നേരം പുലരും മുമ്പേ തുടങ്ങും ആ മഹാപ്രവാഹം. മഴക്കാട്ടിലും അടിക്കാട്ടിലും വെളിംപ്രദേശത്തുമൊക്കെ ഒളിപാര്‍ക്കുന്ന ചുവന്ന ഞണ്ടുകളാകെ കടല്തീരംനോക്കി ഒഴുകിത്തുടങ്ങും. ആയിരവും പതിനായിരവുമല്ല; ലക്ഷക്കണക്കിന,് ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകള്‍. ഇടിച്ചു തള്ളി ഒന്നും വകവയ്ക്കാതെ കടല്‍ക്കരയിലേക്കുള്ള ആ മഹാപ്രവാഹത്തില്‍ തടസ്സങ്ങളൊന്നും പ്രശ്നമല്ല. റോഡും തോടും വഴിയിലെ തിരക്കും അലറി വരുന്ന ഭാരവണ്ടികളും ചുവന്ന ഞണ്ടുകളുടെ ലക്ഷ്യബോധത്തിനു മുന്നില്‍ നിസാരം.
കടല്‍തീരത്തെത്തുന്ന ഞണ്ടുകള്‍ അദ്യം കടലിലിറങ്ങി കുളിക്കും. ശരീരത്തിലെ ഈര്‍പ്പം നിലനിര്ത്തുന്നതുറപ്പാക്കാന്. പിന്നെ മണല്‍ തീരത്ത് കുഴി കുത്തിത്തുടങ്ങും. ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്ക ്വാശിയോടെയാണ് കുഴികുത്തുക. അതിനു അവകാശം പറയാനോ ചോദ്യം ചെയ്യാനോ വരുന്ന സഹഞണ്ടുകളുമായി ഉഗ്രയുദ്ധം നടത്തും. അതിനിടെ അവയുടെ ഇണകളുടെ പ്രവാഹം തീരത്ത് എത്തിക്കഴിയും. ആണ് ഞണ്ട് ഒരുക്കിയ കുഴികളിലാണ് അവ ഇണചേരുന്നത്. ഇണചേര്ന്നാലുടന് കുഴിക്ക് പുറത്തെത്തും-തന്റെ ജോലിതീര്‍ന്ന മട്ടില്‍. ഒരിക്കല്‍ കൂടി കടലില്‍ കുളി. പിന്നെ പിന്നാലെ ഒഴുകി വന്നുകൊണ്ടിരിക്കുന്ന സഖാക്കളെ തള്ളിനീക്കി കാട്ടിലേക്ക് മടക്കം.
ഇത്രയും നടക്കുന്നത് ഒക്ടോബര്‍-നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്ക്കനുസരിച്ചുമാത്രം. കടലിലെ വേലിയേറ്റവും വേലിയിറക്കവും അളന്നുമുറിച്ചു കണക്കാക്കിയശേഷം. ജീവശാസ്ത്രത്തിലെ ഈ അത്ഭുത പ്രതിഭാസത്തിന് അരങ്ങൊരുങ്ങുന്നത് ഇന്ത്യാമഹാസമുദ്രത്തിലെ ചെറുദ്വീപായ ക്രിസ്മസ്ദ്വീപില്‍. ആസ്ട്രേലിയയുടെ ഭരണാധിപത്യത്തിലുള്ള ഈ ദ്വീപില്‍ ജനവാസംതന്നെ കുറവാണ്. ക്രിസ്മസ് ദ്വീപിലും തൊട്ടടുത്ത കീലിങ് ദ്വീപിലുമാണ് ചെങ്കുപ്പായക്കാരുടെ ഘോഷയാത്ര. ബഹുഭൂരിപക്ഷവും ക്രിസ്മസ്ദ്വീപില്‍. ആ ദ്വീപില്‍ മാത്രം പ്രായപൂര്‍ത്തിയായ 500 ലക്ഷം ചുവന്ന ഞണ്ടുകള്‍ ജീവിക്കുന്നുവെന്ന് ജന്തുശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ശാസ്ത്രനാമം ജിക്കാര്‍കോഡിയ നതാലിസ്. പരമാവധി നാലിഞ്ച് വലുപ്പം. പെണ് ഞണ്ടുകള്‍ക്ക് അല്്പം വലിപ്പക്കുറവാണ്. വയര്‍ വലുതാണെന്നതു പ്രധാന പെണ്‍ലക്ഷണം. ചെകിളകളാണ് (ഗില്‍സ്) ശ്വസനത്തിന് ഉപയോഗിക്കുകയെന്നതിനാല്‍ ശരീരത്തില്‍ സദാ നനവ് വേണം. അതുകൊണ്ട് സൂര്യതാപമേല്‍ക്കാന്‍ അവ അവസരമൊരുക്കില്ല. അതുകൊണ്ടാവാം കടല്‍ത്തീരത്തേക്ക് അവ കുതിക്കുന്നത് മഴക്കാലത്തിന്റെ ഈര്‍പ്പം നിറഞ്ഞുനില്ക്കുന്ന മാസങ്ങളിലാണ്.
ഇണചേര്‍ന്ന് മൂന്നാംനാള്‍ പെണ്‍ഞണ്ടുകള്‍ മുട്ടയിടും. പിന്നെയുള്ള പന്ത്രണ്ട് നാള് മുട്ടയ്ക്കൊപ്പം കണവന് തീര്ത്തകുഴിയില് അവര്‍ രാപാര്‍ക്കും. അതുകഴിഞ്ഞ് ചന്ദ്രന്റെ വൃദ്ധിക്ഷയത്തിനൊത്ത് വേലിയേറ്റസമയം നോക്കി അവ കടല്‍ത്തീരത്തെ പോടുകളിലും മൊട്ടക്കുന്നുകളിലുമൊക്കെ സ്ഥാനം പിടിക്കും. വെള്ളം തൊട്ടടുത്തുയരുമ്പോള് ശരീരത്തിന്റെ മുട്ടസഞ്ചിയഴിച്ച് കടലിലിടും. ഏതാണ്ട് 10000 മുട്ടകളാണ് അവ പുറത്തുവിടുന്നത്. കടല്‍വെള്ളത്തിന്റെ ചൂരുതട്ടിയാലുടന് ആ മുട്ടകളത്രയും വിരിയും. അവ ലാര്വകളായിമാറും. പിന്നെ ഒരുമാസക്കാലം ക്രിസ്മസ് ദ്വീപിന്റെതീരക്കടല് നിറയെ ഞണ്ടിന്റെ ലാര്‍വകള്‍ നിറയും. അവയെതിന്നുവിശപ്പടക്കാന് തിരണ്ടിയും തിമിംഗലവുംവരെ അക്കാലത്ത് തീരത്തണയുമെന്നത് കഥയുടെ മറുവശം. മുട്ടകള്‍ കടല്വെള്ളത്തിലിട്ടാലുടന് പെണ്‍ഞണ്ട് ഒരുകടല്ക്കുളികൂടിനടത്തും. തുടര്‍ന്ന് ശരീരത്ത് ശേഖരിച്ച ഈര്‍പ്പം നശിക്കുംമുന്പ് കാട്ടിലെത്താനുള്ള തന്ത്രപ്പാടായി. മുട്ടിയും തട്ടിയും വഴിപിരിഞ്ഞും അതിവേഗം അവ തങ്ങളുടെ വാസസ്ഥലത്തേക്ക് മടങ്ങും. ഒരുമാസം കഴിഞ്ഞ് ഞണ്ടിന്റെ രൂപമെടുക്കുന്ന ലാര്‍വകളും ഇതേപോലെ അടിക്കാടുകളിലെ തണുപ്പുതേടി ഉള്‍ക്കാടുകളിലേക്ക് പ്രയാണം ചെയ്യും.
റോഡുകളില്‍ വാഹനഗതാഗതം നിറുത്തി അവയ്ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ഞണ്ടുയാത്രയ്ക്കുള്ള മേല്‍പ്പാലവുമുണ്ട്. ചിലേടത്ത് ഞണ്ട് റോഡില്‍ കയറാതെ റോഡിന്റെ വശങ്ങള് മിനുസപ്പെടുത്തി ചോര്‍പ്പിന്റെ ആകൃതിയിലുള്ള അടിപ്പാലത്തിലൂടെ ഞണ്ടുകള്‍ക്ക് ഒഴുകിനീങ്ങാനുള്ള സൗകര്യമാണ്. മറ്റുചിലേടത്ത് ഞണ്ടുവേലികളുമുണ്ട്. അങ്ങനെ പലതും. ഇവയുടെ പ്രയാണങ്ങള്‍ അതിദ്രുതമാണ്. ആര്‍ക്കും തടുക്കാനാവില്ല. റോഡും തോടും ഭാരവണ്ടിയുമൊന്നും അവയെ തടഞ്ഞുനിര്‍ത്തില്ല. ആ പ്രയാണത്തില്‍ റോഡില്‍ വണ്ടികയറി മരിക്കുന്നത് ആയിരക്കണക്കിനു ഞണ്ടുകളാണ്. അവയുടെ കട്ടിയേറിയ മിനുത്ത ആവരണത്തില്‍ തെന്നി ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും സാഭാവികം. ഞണ്ടിന്റെ അസ്ഥിഭാഗങ്ങള്‍ കുത്തിക്കയറി വണ്ടികളുടെ ടയര്‍ പഞ്ചറാകുന്നതും സാധാരണ സംഭവം. സര്‍ക്കാര്‍ തലത്തിലും ഞണ്ടുകളുടെ ഇണചേരല്‍ യാത്രയ്ക്ക് ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാടുകളിലും പാറയിടുക്കുകളിലും പൊട്ടക്കുഴികളിലുമൊക്കെയാണ് ചുവന്ന ഞണ്ടുകള്‍ സൈ്വരജീവിതം നയിക്കുന്നത്. അല്ലായെങ്കില്‍ സ്വന്തമായുണ്ടാക്കിയ കുഴികളില്‍. അത്തരത്തിലുള്ള കുഴികള്‍ക്ക് ഒരൊറ്റ കവാടം മാത്രമേ കാണൂ. അവ നേരെചെല്ലുന്നത് ചെമ്പന്‍ ഞണ്ടിന്റെ സ്വകാര്യ അറയിലേക്കും. ശരീരോഷ്മാവ് കൂടിയാല്‍ ചുവന്ന ഞണ്ടുകള്‍ നശിക്കും. അതുകൊണ്ട് ചൂടുകാലത്ത് കഴിവതും അവ പുറത്തുവരില്ല.
ചൂട് കടക്കാതിരിക്കാന്‍ ഇലച്ചാര്‍ത്തുകൊണ്ട് കുഴിവാതില് ഭദ്രമായി അടയ്ക്കുകയും ചെയ്യും. ആരെങ്കിലും കടന്നുവന്ന് ശല്യപ്പെടുത്താനൊരുങ്ങിയാല് അങ്കംവെട്ടാനും ഇവയ്ക്ക് മടിയില്ല. താഴെവീഴുന്ന ഇലകളും കായ്കനികളും കരിയിലയുമൊക്കെ ഭക്ഷിച്ചാണ് ജീവിതം. ചത്ത ഞണ്ടുകളും ആഫ്രിക്കന്‍ ഒച്ചുകളുമൊക്കെ ഞണ്ടിന്റെ മെനുവില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകൃതിദത്ത ശത്രുവായ മാക്ലിയര് എലികളുടെ വംശനാശമാണ് ചുവപ്പന്‍ ഞണ്ടുകളുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാന്‍ കാരണമെന്ന് ജൈവവൈവിധ്യ ഗവേഷകര്‍ പറയുന്നു. പക്ഷേ ആഫ്രിക്കയില്‍നിന്ന് എങ്ങനെയോ ദ്വീപിലെത്തിച്ച മഞ്ഞനിറമുള്ള ഭ്രാന്തന് എറുമ്പുകള്‍ ചുവന്ന ഞണ്ടുകളുടെ ശത്രുക്കളാണിന്ന്. ദ്വീപിലെ ഞണ്ടുപെരുപ്പത്തിന് കടിഞ്ഞാണിടുന്നത് മഞ്ഞ എറുമ്പുകളുടെ കൂട്ടായ ആക്രമണമാണത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: