ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടം ഇതത്ര കൊട്ടിഘോഷിക്കാനൊന്നുമില്ല എന്ന നിലപാടിലാണ്, അമേരിക്കയുടെ നാസയുടെയും, റഷ്യയുടെ ഗ്ലാവ്കോസ്മോസിന്റെയും ചൈനയുടെയും, യൂറോപ്യന്‍ സ്പേസ് ഏജന്സിയുടേയുമൊക്കെ നേട്ടങ്ങളുടെ അരികിലൊന്നുമില്ലാ നമ്മുടെ ഈ 104 എന്നാണ് ചിലരുടെ വാദം. ഇവിടെയാണ്, നാം എന്തുകൊണ്ട് അഭിമാനിക്കണം എന്നതിന് ഒരു വ്യക്തത ആവശ്യമുള്ളത്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ ആയിരുന്ന ദീര്‍ഘദര്‍ശിയായിരുന്ന വിക്രം സാരാഭായ്, സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ സര്‍ക്കാരിനെ ബഹിരാകാശത്തെ സാധ്യത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പുതിയ രാഷ്ട്രം പിച്ചവെക്കാന്‍ തുടങ്ങിയ ആ കാലത്ത് അനാവശ്യമായി കളയാന്‍ പണമോ സമയമോ ഇല്ലെന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാട്.
1957 ല്‍ സോവ്യറ്റ് യൂണിയന് ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കുകയും, തുടര്‍ന്ന് യൂറിഗഗാറിന് ആദ്യ ബഹിരാകാശ സഞ്ചാരിയാവുകയും, അമേരിക്കയും ബഹിരാകാശ മത്സരത്തിനു തുടക്കം കുറിക്കുകയും, 1962ല്‍ വിഖ്യാതമായ ചാന്ദ്ര പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തതോടയാണ് ബഹിരാകാശ സാങ്കേതികതയെപ്പറ്റി കുറച്ചെങ്കിലും നമ്മുടെ തലപ്പത്തുള്ളവര്‍ക്ക് ബോധ്യം വന്നത്. അങ്ങനെ ആണവ വകുപ്പിന് കീഴില്‍ വിക്രം സാരാഭായ് നേതൃത്വം നല്കുന്ന INCOSPAR (Indian National Council for Space Research) സ്ഥാപിതമായി.
ഉന്നതാന്തരീക്ഷ പഠനവും, മറ്റുമായി വന്‍ ശക്തികളുടെ മാത്രം മേച്ചില്‍ പുറമായ ബഹിരാകാശത്ത് ദരിദ്ര ഭാരതവും പിച്ചവെച്ചു. അബ്ദുള്‍ കലാം, മാധവന് നായര്‍, നമ്പി നാരായണന്, കസ്തൂരി രംഗന് തുടങ്ങിയ പ്രതിഭകളുടെ ഒരു വന്‍നിര തന്നെ, സാരാഭായിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി വന്നപ്പോള്‍, റോക്കറ്റ് ലോഞ്ചിംഗിലേക്ക് കടക്കുവാന്‍ INCOSPAR തീരുമാനിച്ചു. പറ്റിയ ഒരു സ്ഥലം തേടി ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്ന സാരാഭായിയുടെ ടീം ,അവസാനം വന്നടിഞ്ഞത്, ഈ പരശുരാമ ക്ഷേത്രത്തിലെ ഒരു മുക്കുവ ഗ്രാമത്തില്‍, തിരുവനന്തപുരത്തെ തുമ്പയില്‍.
പണവും, വിഭവശേഷിയും പരിമിതമായിരുന്നു. വിക്രം സാരാഭായിയുടെ ടീമിന്റെ പ്രതിഭയും ആത്മവിശ്വാസവും അനന്തവും. അതുതന്നെയായിരുന്നു എറ്റവും വലിയ മുതല്‍ മുടക്കും. തുമ്പയിലെ, ലത്തീന്‍ കത്തോലിക്ക സഭ, സംഭാവന ചെയ്ത പള്ളി കെട്ടിടത്തില്‍ ഇന്ത്യയുടെ ആദ്യ റോക്കറ്റ് അണിഞ്ഞൊരുങ്ങി. 1963 നവംബര്‍ 21ന്, തുമ്പയുടെ തെളിഞ്ഞ മാനത്തേക്ക്, ഒരു സോഡിയം വേപ്പര്‍ പേലോഡുമായി ആ കുഞ്ഞന്‍ റോക്കറ്റ് പറന്നുയര്‍ന്നു. പിന്നീട്, നമ്മെ ചന്ദ്രനിലും ചൊവ്വയിലും വരെയെത്തിച്ച കൂറ്റന്‍ റോക്കറ്റുകളുടെ തുടക്കം, നാല് മീറ്റര്‍ നീളവും, അഞ്ചിഞ്ച് വ്യാസവുമുള്ള ആ സൗണ്ടിംഗ് റോക്കറ്റില്‍ നിന്നാണ്.
ജനകോടികളുടെ പട്ടിണിക്കഥകള്‍ക്ക് അന്നും പഞ്ഞമുണ്ടായിരുന്നില്ല. ജനസംഖ്യയില്‍ നല്ലൊരു ഭാഗം പട്ടിണി കിടക്കുമ്പോള്‍, നമ്മളെന്തിനു റോക്കറ്റ് വിട്ട് കളിക്കണം. അമേരിക്കയും സോവിയറ്റ് യൂണിയനും കോടികളെറിഞ്ഞു മസില് പവര്‍ കാട്ടുന്ന ബഹിരാകാശത്ത് നമുക്കെന്ത് കാര്യം. ചോദ്യങ്ങള്‍ നിരവധിയാണ് .അതിന് സാരാഭായ് പറഞ്ഞ മറുപടി ,പിന്നീട് ഐഎസ്ആര്‍ഒയുടെ തമ്പ് റൂളായി
“There are some who question the relevance of space activities in a developing nation. To us, there is no ambigutiy of purpose. We do not have the fantsay of competing with the economically advanced nations in the exploration of the Moon or the planets or manned space-flight. But we are convinced that if we are to play a meaningful role nationally, and in the communtiy of nations, we must be second to none in the application of advanced technologies to the real problems of man and socitey.’
മേല്പറഞ്ഞ വന്‍ശക്തികള്‍ പോലും, വെറും ശക്തിപ്രകടനം എന്നതിനപ്പുറം, ജനകീയമായ ബഹിരാകാശ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന കാലത്താണ്, സാരാഭായ് ഈ വീക്ഷണം അവതരിപ്പിച്ചത്. 1969 ല്‍, ആണവ വകുപ്പില്‍ നിന്ന് മാറി, സ്വതന്ത്ര ഏജന്‍സിയായി ISRO. ഡോക്ടര്‍ സാരാഭായി ആദ്യ ചെയര്‍മാനും അതോടെ, സ്വന്തമായി ഉപഗ്രഹ വിക്ഷേപണം, വിക്ഷേപണ വാഹനങ്ങള്‍ എന്നിവയിലേക്കുള്ള നിര്‍ണായക ചുവടുവെച്ചു. ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ആയ SLV യുടെ പ്രൊജക്ട് ഡയറക്ടറായി അബ്ദുല്‍ കലാമിനെ നിയമിക്കുമ്പോള്‍ ആ യുവാവിന്റെ പ്രതിഭയില്‍ സാരാഭായിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. പിന്നീട്, ഡോക്ടര്‍ കലാമിന്റെ കര്‍മശേഷിയുടെ മുമ്പില്‍ ലോകം നമിച്ച് നിന്നത് നമ്മള് നേരില്‍ കണ്ട ചരിത്ര. ടഘഢ ക്ക് ശേഷമുള്ള വലിയ വിക്ഷേപണ വാഹനങ്ങളായ ASLV, PSLV, GSLV എന്നിവയുടെ വരെ ആശയങ്ങള്‍, അക്കാലത്തുതന്നെ ഡോക്ടര്‍ സാരാഭായി ചര്‍ച്ച ചെയ്തിരുന്നു.
അടുത്ത 25 വര്‍ഷങ്ങളില്‍, ഭാരതം, ബഹിരാകാശ രംഗത്ത് പൂര്‍ണമായ സ്വയംപര്യാപ്തത നേടാനുള്ള കര്‍മ പദ്ധതി കൂടി അദ്ദേഹം പൂര്‍ത്തിയാക്കി. അപ്പോഴേക്കും ഭീമന് റോക്കറ്റുകളും ബഹിരാകാശ യാനങ്ങളുമായി വന്‍ശക്തികള്‍ ബഹിരാകാശം ഒരു വലിയ പൂരപ്പറമ്പ് തന്നെയാക്കിയിരുന്നു. അമേരിക്കയും സോവ്യറ്റ് യൂണിയനും ആകാശമത്സരത്തില് കോടികള്‍ മുടക്കി സാമ്പത്തിക ഭദ്രതയില്ലാത്തവരായി. ഇതുപോലെയുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് പണമൊഴുക്കിയാല്‍ മാത്രം പോരല്ലോ. അതിരില്ലാത്ത സാങ്കേതിക ജ്ഞാനവും അനുഭവവും പ്രതിഭയും കൂടി വേണം. 1950 കള്‍ വരെ റോക്കറ്റൊന്നും വിക്ഷേപിക്കാത്ത ഈ വന്‍ശക്തികള്‍ക്ക് ഇതെങ്ങനെ സാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധിക മോഷണത്തിന്റെ കഥയാണിത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളേക്കാള്‍, സാങ്കേതിക രംഗത്ത് വളരെ മുന്നിലായിരുന്നു ജര്‍മ്മനി. ഇന്നത്തെ ഭൂതല മിസൈലുകളുടെ മുന്‍ഗാമിയായ, ജര്‍മ്മനിയുടെ V2 റോക്കറ്റുകള്‍ ഭീതിവിതയ്ക്കാത്ത ഒരു യൂറോപ്യന്‍ നഗരവുമുണ്ടായിരുന്നില്ല. അതുപോലെ അവരുടെ ആണവ പദ്ധതികളും മികച്ചതായിരുന്നു. ഹിറ്റ്ലറുടെ അതിമോഹവും വികല നയസമീപനങ്ങളുമാണ് ജര്‍മ്മനിയെ തകര്‍ത്തത്.
യുദ്ധാനന്തരം വന്‍ശക്തികള്‍ ജര്‍മ്മന്‍ പ്രതിഭയേയും അനുഭവ സമ്പത്തിനെയും പങ്കിട്ടെടുത്തു. Operatin paperclip എന്ന 1600 ലധികം ജര്‍മ്മന്‍ വിദഗ്ധരെ അമേരിക്ക സ്വന്തമാകിയപ്പോള് Operation Osoaviakhim ലൂടെ സോവിയറ്റ് യൂണിയന് കടത്തിക്കൊണ്ടു പോയത് 2000 ലധികം ജര്‍മ്മന്‍ പ്രതിഭകളെ. ഒരു സമയത്ത് യൂറോപ്പിനെ ഭയാക്രാന്തമാക്കിയ V2 റോക്കറ്റിന്റെ ഉപജ്ഞാതാവായ വെര്‍ണര്‍ ഫോണ്‍ ബ്രൗണ്‍ ആണ് പിന്നീട് അമേരിക്കയുടെ ചാന്ദ്ര ദൗത്യമായ അപ്പോളോ വിക്ഷേപണങ്ങളുടെ പിതാവായത്. ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുമൊക്കെ പാഞ്ഞു ചെന്ന റഷ്യന്‍ സാങ്കേതികതയുടെ ചുക്കാന്‍ പിടിച്ചതും അവര്‍ തട്ടിക്കൊണ്ടു വന്ന ജര്‍മ്മന്‍ പ്രതിഭകള്‍ തന്നെയാണ്.
ഒരു കമ്മ്യൂണിസ്റ്റ് അയല്‍രാജ്യമായ ചൈനയേയും, ആണവ ബഹിരാകാശ രംഗത്ത് ആദ്യകാലങ്ങളില്‍ സോവ്യറ്റ് യൂണിയന് കണക്കറ്റ് സഹായിച്ചിരുന്നു. ചൈനീസ് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമെല്ലാം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അത് സോവ്യറ്റ് പദ്ധതികളുടെ തനിപ്പകര്‍പ്പാണ്.
പക്ഷെ പിച്ചവെച്ചു തുടങ്ങിയ ഭാരത ബഹിരാകാശ ഗവേഷണത്തിനു ഇതുപോലെ കടത്തിക്കൊണ്ടു വന്ന സാങ്കേതിക ജ്ഞാനമോ, അതിരില്ലാതെ ഒഴുകിയ ബില്യനുകളുടെ പിന്തുണയോ ഉണ്ടായിരുന്നില്ല. കൊല്ലക്കുടിക്ക് സമാനമായ പരീക്ഷണശാലകളും, കൃത്യമായി ശമ്പളം പോലും കിട്ടാത്ത ശാസ്ത്രജ്ഞന്മാരും. കൂട്ടിനുണ്ടായിരുന്നത് നക്ഷത്രങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങളും ആകാശത്തോളം പോന്ന ആത്മവിശ്വാസവും മാത്രമായിരുന്നു.
1981 ല്‍ സ്വന്തമായി ഉപഗ്രഹവിക്ഷേപണം നടത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ആ ചെറിയ റോക്കറ്റ്, ടഘഢ നമ്മളെ എത്തിക്കുക തന്നെ ചെയ്തു.
ശ്രദ്ധ പൂര്‍ണമായും എങ്ങനെ ബഹിരാകാശത്തെ ജനസാമാന്യത്തിന് പ്രയോജനകരമാക്കാം എന്നതു മാത്രമായിരുന്നു. അങ്ങനെയാണ് ഇന്ന് ഏറ്റവും വലിയ ഉപഗ്രഹ ശ്യംഖലകളിലൊന്നായ ഇന്‍സാറ്റ് പരമ്പര ആരംഭിക്കുന്നത്. അപ്പോഴേക്കും നമ്മള് ഉപഗ്രഹ നിര്‍മ്മാണത്തില്‍, പ്രത്യേകിച്ച് വിവിധോദ്ദേശ ഉപഗ്രഹങ്ങളുടെ, പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. ആ ഉപഗ്രഹങ്ങളിലൂടയാണ് ഭാരതത്തിന്റെ മുക്കിലും മൂലയിലും ടെലിവിഷന്‍ സിഗ്നലുകളും ടെലഫോണ്‍ സംവിധാനങ്ങളും എത്തിയത്. വിദൂര സംപ്രേഷണ രംഗത്തും (remote sensing) ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഉപഗ്രഹ ശൃംഖല നമ്മുടെതാണ്. കാലാവസ്ഥ, സമുദ്ര നിരീക്ഷണം, കാര്‍ഷിക ഗവേഷണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും നമ്മുടെ വിദൂര സംവേദന ഉപഗ്രഹങ്ങള്‍ നല്കുന്ന വിവരങ്ങള്‍ വളരെ വിലപ്പെട്ടതാണ്.
ശ്രദ്ധ പിന്നീട് ഭാരം കൂടിയ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ശേഷി കൂടിയ റോക്കറ്റുകളില്‍ ആയി. അങ്ങനെയാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിശ്വാസ യോഗ്യമായ PSLV ജന്മമെടുക്കുന്നത്. 1993 മുതലിങ്ങോട്ടുള്ള കാല് നൂറ്റാണ്ട കാലം നടത്തിയ പിഎസ്എല്‍വിയുടെ വിജയം ബഹിരാകാശ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. പരാജയമറിഞ്ഞത് ഒരേയൊരു പ്രാവശ്യം. പിഎസ്എല്‍വിയുടെ ചിറകിലേറി ബഹിരാകാശം പൂകിയത് ഇരുനൂറിലധികം വിദേശ ഉപഗ്രഹങ്ങള്‍.
ആദ്യ ശ്രമത്തിലേ, ചാന്ദ്ര-ചൊവ്വാ ദൗത്യങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഏക രാജ്യമെന്ന ബഹുമതിയും ഭാരതത്തിനു മാത്രം. ആറുമാസത്തെ ആയുസ് പ്രവചിച്ച് വിക്ഷേപിച്ച മംഗള്യാന് രണ്ടര വര്‍ഷത്തിനു ശേഷവും കര്‍മ്മനിരതനായി ചൊവ്വയെ ചുറ്റുന്നു. മൂന്ന് കൊല്ലം കൂടി അതവിടെ ഉണ്ടാവും.
വളരെ ഭാരം കൂടിയ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ 36800 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിക്കാനുള്ള പരീക്ഷണങ്ങള്‍ വിജയമായി. അടുത്ത തലമുറ ഇന്സാറ്റുകള് വിക്ഷേപിക്കാന്‍ നമുക്ക് വിദേശവാഹനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മാത്രമല്ല, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകളും ഐഎസ്ആര്‍ഒയെ തേടിയെത്തുന്നു.
നേട്ടങ്ങള്‍ നമ്മുടേത് മാത്രമാണ്. നമ്മുടെ പ്രതിഭകള്‍ ചോര വിയര്‍പ്പാക്കി നേടിയ വിജയങ്ങളാണെല്ലാം.
തീര്‍ച്ചയായും വന്‍ശക്തികള്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണ്.എന്നാല്‍ ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ചില ഒന്നാം സ്ഥാനങ്ങള്‍ നമുക്കുണ്ട്.
ലോകത്ത് മറ്റൊരു വിക്ഷേപണ വാഹനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം
എല്ലാ വന്‍ശക്തികളും നാലും അഞ്ചും ശ്രമങ്ങള്‍ക്ക് ശേഷമേ ഒരു ഗ്രഹാന്തര ദൗത്യം വിജയിപ്പിച്ചിട്ടുള്ളൂ. മിക്കവാറും പേടകങ്ങള്‍ ചന്ദ്രന്റേയോ ചൊവ്വയുടേയോ ഭ്രമണപഥത്തിനരികില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ചാന്ദ്ര ദൗത്യവും ചൊവ്വാ ദൗത്യവും വിജയിപ്പിക്കാന്‍ നമുക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ നടത്തുന്ന ഏജന്‍സി ഐഎസ്ആര്‍ഒയാണ്. അതുകൊണ്ട് തന്നയാണ് ലോകരാജ്യങ്ങള്‍, അമേരിക്കന്‍ കമ്പനികളടക്കം നമ്മുടെ വിക്ഷേപണത്തിന്റെ സമയം ചോദിച്ച് കാത്തിരിക്കുന്നത്.
വിവിധോദ്ദേശ ഉപഗ്രഹ നിര്‍മ്മാണത്തില്‍ നാമിപ്പോള്‍ അഗ്രഗണ്യരാണ്.
നമ്മുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളുടെ ശ്യംഖലയും വളരെ മികച്ചതാണ്.
എങ്കിലും ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. സ്വന്തമായി ക്രയോജനിക് എഞ്ചിന് ഉള്ള രാജ്യത്തിനു സ്വന്തമായി ജെറ്റ് എഞ്ചിന് ഇല്ല. ശൂന്യാകാശത്ത് നിന്ന് ഭൂമിയുടെ ഇഞ്ചുകള്‍ പോലും ഒപ്പിയെടുക്കാന്‍ ശേഷിയുള്ള ക്യാമറകള്‍ നമുക്കുള്ളപ്പോള്‍ സാധാരണ ക്യാമറകള്‍ക്ക് നാം നിക്കോണിനെയും സോണിയേയുമൊക്കെ ആശ്രയിക്കുന്നു. സെക്കന്റില്‍ മുപ്പത് കിലോമീറ്റര്‍ വേഗതയില്‍ മംഗള്‍യാനെ ചൊവ്വയിലെത്തിച്ച നാം ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതേയുള്ളൂ.
ശാസ്ത്രചിന്തയോടും ഗവേഷണത്തോടുമുള്ള സമീപനത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണത്. തുടക്കം മുതല്‍ അത്തരത്തിലൊരു കാഴ്ചപ്പാടും സംസ്കാരവും വളര്‍ത്തിയത് കൊണ്ടാണ് ഐഎസ്ആര്‍ഒ ഇന്നീ ഉയരങ്ങളിലെത്തിയത്. ഭരണ തലത്തിലുള്ളവര്‍ക്ക് ഈ സംസ്കാരം ഉള്‍ക്കൊള്ളാനായാല്‍ സമസ്ത മേഖലകളിലും സന്തുലിതമായ വികസനം നമുക്ക് നേടാം.
ഐഎസ്ആര്‍ഒയുടെ വിജയക്കുതിപ്പ് ഏറ്റവും വലിയ സന്ദേശമാണിത്. ഒരുപക്ഷേ അതുതന്നെയാകും ഐഎസ്ആര്‍ഒയുടെ വിജയഗാഥ ഭാരതത്തിനു നല്കുന്ന ഏറ്റവും വലിയ നേട്ടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: