കുന്നംകുളം: അകതിയൂരില്‍ ബിവറേജിന് മുന്നില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ 76 ദിവസമായി നടത്തിയ കാവല്‍ സമരം അവസാനിച്ചു. മദ്യവില്പനശാല അകതിയൂരില്‍ ഇനി പ്രവര്‍ത്തിപ്പിക്കില്ലെന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ദേശീയപാതയോരത്തെ മദ്യവില്പന നിരോധിച്ച് സുപ്രീകോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്ന് കുന്നംകുളം പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പനശാല അടച്ചതോടെയാണ് പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂരില്‍ ഔട്ട്ലെറ്റ് തുടങ്ങിയത്. കാലങ്ങളായി പൂട്ടിക്കിടന്നിരുന്ന കെട്ടിടത്തില്‍ വില്പന ആരംഭിച്ചതിന് ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിന് മുന്നില്‍ സമരം ആരംഭിച്ചതോടെ വില്പന നിര്‍ത്തിവെച്ചു. സ്ഥാപനത്തിന് മുന്നില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സംഘം കുടില്‍കെട്ടി സമരം തുടര്‍ന്നതിനാല്‍ പിന്നീട് ഇവിടെ മദ്യശാല തുറക്കാനായില്ല.
കണ്‍സ്യൂമര്‍ ഫെഡ് നിയമപരമായി അനുമതി നേടിയെങ്കിലും ജനകീയ ചെറുത്ത് നില്പ് മൂലം മദ്യശാല തുറക്കാനാകില്ലെന്ന് ഉറപ്പായി. ഇടക്കാലത്ത് കെട്ടിടത്തില്‍ നിന്ന് ബില്ലിംഗ് മെഷിന് എടുക്കാനായി എത്തിയ ഉദ്യോഗസ്ഥരെ പോലും കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തിരിച്ചയച്ചു. പോലീസ് ഇടപെടലുണ്ടായെങ്കിലും വിജയിച്ചില്ല. അകതിയൂരിന്റെ ഗ്രാമീണത തകര്‍ക്കുന്ന മദ്യശാല പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ നാട്ടുകാര്‍ ഒന്നിച്ചു നിന്നതോടെയാണ് അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടിവന്നത്.
തങ്ങളുടെ നിതാന്ത പ്രതിഷേധമാണ് സമരത്തിന് വിജയം കാണാനായതെന്നും ഇനി ഇത്തരം സംരംഭങ്ങള്‍ ഏത് നിയമത്തിന്റെ ബലത്തിലായാലും ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മദ്യവില്പ്പനശാലക്കെതിരെയുള്ള സമരത്തിന്റെ വിജയാഹ്ലാദം നാട്ടുകാര്‍ക്ക് ലഡു വിതരണം ചെയ്താണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്.
ബി.ജെ.പി നേതാക്കളായ പി.എം ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. രാജേഷ്, സുഭാഷ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: