ബന്തടുക്ക: മലയോര മേഖലയിലെ ജനങ്ങളുടെ നടുവൊടിക്കുന്ന രീതിയില്‍ തകര്‍ന്ന് കിടക്കുന്ന ബന്തടുക്ക ചൂരിത്തോട് കോളിച്ചാല്‍ പാതയിലുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ജനങ്ങള്‍ക്ക് വേദന സംഹാര തൈലവും, ലഘുലേഖയും വിതരണം ചെയ്ത് യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റി റോഡ് വികസനം ആവശ്യപ്പെട്ടുള്ള സമരത്തിന് തുടക്കം കുറിച്ചു. മലയോര മേഖലകളിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ഈ റോഡിനോട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറി മാറി വന്ന ഇടത് വലത് മുന്നണികളും കടുത്ത നീതികേടാണ് കാണിക്കുന്നത്. പാണത്തുര്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ സ്കൂള്‍ വാഹനങ്ങള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്.
തുടര്‍ച്ചയായി രണ്ടാം തവണ തെരഞ്ഞടുക്കപ്പെട്ട ഉദുമ മണ്ഡലം എംഎല്‍എ കെ. കുഞ്ഞിരാമന് അനങ്ങാപാറ നയമാണ് ഇക്കാര്യത്തില്‍ കൈ കൊള്ളുന്നതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടകനി പറഞ്ഞു. റോഡിലൂടെ നിലവില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ മടി കാണിക്കുകയാണ് ജനങ്ങള്‍. ഇക്കാര്യം ചൂണ്ടി കാട്ടിയാണ് യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ തൈല വിതരണ സമരം നടത്തിയത്.
യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മലാംകുണ്ട് അദ്ധ്യക്ഷത വഹിച്ചു, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ദീലിപ് പള്ളഞ്ചി, ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണണന് നമ്പ്യാര്‍, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ തൊടുപ്പനം, വാര്‍ഡ് മെമ്പര്‍ രജ്ഞിനി, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി മഹേഷ് ഗോപാല്‍, ഗോപാലക്യഷ്ണന് പടുപ്പ്, ബിനു ആര് പടുപ്പ്, അരുണ്‍ തൊടുപ്പനം, ദീപേഷ്, അനില്‍ പടുപ്പ്, വിഷ്ണു മാനടുക്കം, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: