്ളവര്‍ക്ക് മുറിപ്പത്തലും വടിവാളും നല്കി രസിച്ചിരിക്കുമ്പോള് ഇതിന് തങ്ങള്‍ക്ക് എങ്ങനെ അവസരമുണ്ടായി എന്നു ചിന്തിക്കണം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഏതോ മൂലയില്‍ സാമൂഹിക ദ്രോഹികള്‍ നടത്തിയ പേക്കൂത്തിന്റെ പേരില്‍ നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും ചോരയ്ക്ക് ദാഹിക്കുമ്പോള്‍ അറിയണം 42 വര്‍ഷം മുമ്പ് ഈ ഇന്ത്യയില്‍ എന്തു നടന്നുവെന്ന്. വി.എം. കൊറാത്തില് നിന്ന് പത്രപ്രവര്‍ത്തനം വിനുവിലെത്തി നില്ക്കുമ്പോള് വസ്തുതാവിശകലനം വന്യതയായി മാറുകയാണ്.
അന്നത്തെ കാളരാത്രിയുടെ അനുഭവങ്ങള്‍ ഇത്തരം ന്യൂജന്‍ ശിങ്കങ്ങള്‍ക്ക് ഒരുപക്ഷേ, ഉണ്ടായിരിക്കില്ല. കാരണം അന്നവര്‍ ഉരുവം കൊണ്ട് വരുന്നതേയുള്ളു. എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച് ഗവേഷണപടുത്വം പോയിട്ട് അതിന്റെ നാലയലത്തു പോലും എത്തി നോക്കാന്‍ അത്തരക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ല.
മറിച്ച് ഗൂഗിളും നെറ്റും മറ്റ് മാര്‍ഗ്ഗങ്ങളും വഴി കിട്ടുന്നവയെ സ്ഥിരനിക്ഷേപമാക്കി തങ്ങള്‍ക്കിഷ്ടമില്ലാത്തവയെ തച്ചുതകര്‍ക്കുകയാണ്. ഒരു തരത്തില്‍ കങ്കാണിപ്പണി. ഇത്തരം കങ്കാണിമാര്‍ അറിയണം അടിയന്തരാവസ്ഥയെന്ന ഭീകരതയെക്കുറിച്ച്.
വസ്തുതയറിയാന്‍ തങ്ങള്‍ അങ്ങേയറ്റം വരെ പോകുമെന്നും അതിന് ഏതു ചോദ്യവും ചോദിക്കുമെന്നും മറ്റുമുള്ള പൊങ്ങച്ചങ്ങള്‍ ദയവായി എഴുന്നള്ളിക്കാത്തതാണ് നന്ന്. കാരണം നിങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ് പൊതുജനങ്ങള്‍.
ഏതായാലും അടിയന്തരാവസ്ഥയെക്കുറിച്ച്, അതെങ്ങനെ വന്നു, അതിന്റെ രീതികളെന്തായിരുന്നു, ആരായിരുന്നു അന്ന് ഉറഞ്ഞാടിയിരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലത്തോടെയുള്ള ഒരു പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നു. ജനഹൃദയങ്ങളില്‍ സ്നേഹസ്ഥാനമുള്ള അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയാണ് ഗ്രന്ഥകര്‍ത്താവ്.
പേര് ഇങ്ങനെ: അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികള്‍. ഭീകരതയും കൊടും ക്രൂരതയും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സ്വത്വത്തിന്റെ ആത്മാവിലേക്ക് ദംഷ്ട്രകള്‍ ഇറക്കിയപ്പോള്‍ ആരാണ് നെഞ്ചുറപ്പോടെ അതിനെ നേരിട്ടതെന്നും മറ്റുമുള്ള വിവരങ്ങള്‍ ഹൃദയസ്പൃക്കായി ശ്രീധരന്‍പിള്ള വിവരിക്കുന്നു.
അസഹിഷ്ണുത, ഫാസിസം തുടങ്ങിയ ലേബല്‍ ഒട്ടിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്ന പ്രസ്ഥാനവും മറ്റും അന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഒരുചോദ്യം പോലും ഉന്നയിക്കാന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഖദറുകാരും കാക്കിക്കാരും അന്ന് തോളോടുതോള്‍ ചേര്‍ന്ന് പൗരാവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ എപ്രകാരം വേട്ടയാടിയെന്നതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ഉത്തരേന്ത്യയെ പശുബെല്‍റ്റെന്ന് ആക്ഷേപിച്ചുതള്ളുന്ന പുത്തന്‍ രാഷ്ട്രീയ സംസ്കാരം കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ഥ്യങ്ങളിലേക്കും ഗ്രന്ഥം വെളിച്ചം വീശുന്നു. ആ പശുബെല്‍റ്റിന്റെ ഉദാത്തമായ ചെറുത്തു നില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയാവുമായിരുന്നു ഇരുണ്ട ഭൂഖണ്ഡം.
പുതുതലമറയ്ക്ക് ആത്മവിശ്വാസത്തോടെ കൈയില്‍ കരുതാന്‍ പറ്റിയ ഉത്തമഗ്രന്ഥമാണ് അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികള്‍. പക്ഷപാതിത്വത്തിന്റെ കണ്ണാടിയിലൂടെയല്ല ശ്രീധരന്‍പിള്ള പുസ്തകം രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആധികാരികമാണിത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും മറ്റും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഇടതുപക്ഷം അന്ന് എന്ത് നിലപാട് സ്വീകരിച്ചുവെന്ന് വ്യക്തമാണ്.
ഗ്രന്ഥത്തിന്റെ പ്രകാശന വേളയില്‍ ഇക്കാര്യം ചരിത്രപണ്ഡിതനായ എംജിഎസ് നാരായണന് വിശദീകരിക്കുകയുണ്ടായി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കൈയ്മെയ് മറന്ന് ഇരുട്ടിനെതിരെ നെഞ്ചുവിരിച്ചു നിന്നപ്പോള്‍ ഇടതുപക്ഷം അര്‍ധമനസ്സോടെ നിലകൊള്ളുകയായിരുന്നു.
സഹനസമരത്തിലൂടെ സമര്‍ഥമായ മുന്നേറ്റം നടത്താന്‍ അണികളോട് ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇപ്പോള്‍ അക്രമത്തിന്റെ വക്താക്കളായി ചിലര്‍ ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് പ്രകാശന വേളയില്‍ ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടുകയുണ്ടായി.
യാഥാര്‍ഥ ഫാസിസത്തിന്റെ തിറയാട്ടം നടന്നപ്പോള്‍ സുന്ദരമായി സുരക്ഷിതമാളത്തിലൊളിച്ചവരാണ് അന്നത്തെ സഹനസമര ഭടന്മാരെയും പ്രസ്ഥാനത്തെയും അവഹേളിക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ പോക്കില്‍ ആശങ്കയുണ്ടെന്ന് സൂചിപ്പിച്ചവരോട് വെളിച്ചത്തിന്റെ വഴി കാണാന്‍ തയാറാകാത്തതിന്റെ പ്രശ്നമാണതെന്ന് ഗ്രന്ഥകര്‍ത്താവ് വിശദീകരിച്ചു.
എന്നും ക്രിയാത്മക ന്യൂനപക്ഷമാണ്് മാറ്റത്തിന്റെ വക്താക്കളായി രംഗത്തുവരാറുള്ളത്. അവര്‍ എന്തെങ്കിലും നേട്ടത്തിനു വേണ്ടിയല്ല അതിന് ശ്രമിക്കാറ്. അതെങ്ങനെയെന്നതിന് ഉദാഹരണമാണ് ജസ്റ്റിസ് ഷായും ഏറാചെഴിയനും.
അടിയന്തരാവസ്ഥാ അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഷാ കേവലം ഒരു രൂപ പ്രതീകാത്മക പ്രതിഫലം പറ്റിയാണ് ദിവസം 18 മണിക്കൂര്‍ ജോലി ചെയ്ത് മൂന്ന് വോള്യമുള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. എന്നാല്‍ ആ റിപ്പോര്‍ട്ട് കത്തിച്ചുകളഞ്ഞുകൊണ്ട് അടിയന്തരാവസ്ഥാ ക്രൂരതകളെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു ഇന്ദിരാഗാന്ധിയെന്ന ഭരണാധികാരി.
അടുത്ത തലമുറയുടെ മുമ്പില്‍ അങ്ങനെയൊന്നുണ്ടാവരുതെന്ന ഫാസിസ്റ്റ് മനോഭാവം വിജയിക്കുകയായിരുന്നു. എന്നാല്‍ തന്റെ 88-ാമത്തെ വയസ്സില്‍ അതീവ ദുഷ്കരമായ പ്രവര്‍ത്തനങ്ങളിലൂടെ ഷാകമ്മീഷന് റിപ്പോര്‍ട്ട് വീണ്ടെടുത്തു ഒരു മനുഷ്യന്.
ആസ്ട്രേലിയയിലെ നാഷണല്‍ ലൈബ്രറിയിലായിരുന്നു അതിന്റെ കോപ്പിയുണ്ടായിരുന്നത്. ദൈവതുല്യനായ അദ്ദേഹത്തിന്റെ പേര് ഏറാചെഴിയന്. ഈ മാസം ആദ്യം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ക്രിയാത്മക ന്യൂനപക്ഷം എങ്ങനെയാണ് ചരിത്രം രചിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണിത്.
അജണ്ടാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം നടത്തുന്ന ന്യൂജന്‍ പത്രാധിപശിങ്കങ്ങളേ ദയവായി ഏറാചെഴിയന് എന്ന മനുഷ്യ സ്നേഹിയുടെ നാമധേയം മനസ്സില്‍ നമിച്ച് അലറിത്തുള്ളുക. ഇടയ്ക്കിടെ അടിയന്തരാവസ്ഥ; ഇരുട്ടിന്റെ നിലവിളികള്‍ എന്ന പുസ്തകത്തിന്റെ പേജൊന്ന് മറിച്ചു നോക്കുക. എവിടെയാണ് ഫാസിസം ഫണമുയര്‍ത്തി നില്‍ക്കുന്നതെന്ന് നന്നായി മനസ്സിലാകും.
അന്ന് ഖദറും കാക്കിയും ഒന്നിച്ച് ഉറഞ്ഞാടിയെങ്കില് ഇപ്പോള്‍ ഖദറിന്റെ സ്ഥാനത്ത് ചെങ്കൊടിയാണെന്ന വ്യത്യാസമേയുള്ളു. ഇനി ഈ പുസ്തകത്തിന്റെ അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍ കുറിച്ചിട്ട രണ്ടുവരി കണ്ടാലും: അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊടും ഭീകരതയുടെയും അതിനെതിരെ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും ചരിത്രം നിഷ്പക്ഷമായി പുനരവലോകനം ചെയ്യുകയാണ്, ഗ്രന്ഥകാരന്.
അത് ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെയുള്ള ഒരു താക്കിതാണ്; അതോടൊപ്പം ഏറ്റവും തിക്തമായ അനുഭവങ്ങളുടെ ഓര്‍മപ്പെടുത്തലും. ആ ഓര്‍മകള്‍ എന്നും നമ്മില്‍ ഉണര്‍ന്നിരിക്കട്ടെ. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 274 പേജ്, 275 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: