കഥകളിയിലെ ചുവന്ന താടി വേഷങ്ങള്‍ ‘വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍’ ആണ്. നായകത്വം പൊലിപ്പിച്ചു കാണിക്കാന്‍ പച്ച വേഷങ്ങളാല്‍ കൊല്ലപ്പെടുന്നവരാണ് ചുവന്ന താടി കെട്ടുന്ന കൊടുംവില്ലന്മാര്‍.
എന്നിരുന്നാലും, അവരുടെ അരങ്ങത്തേയ്ക്കുള്ള പ്രവേശനവും, തിരശ്ശീലയ്ക്ക് പുറകിലെ ഇടയിളക്കങ്ങളും, കൂസലില്ലാത്ത അലര്‍ച്ചകളും എന്നും ആസ്വാദകര്‍ കാത്തിരിക്കുന്നവയാണ്. ഒരു കഥ അരങ്ങത്ത് കളിക്കുന്നുണ്ടെങ്കില്‍ നായകനായ പച്ചവേഷം ആര് എന്നതിനൊപ്പം ഉയരുന്ന ചോദ്യമാണ് വില്ലനായ ചോന്നാടി ആര് എന്നത്.
ലോകധര്‍മ്മി പ്രധാനമായ ചോന്നാടി വേഷങ്ങളെ ഒരു കാലത്ത് രണ്ടാംകിട വേഷങ്ങളായാണ് കണ്ടിരുന്നത്. ചോന്നാടി വേഷങ്ങള്‍ അങ്ങനെ തള്ളിക്കളയേണ്ടവയല്ലെന്നും, അരങ്ങില്‍ വീരത്വത്തിന്റെ മാറ്റൊലികള്‍ പൂര്‍ണ്ണമാകണമെങ്കില്‍ അവിടെ വില്ലത്തത്തിന്റെ സാന്നിധ്യം ഒട്ടും കുറയാതെ കിടപിടിച്ചു നില്‍ക്കേണ്ടതുണ്ടെന്നും തെളിയിച്ചതില്‍ പ്രാമുഖ്യം വഹിച്ചത് ചോന്നാടി ആചാര്യന് കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരം നേടിയ നിറവിലാണ് അദ്ദേഹം….
- ‘വധിക്കപ്പെടാന്‍ വിധിയ്ക്കപ്പെട്ടവര്‍’ എന്നാണ് ചോന്നാടിക്കാരെക്കുറിച്ച് പറയുന്നത്?
ചോന്നാടിക്കാര്‍ പൊതുവേ മരിച്ചു പോരുന്നവരാണ്. അരങ്ങത്തുനിന്നും ജേതാക്കളായി തിരിച്ചു പോരുന്നവര്‍ വളരെ വിരളമാണ് വീരഭദ്രന് പോലുള്ളവര്‍ മാത്രം. എന്റെ കുട്ടിക്കാലത്ത് കരീപ്ര ആശാന്റെ കളരിയില്‍ പഠിക്കുന്ന കാലത്ത് ചോന്നാടി എന്നൊരു പ്രത്യേക വേഷക്കാര്‍ ഇല്ല. പിന്നീടാണ് തടിമിടുക്കുള്ളവരെ ചോന്നാടി വിഭാഗത്തിലേക്ക് മാറ്റിവെച്ചത്. നെല്ലിയോടാശാന് രംഗത്ത് നിറഞ്ഞ് നിന്ന സമയത്താണ് ചോന്നാടി വേഷങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചത്. എന്നിരുന്നാലും, വധിക്കപ്പെടാന്‍ വിധിയ്ക്കപ്പെട്ടവര്‍ എന്നൊരു നിലയ്ക്കുതന്നെ കൂടുതലും ഞങ്ങളെ കണ്ടുവരുന്നു.
- കളരിയഭ്യാസത്തിന്റെ ഏതു ഘട്ടത്തിലാണ് ചുവന്ന താടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് തോന്നിയത്?
എല്ലാം നിയോഗം എന്നേ പറയാനാകൂ. 1964-65 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന കാലം. തെക്കന്‍ നാട്ടില്‍ നിന്നും വന്നെത്തിയവര്‍ ആണെങ്കിലും വടക്കന്‍ സമ്പ്രദായം പഠിക്കാന്‍ തന്നെയായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. സദനം കൃഷ്ണന് കുട്ടിയാശാന്‍ അന്ന് താല്കാലിക ജോലിയില്‍ ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്. അന്ന് ഒരു അരങ്ങില്‍ ബാലിവേഷം കെട്ടാന്‍ നിയോഗിക്കപ്പെട്ട നാണുനായര് ആശാന് വയ്യാത്ത ഒഴിവില്‍ ബാലി കെട്ടിയിട്ടായിരുന്നു ചോന്നാടി ആദ്യമായി കെട്ടിയത്. അന്നത്തെ ആ കളി കാണാന്‍ വന്ന കീഴ്പ്പടം കുമാരന് നായര്‍ ആശാന് പറഞ്ഞു, ‘ഇയാള്‍ ചിലപ്പോ ഇതുകൊണ്ട് ജീവിക്കുംട്ടോ’ എന്ന്. പക്ഷെ, എന്റെ ആശാന് എന്നോട് ‘എടാ, നീ ചോന്നാടിക്കാരന്‍ ആകരുത് ട്ടോ’എന്നെപ്പോഴും പറയുമായിരുന്നു. അന്ന് നാലാംതരം സ്ഥാനം പോലുമില്ലായിരുന്നു, ചോന്നാടി വേഷങ്ങള്‍ക്ക് . പക്ഷെ, ആ അരങ്ങോടെ ഞാന്‍ ചോന്നാടിക്കാരനായി. പിന്നീട്, കലാമണ്ഡലത്തില്‍ മൈനര്‍ ട്രൂപ്പ് ആഴ്ചക്കളിയില്‍ ദുര്യോധനവധത്തിലെ രണ്ടാം ദുശ്ശാസനന് കെട്ടി. അങ്ങനെ കുറ്റിച്ചാമരം (ചോന്നാടി വേഷങ്ങള്‍ തലയില്‍ വെക്കുന്ന കിരീടം) തലയില്‍ ഉറച്ചു.
- നാലാംതരം സ്ഥാനം പോലും കല്പിക്കപ്പെടാത്ത ചോന്നാടി വേഷങ്ങളില്‍ ഉറച്ചുപോയതുകൊണ്ട് സംതൃപ്തനാണോ?
സംതൃപ്തി ഉണ്ടോന്നോ? എനിക്കേതു നിമിഷവും അതെക്കുറിച്ച് ചിന്തിച്ചാല്‍ അഷ്ടകലാശം എടുക്കാനാ തോന്നുക. കാരണം, കഥകളി രംഗത്ത് ചോന്നാടി വേഷം കലാകാരന്മാര്ക്ക് ഒരു അന്തസ്സും, സ്ഥാനവും ഉണ്ടാക്കി കൊടുക്കാന്‍ എനിക്ക് സാധിച്ചു എന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ഇന്ന് ചോന്നാടിക്കാര്‍ എവിടെ ചെന്നാലും പച്ചവേഷക്കാരുടെ മാന്യത ലഭിക്കുന്നുണ്ട്. എനിക്ക് ലഭിച്ച ഈ പുരസ്കാരം പോലും ഈ തൊഴിലിനോട് ഞാന്‍ കാണിച്ച ആത്മാര്‍പ്പണം ഒന്നുകൊണ്ടു തന്നെയാണ്.
- ആക്കം, പൊക്കം, ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഒത്തൊരുമിക്കുന്ന താടിവേഷങ്ങളെക്കുറിച്ച്
ഈ പറയുന്ന ഘടകങ്ങള്‍ ഒത്തൊരുമിച്ചതുകൊണ്ടു മാത്രം താടിവേഷക്കാരന്‍ ആകില്ല. കളരിയടിസ്ഥാനം ആണ് ഏതൊരു കലാകാരനെയും പിന്നീട് വളര്‍ത്തുന്നത്. നെല്ലിയോടാശാന് എത്ര പൊക്കമുണ്ട്, എത്ര വണ്ണമുണ്ട്? അദ്ദേഹത്തിന്റേതുപോലെ ഇത്രയും രാക്ഷസീയമായ ഒരു ചോന്നാടി വേഷം ഉണ്ടാവില്ല. മേല്‍പ്പറഞ്ഞ താടിവേഷങ്ങള്‍ക്ക് വേണ്ടുന്ന ഈ ഘടകങ്ങള്‍ നൂറു ശതമാനവും ഒന്നിച്ച ഒരു കലാകാരനെ കണ്ടിട്ടുള്ളത് വെച്ചൂര്‍ രാമന്‍പിള്ളയാശാനെയാണ്. വളരെ സുന്ദരമായ മുഖം, നല്ല പല്ലുകള്‍, കണ്ണുകളും അങ്ങനെ തന്നെ. വേഷം കെട്ടി അരങ്ങത്ത് എത്തിയാല്‍ ഒരുമാതിരിപ്പെട്ടവരൊക്കെ ഞെട്ടും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍വച്ച് നരസിംഹം കെട്ടിയപ്പോള്‍ അണിയറയില്വെച്ച് ഇദ്ദേഹത്തെ കണ്ട് സാക്ഷാല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് പേടിച്ച്, അദ്ദേഹത്തിന്റെ കൈയ്യിലിരുന്ന ക്യാമറ താഴെ വീണു പൊട്ടിയ കഥയൊക്കെ പ്രശസ്തമാണ്. നാണുനായരാശാന്‍, ചമ്പക്കുളം പാച്ചുപിള്ളയാശാന്‍ ഇവരൊക്കെ ഇതുപോലെതന്നെ.
- ‘കളരിയഭ്യാസത്തിന്റെ പുരോഗതി മനസ്സില്‍ നിന്നും ശരീരത്തിലേയ്ക്കല്ല, മറിച്ച് ശരീരത്തില്‍ നിന്നും മനസ്സിലേക്കാണ്’ എന്ന് കീഴ്പ്പടം കുമാരന് നായര്‍ പറഞ്ഞിട്ടുണ്ട്. ഉഴിച്ചില്‍ പോലുള്ള കളരിയഭ്യാസ ഘടകങ്ങളെക്കുറിച്ച്?
കളരിയഭ്യാസത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. കലാമണ്ഡലത്തിലെ അന്നത്തെ അഭ്യസനരീതികളും കഠിനമായിരുന്നു. കാലത്ത് എണീറ്റയുടനെ എണ്ണയിട്ട് നൂറു തവണ ചാടണം. പിന്നെ, ഉഴിച്ചില്‍. ഉഴിച്ചില്‍ ചെയ്യുന്നവര്‍ മര്‍മ്മം , അതിന്റെ നിയമങ്ങള്‍ ഒന്നും അറിഞ്ഞിട്ടല്ല അത് ചെയ്യുന്നത്. ഒരിക്കല്‍ പൂമുള്ളി ആറാംതമ്പുരാന് ഉഴിച്ചില്‍ കണ്ടിട്ട് കുഞ്ചുനായരാശാനോട് പറഞ്ഞു ‘ആശാന്, ഈ കുട്ടികള്‍ ചാകാതെ രക്ഷപ്പെടുന്നത് ഈ മെഴുക്ക് ശരീരത്തില്‍ കിടക്കുന്നതുകൊണ്ടാ, കാരണം, ചവിട്ടുമ്പോള്‍ കാല് ഉറയ്ക്കില്ലല്ലോ’. പക്ഷെ, ഉഴിച്ചില്‍ കൊണ്ട് ഒരു അപകടവും ഇന്നേവരെ സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതം. എങ്കിലും, ഈ ഉഴിച്ചില്‍ മൂലമാണ് സലജ്ജോഹത്തിലെ ഇരുപ്പ്, കലാശങ്ങള്‍ എന്നിവ നല്ല രീതിയില്‍ സാധിക്കുന്നത്. ഞരമ്പ്, എല്ലുകള്‍ ഇതെല്ലാം നല്ല വഴക്കം വരും.
- അരങ്ങത്ത് ഏതാണ്ട് 4-5 കിലോ ഭാരം വരുന്ന കുറ്റിച്ചാമരം തലയിലേറ്റുമ്പോള്‍ എങ്ങനെ പൊരുത്തപ്പെടുന്നു?
ഏറ്റവും ഭാരക്കുറവ് കൃഷ്ണമുടിയ്ക്കാണ്. ഏറ്റവും ഭാരക്കൂടുതല്‍ കുറ്റിച്ചാമരത്തിനും. നെറ്റിയില്‍ ചുട്ടിത്തുണിയ്ക്ക് വെറും ഒരു വിരല്‍ക്കിട മുകളിലാണ് ഈ കുറ്റിച്ചാമരം കെട്ടിയുറപ്പിക്കുന്നത്. പിന്‍കഴുത്തിന്റെ ബലത്തിലാണ് കുറ്റിച്ചാമരം താഴെ വീഴാതെ ഉറച്ചു നില്‍ക്കുന്നത്. ഇതിനായി നല്ല പരിശീലനം സ്വായത്തമാക്കണം. ഒന്നുണ്ട്, ചോന്നാടിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ ഏറെ സാധ്യതയുണ്ട്.
- കഥകളിയുടെ പിതാവായ രാമനാട്ടത്തിന്റെ കാലം മുതല്ക്കേ പ്രശസ്തമാണ് ബാലി എന്ന കഥാപാത്രം. ഏതാണ്ട് അഞ്ഞൂറോളം ബാലിവേഷങ്ങള്‍ ചെയ്തിട്ടുള്ള അങ്ങ് അരങ്ങത്ത് ബാലിയുടെ ആ മനസ്സിനെ എങ്ങനെ ആവാഹിക്കുന്നു?
ബാലിയുടെ കാര്യത്തില്‍ ശ്രീരാമന് തികച്ചും അന്യായമാണ് ചെയ്യുന്നത്. ‘പുത്രരും അനുജരും തുല്യമല്ലോ’ എന്ന ശ്രീരാമന്റെ പദത്തിന്റെ സമയത്താണ് സുഗ്രീവന് തന്നെ ചതിച്ചു എന്ന് ബാലിയ്ക്ക് മനസ്സിലാവുന്നത്. ബാലിവേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ സംഭാവന എന്തെന്നാല്‍ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ രാവണനെ ഞാന്‍ ലങ്കയോടുകൂടി അവിടുത്തെ കാല്ക്കല് കൊണ്ട് വന്നു തരുമായിരുന്നല്ലോ തുടങ്ങിയ ആട്ടങ്ങള്‍ചെയ്യാറുണ്ട്. അന്ത്യനിമിഷങ്ങളില്‍ അരങ്ങത്തുള്ള എല്ലാവരെയും വികാരപാരവശ്യത്തോടെ മാറി മാറി നോക്കുന്ന രീതിയും അരങ്ങത്ത് അവലംബിക്കാറുണ്ട്.
- കാട്ടാളന്, ഭാരതമലയന്‍, ഖനകന്‍, മണ്ണാന്‍ തുടങ്ങിയ ലോകധര്‍മ്മി വേഷങ്ങള്‍?
തികച്ചും ലോകധര്‍മ്മിയായ വേഷങ്ങളാണ് ഇവ. നമുക്ക് ഇവയിലൂടെ നമ്മുടെ ആശയങ്ങള്‍ യഥേഷ്ടം പ്രയോഗിക്കാം. തെക്കുദേശങ്ങളിലാണ് ഇവയ്ക്ക് ജനകീയത ഏറെയുള്ളത്. മണ്ണാന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കുടുംബത്ത് നടക്കുന്ന പോലെ തികച്ചും സാധാരണ രീതിയിലാണ് അവതരിപ്പിക്കാറുള്ളത്. ഇതില്‍ പല വേഷങ്ങളും ഓയൂര്‍ രാമചന്ദ്രനോടൊപ്പമാണ് ചെയ്യാറുള്ളത്. ഞങ്ങള്‍ ഒന്നിച്ചു പല നൃത്തങ്ങളും ഇതിനായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
- എങ്ങനെയുള്ള അരങ്ങാണ് സ്വപ്നം
അങ്ങനെ ഒരു സ്വപ്നസാക്ഷാത്ക്കാരമാണ് കഴിഞ്ഞ മാസം തൃശ്ശൂരില്‍ നടന്ന ദക്ഷയാഗം. കൃഷ്ണന്‍കുട്ടിയാശാന്റെ വീരഭദ്രന്, വാര്യര്‍ ആശാന്റെ ദക്ഷന്, ബാലസുബ്രഹ്മണ്യന്റെ ശിവന് എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചപ്പോള്‍ നല്ലൊരു ടീം സ്പിരിറ്റ് അന്ന് ശരിക്കും അനുഭവപ്പെട്ടു. ആസ്വാദകര്‍ക്കും ആ കളി അനുഭവവേദ്യമായി എന്നാണ് മനസ്സിലായത്. അന്ന് ഏറെ ചാരിതാര്‍ത്ഥ്യം തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: