തൃക്കരിപ്പൂര്‍: പൂരക്കളി മറത്തുകളി രംഗത്തെ നിത്യവസന്തം പണ്ഡിതരത്നം വി.പി.ദാമോദരന്‍ പണിക്കര്‍ക്ക് വീണ്ടും ഒരു ആദരവ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂനിവേര്‍സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ (യുആര്‍എസ്) പൂരക്കളി മറത്തുകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡാണ് കണ്ണൂര്‍ ജില്ലയിലെ കുണിയനിലെ പണിക്കരെ തേടിയെത്തിയത്. 1954 തന്റെ 15ാം വയസ്സില്‍ പയ്യന്നൂര്‍ മമ്പലം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച മറത്തുകളി സപര്യ 61 വര്‍ഷം പിന്നിട്ടപ്പോള്‍ നൈസര്‍ഗ്ഗീകമായ പാണ്ഡിത്യവും അവതരണ പാഠവവും കൊണ്ട് അത്യൂത്തര കേരളത്തിലെ ക്ഷേത്രാങ്കണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പണ്ഡിതോചിതമാക്കി മാറ്റിയ ദാമോദര പണിക്കര്‍ക്ക് ഇതിനകം ഒട്ടനവധി പുരസ്ക്കാരങ്ങളാണ് ലഭിച്ചിട്ടുണ്ട്.
1939 കരിവെള്ളൂര്‍ കരയാപ്പള്ളി ചന്ദ്രശേഖരന്റേയും വടക്കെ പുരയില്‍ ശ്രീദേവിയുടേയും മകനായി ജനിച്ച പണിക്കര്‍ 7ാം തരം വരെ സ്ക്കൂള് പഠനം തുടര്‍ന്നുള്ളൂവെങ്കിലും പിന്നീട് ഗുരുകുല സമ്പ്രദായത്തില്‍ സംസ്കൃത പഠനവും പൂരക്കളി ശാസ്ത്രവും അഭ്യസിച്ചു. കീനേരി ശ്രീകണ്ഠന് പണിക്കരുടെ കീഴില്‍ പഠനം തുടര്‍ന്ന് മറത്തുകളി രംഗത്ത് ശ്രദ്ധേയനായ ദാമോദര പണിക്കര്‍ക്ക് 23ാംമത്തെ വയസ്സില്‍ കൊയൊങ്കര ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും ലഭിച്ചു. 43ാം മത്തെ വയസ്സില്‍ ഇതേ ക്ഷേത്രത്തില്‍ നിന്നും മറത്തുകളിക്കുള്ള പരമോന്നത ബഹുമതിയായ വീരശൃഖലയും നല്കി ആദരിച്ചു. 1982ല്‍ കേരള നാടക സംഗീത അക്കാദമി അവാര്‍ഡും 2008 ല്‍ കേരള ഫോക്ക്ലോര്‍ അക്കാദമി ഫെല്ലോഷിപ്പും കരസ്ഥമാക്കി. 2011 ല്‍ കാഞ്ഞങ്ങാട് അരയില്‍ നാരായണന് ഗുരുക്കള്‍ സ്മാരക വേദിയുടെ പണ്ഡിത രത്നം ബഹുമതിയും നേടി. നിരവധി ക്ഷേത്രങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ആദരവ് നേടിയ ദാമോദര പണിക്കര്‍ കേരളത്തിലുടനീളം കേരളം ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറത്തുകളി അവതരിപ്പിച്ചിട്ടുണ്ട്. ഉത്തര കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി 61 വര്‍ഷം മറത്തുകളി അവതരിപ്പിച്ചു. കണ്ണപുരം ഇടക്കെപ്പുറം ശ്രി പൂമാല ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് അവസാന മറത്തുകളി അവതരിപ്പിച്ചത്. പ്രായാധിക്യത്താലും ശാരീരിക അവശതകള്‍ മൂലവും ഈ രംഗത്തു നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് പൂരക്കളി മറത്തുകളി രംഗത്ത് ഒട്ടനവധി ശിഷ്യഗണങ്ങളുണ്ട്. പണ്ഡിതോജ്ജിതമായ സ്വഭാവവും വാക്മിത്വവും കൊണ്ട് അസാമാന്യമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ദാമോദരന്‍ പണിക്കര്‍ക്ക് യുആര്‍എഫ് പുരസ്ക്കാരം തൃക്കരിപ്പൂര്‍ കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ വെച്ച് ഇന്ന് നടക്കുന്ന സമാദരം പരിപാടിയില്‍ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും. ചടങ്ങില്‍ വെച്ച് പണിക്കര്‍ രചിച്ച പൂരോത്സവം കളിയും മറത്തുകളിയും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ: എ.കെ.നമ്പ്യാര്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: