പ്രശസ്തി നിറഞ്ഞുനില്ക്കുന്ന പാലക്കാടന്‍ വാദ്യ ഗ്രാമമായ പല്ലശ്ശനയുടെ പൈതൃകവും പാരമ്പര്യവും പിന്തുടരുന്ന യുവകലാകാരനാണ് പല്ലശ്ശന രതീഷ് മാരാര്‍. പിന്മുറക്കാര് കൊട്ടിവെച്ച വഴിയില്‍ നിന്ന് പുതുകാലത്തിലേക്ക് കയറിയ രതീഷിന്റെ വാദ്യകലാ ജീവിതത്തിന്റെ വേഗവും താളവും ലയവുമെല്ലാം സമ്പന്നമായ തന്റെ സംഗീത സാമീപ്യം കൊണ്ട് സമ്പുഷ്ടമാണ്. ചെണ്ട, തിമില, ഇടക്ക തുടങ്ങി വ്യത്യസ്ത വാദ്യങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രയോഗ മികവു പുലര്‍ത്തുന്ന രതീഷിന് പ്രചോദനമായിട്ടുള്ളത് പാരമ്പര്യം പകുത്തു നല്കിയ ശ്രേഷ്ഠമായ കലാശേഷിപ്പുകളാണ്.
മേളം, തായമ്പക, പഞ്ചവാദ്യം, സോപാന സംഗീതം എന്നിവയിലെല്ലാം തന്റേതായ വഴിയടയാളം രേഖപ്പെടുത്തിയ രതീഷിന് പാണി തുടങ്ങി എല്ലാ ക്ഷേത്ര അടിയന്തിരച്ചടങ്ങുകളിലും അനുഷ്ഠാന കലകളിലുമുള്ള അറിവ് ആരിലും മതിപ്പുളവാക്കും.
എട്ടാമത്തെ വയസില്‍ പല്ലശ്ശനക്കാവില്‍ നടന്ന തായമ്പക അരങ്ങേറ്റം രതീഷിന്റെ വ്യത്യസ്ത വാദ്യവഴിയിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. പല്ലശ്ശന മാധവന്‍കുട്ടിയായിരുന്നു ഗുരു. തായമ്പകയിലെ പിന്നീടുള്ള ഉപരിപഠനം അമ്മാവനും പ്രശസ്ത തായമ്പക കലാകാരനുമായ കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി മാരാരുടെ ശിക്ഷണത്തിലായിരുന്നു. തായമ്പകയില്‍ തന്റേതായ ഒരു വഴി തുറന്ന് അതിലൂടെ സഞ്ചരിക്കുന്ന രതീഷിന്റെ തായമ്പകയില്‍ പാലക്കാടന്‍ ശൈലിയുടെ സൗന്ദര്യ ദര്‍ശനങ്ങള്‍ നിഴലിക്കുന്നു. തായമ്പകയില്‍ പാലക്കാടന്‍ ശൈലിയെ ഉപാസിക്കുന്ന രതീഷിന്റെ അടന്തക്കൂറിലുള്ള തായമ്പക സവിശേഷമാണ്. സംഗീതത്തിന്റേതായ കേള്‍വി സുഖം 12രതീഷിന്റെ തായമ്പക അനുവാചകരിലേക്ക് പകരുന്നു.
ഒമ്പതാമത്തെ വയസ്സിലായിരുന്നു പഞ്ചവാദ്യ അരങ്ങേറ്റം. തിമിലയിലെ ഗുരുവും പല്ലശ്ശന മാധവന്‍കുട്ടിയായിരുന്നു. പഞ്ചവാദ്യത്തിന്റെ ഉപരിപഠനാര്‍ത്ഥം പല്ലാവൂരിലെത്തിയ രതീഷിന് ലഭിച്ചത് പഞ്ചവാദ്യത്തിന്റെ മാത്രമല്ല ഇടയ്ക്ക, ചെണ്ട വാദ്യങ്ങളിലെ ഉന്നതപഠനം കൂടിയാണ്. ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിച്ചിരുന്ന പല്ലാവൂരില്‍ അന്ന് ഒരു വിദ്യാര്‍ത്ഥി മൂന്നു വാദ്യങ്ങളും പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അവിടുത്തെ ഗുരു പ്രശസ്തനായ പല്ലാവൂര്‍ മണിയന് മാരാരായിരുന്നു. രതീഷിന്റെ ഇടയ്ക്കയിലെ ഗുരുവും ഇദ്ദേഹം തന്നെ.
സോപാന സംഗീതത്തില്‍ അരങ്ങേറ്റം നടത്തിയത് പന്ത്രണ്ടാമത്തെ വയസ്സില്‍. പല്ലശ്ശന ചന്ദ്രന് മാരാരായിരുന്നു ഗുരു. കര്‍ണ്ണാടക സംഗീതത്തില്‍ ഗുരു പല്ലശ്ശന ഗീതാദേവിയായിരുന്നു. സംഗീതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം രതീഷിനെ സോപാനസംഗീത രംഗത്തും പ്രശസ്തനാക്കി. നിരവധി പേരെ സോപാന സംഗീത രംഗത്തേക്കു കൊണ്ടുവന്ന രതീഷ് സ്വന്തമായി ധാരാളം കീര്‍ത്തനങ്ങളും സോപാന സംഗീതത്തിനു വേണ്ടി രചിച്ചിട്ടുണ്ട്. യുവജനോത്സവ വേദികളില്‍ രതീഷിന്റെ നിരവധി ശിഷ്യന്മാര് സോപാനവുമായി രംഗത്തുണ്ട്.
രതീഷിന്റെ മറ്റൊരു വാദ്യകലാ മേഖലയാണ് മേളം. പ്രശസ്ത മേളം കലാകാരന്മാരായിരുന്ന പെരുന്തിരി ഈച്ചരന്‍ മാരാര്‍, എരവത്ത് രാമമാരാര്‍ എന്നിവരുമായുള്ള സമ്പര്‍ക്കത്താല്‍ മേളകലയുടെ ആഴങ്ങളിലേക്കിറങ്ങാന്‍ സാധിച്ചു. മേളകലയിലെ അഗാധമായ തന്റെ അറിവിന്റെ ഫലമായി നിലവിലുള്ള മേളങ്ങള്‍ക്കു പുറമേ രണ്ടു മേളങ്ങള്‍ രതീഷ് ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.
പതിനൊന്നു അക്ഷരകാലത്തില്‍ അവസാനിക്കുന്ന ഏകാദരി, പതിമൂന്ന് അക്ഷരകാലത്തില്‍ ത്രയോദരി. രണ്ടു മേളങ്ങളും നിരവധി വേദികളില്‍ അവതരിപ്പിച്ച് സ്വീകാര്യത നേടിയവയാണ്.
ഒരേ സമയം ഒന്നിലധികം വാദ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു വാദ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കിട്ടുന്ന പ്രശസ്തി ലഭിക്കില്ല എന്നതു വാസ്തവമാണെങ്കിലും ഇവയെല്ലാം സംയോജിപ്പിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം സംഗീതമാണെന്നു രതീഷ് പറയുന്നു. പണ്ടു നല്ല തിമില കലാകാരന്മാര് ചെണ്ടയിലും ഇടയ്ക്കയിലും വൈദഗ്ധ്യം നേടിയവരായിരുന്നു. ചെണ്ട പഠിക്കുന്നത് ഇടക്കയ്ക്കും തിമിലയ്ക്കും ഗുണം ചെയ്യുമെന്നാണ് രതീഷിന്റെ കണ്ടെത്തല്‍. തായമ്പകയിലെ പല എണ്ണങ്ങളും തിമിലയില്‍ പ്രയോഗിക്കാന്‍ ചെണ്ടക്കാരന് സാധിക്കും.
ഇരുപത്തൊന്നാമത്തെ വയസ്സില്‍ ക്ഷേത്ര അടിയന്തിരച്ചടങ്ങുകളിലെ വിശേഷമായ വലിയ പാണി കൊട്ടിയത് പല്ലശ്ശനക്കാവിലമ്മയുടെ അനുഗ്രഹമാണെന്ന് രതീഷ് പറയുന്നു. ക്ഷേത്രാനുഷ്ഠാന കലകളെക്കുറിച്ചുള്ള സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിമില കലാകാരനായ പല്ലശ്ശന രാജന് മാരാരുടേയും ഈച്ചരത്ത് മാരാത്ത് വത്സലയുടേയും മകനാണ് രതീഷ്. വൈവിധ്യമാര്‍ന്ന വാദ്യങ്ങളിലെ അവതരണങ്ങളില്‍ ആത്മീയാനന്ദം കണ്ടെത്തുന്ന രതീഷ് മൂന്നാമതൊരു മേളം രൂപപ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍.
ചിത്രങ്ങള്‍: സി.കെ. സുധീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: