കവി നോവലിസ്റ്റാവുന്നത് വലിയ ദൂരംകടന്നല്ല. അതു പരസ്പരം ഒരു ഇഴുകലാണ്. കവിയില്‍ത്തന്നെ ഉള്ളതിനെ പുറത്തെടുക്കല്‍. കവിയും നോവലിസ്റ്റുമായ വേണു. വി.ദേശം പറയുന്നത് തന്നിലെ കവിയേയും നോവലിസ്റ്റിനേയുംകുറിച്ചു തന്നെ. വലിയ നോവലിസ്റ്റുകളായ ടോള്‍സ്റ്റോയിയേയും ഡെസ്റ്റോവ്സ്ക്കിയേയും വിശേഷിപ്പിക്കുന്നത് വിശ്വകവികളെന്നാണ്. വലിയ എഴുത്തുകരെല്ലാം വിശ്വ കവികളാണ്. മഹാകവി ടാഗോറിനെക്കുറിച്ചുള്ള ഒരു രചനയില്‍ ധ്യാനത്തിന്റെ പേനയില്‍ അക്ഷരങ്ങളുടെ മഷി നിറക്കുന്ന ഏകാന്തതയിലാണ് ഇപ്പോള്‍ വേണു. എഴുത്തു തുടര്‍ച്ചയില്‍ ക്ളാസിക്കുകളുടെ ആത്മാവുകള്‍ സ്പന്ദിക്കുന്ന വരപ്രസാദത്തിലാണ് ഈ ദേശക്കാരന്.
മലയാളത്തില്‍ വിവര്‍ത്തന സാഹിത്യം സമ്പന്നമാകുന്നതിന് വേണുവിന്റെയും കൂടി എഴുത്തു പങ്കിലാണ്. വേണുവിന്റെ വിവര്‍ത്തന ആസ്തിയില്‍ 11 നോവലുകളും3 ചെറുകഥകളും ഒരു യാത്രാവിവരണവുമുണ്ട്. ഡോസ്റ്റോവ്സ്ക്കിയുടെ മലയാള വിവര്ത്തകന് എന്നപേരിലാണ് വേണു അറിയപ്പെടുന്നത്. ഡോസ്റ്റോവ്സ്ക്കിയുടെ ആത്മാവു കൂടെയുള്ളയാള്‍ എന്നും പറയാം. ആ ആത്മാവ് ആവേശിച്ചതുകൊണ്ടാവണം വേണുവിന്റെ ആദ്യനോവല്‍ റഷ്യന്‍ ക്രിസ്തു ഡോസ്റ്റോവ്സ്ക്കിയെക്കുറിച്ചായത്. ഈ വിശ്വ എഴുത്തുകാരനിലൂടെയുള്ള ഓരോ വായനയും തീര്‍ഥാടനം ആയിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് ഡോസ്റ്റോവ്സ്ക്കിയെക്കുറിച്ചാണ്. ജീവിതത്തില്‍ ഒത്തിരി സഹനങ്ങളുടെ കുരിശു ചുമന്ന ഡോസ്റ്റോവ്സ്ക്കി വ്യസനങ്ങളുടെ വിശുദ്ധനായിരുന്നു. അങ്ങനെ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം റഷ്യന്‍ ക്രിസ്തുവായി. ജീവിതത്തക്കുറിച്ച് എഴുതണമെന്നായിരുന്നു ആദ്യം. അങ്ങനെ ജീവചരിത്രമെഴുതി. പിന്നെയാണ് ടെക്നിക് മാറ്റി നോവലാക്കിയത്. അപ്പോള്‍ കഥാപാത്രങ്ങളും മറ്റും മറ്റുമായി നോവലിന്റെ ചേരുവയാകുകയായിരുന്നു. നോവലായിമാറാനുള്ള വിധിയായിരുന്നു ജീവചരിത്രത്തിന്. റഷ്യന്‍ ക്രിസ്തു രണ്ട് പതിപ്പിറങ്ങി.
വേണുവിനെ ആവേശിച്ച മറ്റൊരു വിശ്വ കവിയാണ് ലിയോടോള്‍സ്റ്റോയി. അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവല്‍ പ്രിയപ്പെട്ട ലിയോ. ടോള്‍സ്റ്റോയിയുടെ വ്യക്തി ജീവിതത്തിലും എഴുത്തു ജീവിതത്തിലും ഉണ്ടായ തീവ്ര സങ്കീര്‍ണ്ണതകളാണ് നോവലില്‍. ഈ എഴുത്തുകാരുടെ രചനകളിലും മറ്റും മുങ്ങിക്കുളിച്ചിട്ടും ഇനിയും ആഴങ്ങള്‍ ബാക്കിയുണ്ടെന്നും താന്‍ മേല്‍തട്ടില്‍ കിടന്നുമാത്രം നനയുകയായിരുന്നവെന്നും വേണു. ബുദ്ധ ദര്‍ശനവും ക്രിസ്തു ബോധ്യവും ഉള്ള ആളായിരുന്നു ടോള്‍സ്റ്റോയി. ബുദ്ധന്റെ കൊട്ടാരം വിട്ടുപോകല്‍ ടോള്‍സ്റ്റോയ്ക്ക് വീടു വിട്ടു പോരലായിരുന്നു. മൂന്നു തവണ് അങ്ങനെ അദ്ദേഹം വീടു വിട്ടുപോയി. മൂന്നാം തവണ പോന്നതിനിടയിലാണ് റെയില്‍വെ സ്റ്റേഷനില്‍വച്ച് അന്ത്യം.
കുട്ടിക്കാലത്ത് വായനയുടെ ലഹരിയിലാണ് കവിതയുടെ ഛന്ദസിലേക്കു വീണത്. കിട്ടുന്നതെല്ലാം വായിച്ചു. ചങ്ങമ്പുഴയെ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ഏതോ ഭാവനയുടെ കാന്താര നടപ്പും നക്ഷത്ര സഞ്ചാരവും ഉണ്ടാകുന്നത്. പിന്നെയത് കവിതയായി തിരിച്ചറിഞ്ഞു. പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോള്‍ മാതൃഭൂമി ബാലപംക്തിയില്‍ നാല് കവിതകള്‍ പ്രസിദ്ധീകരിച്ചു. നാല് കവിതാ സമാഹാരങ്ങള്‍ ഇറങ്ങി. ആദി രൂപങ്ങള്‍, ധ്യാനി, നിലയില്ലാത്ത കാഴ്ച്ചകള്‍, മോഹാന്ധധാര സഞ്ചാരി. ഖലീല്‍ ജിബ്രാന്, ജ്ഞാനേശ്വര്‍ എന്നിവരുടേയും മറ്റുമായി വിവര്‍ത്തന കവിതകള്‍ വേറെയും. മലയാളത്തിലെ ആദ്യ ഗസല്‍ ആല്‍ബം പ്രണാമം എഴുതിയത് വേണുവാണ്. ഉമ്പായി പാടി. പുറത്തിറങ്ങാനിരിക്കുന്ന സിനിമ കാപു ചിനോയില്‍ ഒരു ഗാനം എഴുതി. ജയചന്ദ്രനാണ് പാടിയിരിക്കുന്നത്.
ആലുവ ദേശത്ത് താമസം. പൊതു വിതരണ വകുപ്പിലായിരുന്നു ജോലി. മകനും മകളുമായി ഇരട്ട മക്കളാണ്. മകന് ജോലിയുമായി ചൈനയില്‍. മകള്‍ എറണാകുളത്ത് എ.ജി ഓഫീസില്‍. ഭാര്യ ഗൃഹഭരണം. മുഴുനീളെ എഴുത്തും വായനയുമായി തിരക്കിലാണ് വേണു.വി.ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: