ഭാര്യയുടെ മുഖം നന്നായി കണ്ടത് കതിര്‍മണ്ഡപത്തിലാണ്. മുന്നോട്ടുളള ജീവിതത്തെപ്പറ്റി അന്ന് വലിയ കണക്കുകൂട്ടലൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒന്നായിട്ട് ഇന്ന് വര്‍ഷം 72 കഴിഞ്ഞു. പരസ്പരം കൈകോര്‍ത്ത് ഒത്തിരി യാത്രചെയ്തു. ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍ ഏറെ കണ്ടു. എനിക്ക് 97 വയസായി, ഭാര്യയ്ക്ക് തൊണ്ണൂറും. പ്രായം കൂടിയെന്നത് യാഥാര്‍ഥ്യം. പക്ഷേ, മനസിനിന്നും ചെറുപ്പം, വളരെച്ചെറുപ്പം. എല്ലാം അയ്യപ്പന്റെ അനുഗ്രഹം- പറയുന്നത് പന്തളം രാജാവ് പി. രാമവര്‍മ രാജ. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം തമ്പുരാന്. ഹരിപ്പാട് അനന്തപുരം തെക്കേ കൊട്ടാരത്തില്‍ ഭാര്യ രുക്മിണി തമ്പുരാട്ടിക്കൊപ്പം വിശ്രമ ജീവിതത്തിലാണ് തമ്പുരാന്.
പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരനായ രാമവര്‍മ്മ, കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ അനന്തിരവളുടെ ചെറുമകളായ രുക്മിണി അന്തര്‍ജനത്തെ വിവാഹം കഴിച്ചത് 1944 സെപ്തംബര്‍ ആറിന്. രാമവര്‍മ്മയുടെ മൂത്ത സഹോദരന്റെ വിവാഹം അനന്തപുരം കൊട്ടാരത്തില്‍ നിന്നാണ്. കുടുംബപരമായി ബന്ധുക്കളായതിനാല്‍ ഒന്നുരണ്ട് പ്രാവശ്യം രാമവര്‍മ്മ അനന്തപുരത്ത് വന്നിട്ടുണ്ട്. എങ്കിലും രുക്മിണിത്തമ്പുരാട്ടിയെ അത്രകണ്ട പരിചയമുണ്ടായിരുന്നില്ല. തമ്പുരാട്ടിക്ക് തിരിച്ചും. ഇതിനിടെ ബന്ധുക്കള്‍ കല്യാണം ആലോചിച്ചു. രാമവര്‍മ്മയ്ക്ക് അന്ന് 25 വയസ്. തമ്പുരാട്ടിക്ക് പതിനെട്ടും. മുതിര്‍ന്നവരുടെ വാക്കിന് എതിര്ശബ്ദമുണ്ടാകാത്ത കാലം.
പന്തളം കൊട്ടാരത്തില്‍ നിന്ന് വരനും കൂട്ടരും ബസിലാണ് ഹരിപ്പാടിന് പടിഞ്ഞാറുളള അനന്തപുരത്തേക്ക് വന്നത്.കൊട്ടാരത്തില്‍ കതിര്‍മണ്ഡപമൊരുക്കി. രാമവര്‍മ്മ രാജ, രുക്മിണി തമ്പുരാട്ടിക്ക് താലിചാര്‍ത്തി. ഫോട്ടോയെടുപ്പോ മറ്റ് ആര്‍ഭാടങ്ങളോ ഇല്ലാതെ ലളിതമായ ചടങ്ങുകള്‍. എല്ലാം ഇന്നലത്തെപ്പോലെ ഓര്‍മ്മയുണ്ടെന്ന് രാമവര്‍മ്മ രാജ പറയുമ്പോള്‍ പിന്നില്‍ നിഴല്‍ പോലെ രുക്മിണിത്തമ്പുരാട്ടിയുണ്ട്.
പഠന കാലത്ത് രാമവര്‍മ്മയ്ക്ക് കമ്മ്യൂണിസവും ക്രിക്കറ്റുമായിരുന്നു ഇഷ്ടം. നക്സലിസത്തോളം പോന്ന കമ്മ്യൂണിസ്റ്റ് ആശയഗതികള്‍ തലയിലേറ്റിയ ഒരു കാലമുണ്ടായിരുന്നു. കൊട്ടാരവാസിയായ തമ്പുരാട്ടിക്ക് ഒരിക്കലും ഉള്‍ക്കൊളളാന്‍ കഴിയാത്ത തത്ത്വശാസ്ത്രങ്ങള്ക്കൊപ്പമായിരുന്ന ഭര്‍ത്താവിനോട് സ്വയം തിരുത്തണമെന്ന് അവര്‍ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. പകരം പ്രാര്‍ത്ഥിച്ചു. എല്ലാം നല്ലതാകാന്‍. അതിന് കാലം കാത്തുവച്ച ഉത്തരമാണ് പന്തളം രാജാവായുളള പി. രാമവര്മ്മയുട ജീവിതം. ഇന്ന് ആ മനസില്‍ കമ്മ്യൂണിസമില്ല. പകരം ഈശ്വര ചിന്ത മാത്രം. അത് സാക്ഷാല്‍ ശബരിമല അയ്യപ്പനാണ്. ‘ഏത് കോവിലില്‍ ചെന്നാലും തൊഴും, പ്രാര്‍ത്ഥിക്കും. അവിടുത്തെ ദേവന് അയ്യപ്പനാണെന്നാണ് ഞാന്‍ സങ്കല്‍പ്പിക്കുക’. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും അയ്യപ്പനുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന എളിയ ഭക്തന്‍കൂടിയാണ് താനെന്ന് പറയുമ്പോള്‍ ഈ രാജാവിന്റെ കണ്ണില്‍ വിശ്വാസത്തിന്റെ ആഴി തെളിഞ്ഞ് കത്തുന്നത് കാണാം.
കമ്മ്യൂണിസത്തിലേക്കൊരു സ്പിന്‍ ബൗളിങ്
1919 ഒക്ടോബര്‍ 10 ന് രേവതി നാളില്‍ പന്തളം കൊട്ടാരത്തിലായിരുന്നു രാമവര്‍മ്മയുടെ ജനനം. പൂജയും ജപവും പഠനവുമായി തനി കൊട്ടാര വാസിയായാണ് വളര്‍ന്നത്. നാലാം ക്ലാസ് വരെ മാവേലിക്കരയിലെ കൊട്ടാരം സ്കൂളിലായിരുന്നു പഠനം. കൂട്ടുകാരെല്ലാം കൊട്ടാരവാസികള്‍. ഹൈസ്കൂള്‍ പഠനം മാവേലിക്കരയിലെ സര്‍ക്കാര്‍ സ്കൂളില്‍. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ സ്കൂളിന്റെ പടികടന്നുമെത്തി. ഖദര്‍ ധരിച്ചാണ് സ്വാതന്ത്ര്യ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ധാരാളം പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി. സ്വാതന്ത്ര്യത്തിനുവേണ്ടി ലോകത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളെപ്പറ്റി അറിയുന്നത് അങ്ങനെയാണ്.
കോട്ടയം സിഎംഎസ് കോളേജിലായിരുന്നു ഇന്‍ര്‍മീഡിയേറ്റിന് ചേര്‍ന്നത്. പഠനത്തിന് മീതെയായിരുന്ന കമ്മ്യൂണിസമെന്ന സ്വപ്നലോകം. പരീക്ഷയില്‍ തോറ്റു. രണ്ടാം ചാന്‍സില്‍ ജയിച്ചുകയറി. അങ്ങനെയാണ് 1938 ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ബിരുദത്തിന് ചേര്‍ന്നത്. പിന്നീട് കേരള സര്‍വകലാശാലയായി മാറിയ കോളേജിലെ സയന്‍സ് വിഭാഗത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു.
ക്രിക്കറ്റെന്ന സ്വപ്നം മനസില്‍ ഒളിപ്പിച്ചായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. ഒന്നാന്തരം സ്പിന്ബൗളറായിരുന്നതിനാല് സര്‍വകലാശാല ടീമില്‍ സ്ഥാനം കിട്ടി. ക്രിക്കറ്റിന് ഇന്നത്തെപ്പോലെ സ്വീകാര്യത കിട്ടിയിരുന്നില്ല. എങ്കിലും സര്‍വകലാശാലാ തലത്തിലെ കളിക്കാര്‍ക്ക് നല്ല അംഗീകാരമുണ്ടായിരുന്നു. പിന്നീട് കാര്‍ട്ടൂണിസ്റ്റായി പേരെടുത്ത അബു എബ്രഹാം, രാമവര്‍മ്മയുടെ ടീമില്‍ അംഗമായിരുന്നു.
ഗണിതത്തില്‍ ബിരുദം നേടിയ ശേഷം മൂന്ന് വര്‍ഷം നാട്ടില്‍ അദ്ധ്യാപകനായി. തുടര്‍ന്നായിരുന്നു വിവാഹം.
മഹാനഗരത്തിലെ ജീവിതം
മുംബൈ നഗരം രാമവര്‍മ്മയെ ചെറുപ്പം മുതല്‍ വല്ലാതെ മോഹിപ്പിച്ചിരുന്നു. കൊട്ടാരവാസികള്‍ നാടുവിട്ട് ജോലിക്ക് പോകുന്ന പതിവില്ലായിരുന്നു. അത് തെറ്റിച്ചാണ് രാമവര്‍മ്മ ഭാര്യയ്ക്കൊപ്പം മുംബൈയിലേക്ക് തീവണ്ടികയറിയത്. ജോലി കിട്ടുന്നതിനപ്പുറം മഹാനഗരത്തില്‍ കമ്മ്യൂണിസ്റ്റ് ആശയഗതികളുടെ പ്രചാരണത്തിനുളള വലിയ അവസരമാണ് രാമവര്‍മ്മയെ ആവേശം കൊളളിച്ചത്.
മുംബൈയില്‍ മധ്യറെയില്‍വേയില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. കൊട്ടാരവാസിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ പാര്‍ട്ടി ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനത്തിനുമുളള വലിയ ലോകമാണ് രാമവര്‍മ്മയ്ക്ക് അവിടെ കിട്ടിയത്. ഫ്രണ്ട്സ് ഓഫ് സോവ്യറ്റ് യൂണിയന്, കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ എന്നിവയുടെ മുഖ്യപ്രചാരകനായി വളരെവേഗം മാറി. പകല്‍ ഓഫീസ് ജോലി, രാത്രി സംഘടനാ പ്രവര്‍ത്തനം, പൊതുയോഗങ്ങള്‍, ലഘുലേഖകളുടെ വിതരണം. സോവ്യറ്റ് യൂണിയനില്‍ നിന്നുളള തൂവെളള സാഹിത്യങ്ങളുടെ വിതരണമായിരുന്നു മറ്റൊരു ജോലി. സൗജന്യമായി ഇവ എത്തിക്കാനായി താല്പര്യമുളളവരുടെ വിലാസങ്ങള്‍ ശേഖരിച്ചു.
കാല് നൂറ്റാണ്ടാണ് ഇങ്ങനെ കമ്മ്യൂണിസത്തോടൊപ്പം ജീവിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും നേതാവാകാനുമായിരുന്നില്ല ഇതെന്ന് രാമവര്‍മ്മ പറയും. 1977 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നുളള മലയിറക്കം. കുടുംബത്തോടൊപ്പം അനന്തപുരം തെക്കേ കൊട്ടാരത്തില്‍ സ്ഥിരതാമസം തുടങ്ങി. അപ്പോഴും കമ്മ്യൂണിസം ജീവിതത്തിന്റെ ഭാഗമായുണ്ടായിരുന്നു. ഇടയ്ക്ക് പലപ്രാവശ്യം ശബരിമലയില്‍ പോയിട്ടുണ്ട്. ഭക്തികൊണ്ടൊന്നുമല്ല, വെറും കൗതുകം.
പന്തളം രാജാവ്
അനന്തപുരം കൊട്ടാരത്തിലെ വിശ്രമ ജീവിതത്തിലും രാമവര്‍മ്മയുടെ മനസ് കമ്മ്യൂണിസത്തിനൊപ്പമായിരുന്നു. വായിക്കാന്‍ നൂറുകണക്കിന് സൈദ്ധാന്തിക ഗ്രന്ഥങ്ങളുണ്ടായിരുന്നു. എങ്കിലും നാട്ടിലെ പാര്‍ട്ടിയോട് അത്ര അടുപ്പം തോന്നിയില്ല. ഇതിനിടെ 1986 ല്‍ പന്തളം രാജാവിന്റെ പ്രതിനിധിയായി ശബരിമല യാത്ര. കൊട്ടാരവാസിയായതിനാല്‍ കൈക്കൊണ്ട ഉത്തരവാദിത്തം. അങ്ങനെയാണ് മലകയറ്റം രാമവര്‍മ്മ ഏറ്റെടുത്തത്. അയ്യപ്പനിലേക്ക് അടുക്കുന്നതിനുള്ള നിമിത്തമായിരുന്നു ആ യാത്രയെന്ന് പിന്നീടുളള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയതായി രാമവര്‍മ്മ പറയുന്നു.
പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ 2002 ലാണ് രാജാവ് പദവി രാമവര്‍മ്മയെ തേടിയെത്തുന്നത്. അന്ന് കമ്മ്യൂണിസത്തിനും വിശ്വാസത്തിനും ഇടയില്‍ എവിടെയോ ആയിരുന്നു തന്റെ മനസെന്ന് അദ്ദേഹം പറയും. പിന്നീട് അയ്യപ്പനിലേക്ക് മനസ് അടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് വലിയ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയിലൂടെയുളള യാത്രയില്‍ പിന്നില്‍ നിന്ന് കാറിടിച്ച് വീഴ്ത്തിയതാണ്. തലയില്‍ രക്തം കട്ടപിടിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ. സ്ഥിതി അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ പോന്നു. ഇപ്പോള്‍ 15 വര്‍ഷമാകുന്നു. അപകടത്തിന്റെ അടയാളങ്ങളൊന്നും ശേഷിച്ചില്ല. പ്രായത്തിന്റെ അവശതകളൊന്നും ഏശാതെ അദ്ദേഹം ഓടിനടക്കുന്നു.
അയ്യപ്പന് തനിക്ക് താങ്ങായി, തുണയായി ഒപ്പമുണ്ടെന്ന് ഓരോ അനുഭവങ്ങളിലൂടെ തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് രാമവര്‍മ്മയുടെ ചിന്തയും ജീവിതവും എല്ലാം അയ്യപ്പനൊപ്പമായി. പന്തളം രാജാവ് അയ്യപ്പന് പിതാവിന്റെ സ്ഥാനത്താണ്. അതിനാല്‍ ശബരിമലയിലെത്തി ദര്‍ശനം പാടില്ല. എന്നാല്‍, ആ മനസിന്റെ ശ്രീകോവിലില്‍ ആയിരം തിരിയിട്ട വിളക്കുപോലെ അയ്യപ്പന് ഉദിച്ചുയരുന്നുണ്ട്. ഭര്‍ത്താവിന്റെ ജീവിതത്തിലെ ഓരോ നിമിഷവും അടുത്തുനിന്ന് കാണുകയാണ് രുക്മിണിത്തമ്പുരാട്ടി. വിശ്വാസത്തിന്റെ വഴിയിലൂടെയുളള യാത്രയില്‍ തമ്പുരാട്ടി എപ്പോഴും കൂട്ടുണ്ട്. 72 വര്‍ഷത്തെ ജീവിതയാത്രയില്‍ ഇരുവരും പിരിഞ്ഞിരുന്നിട്ടുള്ളത് വളരെ കുറച്ച് മാത്രം.
ഏറിയാല്‍ രണ്ട് മാസം. പരസ്പരം മനസിലാക്കാനുളള മനസാണ് തങ്ങളെ ഇത്രയും കാലം ഒന്നാക്കി നിര്‍ത്തിയതെന്ന് തമ്പുരാട്ടി പറയുന്നു. ഭര്‍ത്താവ് വിശ്വാസത്തിന് മുഖം തിരിഞ്ഞ് നിന്ന കാലത്തും, ഇന്ന് വിശ്വാസവഴിയില്‍ ഉള്ളപ്പോഴും തന്റെ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ നന്മമാത്രമാണെന്ന് തമ്പുരാട്ടി. രാജ ദമ്പതികള്‍ക്ക് മക്കള്‍ നാലാണ്. മക്കളും മരുമക്കളും ചെറുമക്കളുമടങ്ങുന്ന വലിയ കുടുംബം. എല്ലാവര്ക്കും സ്നേഹത്തണലായി ഈ രാജാവും രാഞ്ജിയും വാഴുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: