കാഞ്ഞങ്ങാട്: പൂരക്കളി മറത്തുകളി രംഗത്തെ നിറ സാന്നിധ്യമായ കാഞ്ഞങ്ങാട് പി ദാമോദര പണിക്കരെ തേടി വീണ്ടും പുരസ്കാരമെത്തി. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റിന്റെ പുരസ്കാരമാണ് ഈ സംസ്കൃത പണ്ഡിതന് ലഭിച്ചത്. 1951 ല്‍ ജനിച്ച ദാമോദരന്‍ പണിക്കര്‍ ഹൈസ്കൂള്‍ പഠനത്തിന് ശേഷം പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്ന കുഞ്ഞിവീട്ടില്‍ എഴുത്തച്ഛന്റെ കീഴിലാണ് സംസ്കൃതവും പൂരക്കളി സാഹിത്യവും അഭ്യസിച്ചത്. പതിനെട്ടാം വയസ്സില്‍ പാണപ്പുഴ ഒറവങ്കര ഭഗവതി ക്ഷേത്രത്തില്‍ മറത്തുകളി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് സംസ്കൃതം, സാഹിത്യം, കാവ്യം, തര്‍ക്കം, അലങ്കാരം, ജ്യോതിഷം വേദാന്തം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താന്‍ ശിരോമണി കുഞ്ഞിക്കോരന് പണിക്കര്‍, കൊടക്കാട് മാധവന് നമ്പൂതിരി, ഒ.കെ മുന്‍ഷി എ കെ പി പയ്യന്നൂര്‍, രാമന്തളി കൃഷ്ണന് പണിക്കര്‍, സി എച്ച് സുരേന്ദ്രന് നമ്പ്യാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുപത്തഞ്ചാം വയസ്സില്‍ തൃക്കരിപ്പൂര്‍ കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള പട്ടും വളയും പ്രശസ്ത ഭക്തകവി ടി എസ് തിരുമുമ്പില്‍ നിന്നാണ് ഏറ്റുവാങ്ങിയത് . തുടര്‍ന്ന് നാല്‍പ്പത്തി രണ്ടാമത്തെ വയസ്സില്‍ മറത്തുകളി രംഗത്തെ പരമോന്നത ബഹുമതിയായ വീരശൃംഖല നീലേശ്വരം ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ലഭിച്ചു. സ്കൂള്‍ കലോത്സവങ്ങളില്‍ സബ്ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി വിധികര്‍ത്താവായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി 47 മറത്തുകളി അവതരിപ്പിച്ചിട്ടുണ്ട് .നിരവധി ശിഷ്യന്മാരെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കലാ സാംസ്കാരിക കായിക രംഗത്തും ശ്രദ്ധേയനായ പണിക്കര്‍ കബഡിയില്‍ ജില്ലാ സംസ്ഥാന ടീമുകളുടെ കുപ്പായമണിഞ്ഞ കായിക പ്രതിഭ കൂടിയാണ് . പാരലല്‍ കോളേജില്‍ സംസ്കൃത അദ്ധ്യാപകനായിരുന്ന ഇദ്ദേഹം മികച്ച ഒരു ആദ്ധ്യാത്മിക പ്രഭാഷകനുമാണ്. കേരള ഫോക് ലോര്‍ അക്കാദമിയില്‍ നിരവധി കാലം അംഗമായിട്ടുണ്ട്. 2001 ല്‍ കേരള സംഗീത നാടക അക്കാദമി സാരസ്വത പുരസ്കാരം നേടിയ ഈ അനുഷ്ഠാന കലാ വിദഗ്ധന്‍ 2010 ല്‍ ഫോക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചു. നാടക രംഗത്ത് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത പണിക്കര്‍ പൂരക്കളിയുമായി ബന്ധപ്പെട്ട കര്മ്മയോഗിയെന്ന സിനിമയില്‍ പൂരക്കളി പണിക്കരായി അഭ്രപാളിയില്‍ എത്തിയ കലാകാരന് കൂടിയാണ്. പരേതരായ ചാലില്‍ വളപ്പില്‍ അമ്പാടി അമ്മിണി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ഗീത. മക്കള്‍ ദീപക്, രഞ്ജിത്ത്, സംവിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: