ബന്തടുക്ക: ബന്തടുക്ക-സുള്ള്യ വനപാത നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. റോഡിലെ കണക്കൂര്‍ പാലത്തിന്റെ ഇരുവശത്തും മണ്ണിട്ട് നികത്തി ഉയര്‍ത്തുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്.
ബന്തടുക്കയെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 2016 ഏപ്രില്‍ 30നാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. പാലത്തിന്റെ ഇരുവശത്തും വലിയ കുന്നുകളാണ്. പഴയപാലം താഴ്ന്ന സ്ഥിതിയിലായിരുന്നതിനാല്‍ ഗതാഗതം ദുഷ്ക്കരമായിരുന്നു. ഇതു പരിഹരിക്കുന്നതിന് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2016 നവംബര്‍ 22ന് പഴയപാലം പൊളിച്ചു നീക്കി.
അതിന് ശേഷം പഴയപാലത്തിന് സമീപത്ത് തോട്ടില്‍ സിമന്റ് പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടു നികത്തി സമാന്തര പാതയുണ്ടാക്കിയാണ് ഗതാഗതം അനുവദിച്ചിരുന്നത്. വലിയ ഉയരത്തില്‍ പണിത പുതിയ പാലത്തിന്റെ ഇരു വശങ്ങളിലും മണ്ണിട്ടു നികത്തി വശങ്ങള് കരിങ്കല്ലു ഭിത്തി കെട്ടി ഉറപ്പിക്കുന്ന ജോലിയാണ് ഇനി നടക്കാനുള്ളത്. ഇതിനിടയില്‍ സമാന്തര റോഡിലൂടെയുള്ള ഗതാഗതം അപ്രായോഗികമാണെന്ന് സുള്ള്യ പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു. കേരള അതിര്‍ത്തിയായ കണ്ണാടിത്തോട്ടില്‍ നിന്ന് വനത്തിലൂടെയുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരെയാണ് കണക്കൂര്‍ പാലം. നിലവില്‍ ഇതുവഴി കര്‍ണ്ണാടകയില്‍ നിന്നുള്ള സ്വകാര്യ ബസ് ബന്തടുക്കയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് അടച്ചിടുന്നതോടെ പാലം വരെ മാത്രമേ ഗതാഗതം സാധ്യമാകൂ. മണ്ണിട്ടു നികത്തുന്ന ജോലി നാളെ ആരംഭിക്കുമെന്നും വേഗത്തില്‍ തീര്‍ക്കാനുള്ള നടപടി ഉണ്ടാകുമെന്നും പാലത്തിന്റെ കരാറുകാര്‍ പറയുന്നു. പാലത്തിന്റെയും അനുബന്ധ ജോലികളും പൂര്‍ത്തിയാകുന്നതോടെ വനപാതയിലൂടെയുള്ള ഗതാഗതം സുഗമമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: