കണ്ണൂര്‍ ജില്ലയ്ക്ക് അഭിമാനം കൊള്ളാന്‍ തലശ്ശേരി പട്ടണം മതി. ഈ കൊച്ചു പട്ടണത്തിലാണ് ആദ്യത്തെ മലയാള ദിനപത്രം അച്ചടിച്ചിറങ്ങിയത്. തലശ്ശേരി പട്ടണത്തിന് ബ്രിട്ടീഷുകാര്‍ ”ദി പാരിസ് ഓഫ് മലബാര്‍” എന്നായിരുന്നു പേരിട്ടിരുന്നത്. മലയാള ചെറുകഥയുടെയും നോവലിന്റെയും പിറവി ഈയൊരു പട്ടണത്തില്‍ നിന്നു തന്നെ.
ഈ കൊച്ചു പട്ടണത്തിലുള്ള അതിമനോഹരമായൊരു നാലുകെട്ട് തറവാട്ടിനുമുണ്ട് സവിശേഷതകള്‍. തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്ററോളം യാത്രചെയ്താല്‍ ഇവിടെയെത്താം. ഏകദേശം ഒന്നേ മുക്കാല്‍ ഏക്കറോളം ഭൂമിയും ചുറ്റോടുചുറ്റും പ്രകൃതി രമണീയമായ പുല്പ്പാടങ്ങളും, അതിന്റെ നടുവില്‍ അതിമനോഹരമായ ഈ നാലുകെട്ട് തറവാട്. ഇത് ഇടത്തട്ട് തറവാട്. ആ പടിപ്പുര വാതില്‍ കടന്നെത്തുന്നവരെ വരവേല്‍ക്കാന്‍ മൂന്നു സുന്ദരികളായ അമ്മമാരുണ്ട്. നാലുകെട്ടിനുള്ളിലെ വലിയ വിസ്താര മുറിയുടെ ഇടത്തേ ഭാഗത്ത് വലിയൊരു നടുമുറ്റം. അതില്‍ കുറെ പൂച്ചെടികള്‍. നല്ല മഞ്ഞ നിറമുള്ള കുറേ ജമന്തി പൂക്കള്‍ വിരിഞ്ഞുകിടക്കുന്നു.
വിസ്താരമുറിയില്‍ നിന്ന് വീണ്ടും അകത്തേക്കുപോയാല്‍ ചെറിയൊരു ഇടനാഴി. അതിന്റെ രണ്ടുപുറവും ചെറിയ കിടപ്പുമുറികള്‍. നേരെ ചെന്നെത്തുന്നത് അടുക്കള ഭാഗത്തേക്ക്. പഴയ പിഞ്ഞാണങ്ങളും മണ്‍കുടങ്ങളും കൂടിക്കിടക്കുന്നു. വീതി കുറഞ്ഞ ഏണിപ്പടികള്‍ കയറിയാല്‍ മുകള്‍ നിലയിലെത്താം. അവിടെ രണ്ടു കുട്ടി ജനാലകള്‍ പണ്ടത്തെ മുഗള്‍ രാജാക്കന്മാരുടെ ദര്‍ബാറില്‍ കാണുന്ന തരം ജനാലുകളെ ഓര്‍മ്മിപ്പിക്കുന്നു. ജനാലയ്ക്കലിരുന്നാല്‍ അതുവഴി പോകുന്ന വാഹനങ്ങളേയും, ആളുകളേയും കാണാം. തറവാടിന്റെ തെക്കു ഭാഗത്തെ കല്പടികളിലൂടെ കയറി ചെന്നാല്‍ അവിടുത്തെ ദേവീക്ഷേത്രത്തിലെത്താം.
അമ്പലത്തിനുള്ളില്‍ വെളിച്ചപ്പാട്. അയാള്‍ നട തുറന്ന് പുറത്തിറങ്ങി. ആ വീട്ടിലേ എല്ലാ കുടുംബങ്ങളും നടക്കല്‍ തൊഴുതുനിന്നു. വെളിച്ചപ്പാട് അവര്‍ക്കെല്ലാം വാള് തൊട്ട് ആശിര്‍വാദം കൊടുക്കുന്നു. കുറച്ചകലെയായി, ഒരു അഞ്ചടി നടന്നാല്‍ ചെറിയ പാമ്പിന് കാവുണ്ട്. അവിടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നിശാഗന്ധി പൂത്തുനില്‍ക്കുന്നുണ്ട്. ആ വെണ്ണ നിറമുള്ള നിശാഗന്ധി പൂക്കുന്നത് കേവലം ഒരാഴ്ചക്കാലത്തേക്കു മാത്രമാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്ന് ഉയര്‍ന്നാല്‍ നിശാഗന്ധി പൂക്കാറായി എന്ന് കരുതാം.
ആ നിശാഗന്ധി മരച്ചുവട്ടിലിരിക്കാന്‍ നല്ല രസമാണ്. വര്‍ണ്ണ ചിത്രശലഭങ്ങളും അപൂര്‍വ്വ ദേശാടനക്കിളികളും വന്നുചേരുന്ന പ്രകൃതി രമണീയമായ ഈ നാലുകെട്ട് തറവാട് ഇന്നും എന്റെ ഓര്‍മ്മയില്‍ മായാതെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: