തൃശൂര്‍: ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹ വിഷയം ചര്‍ച്ചചെയ്യാനുള്ള സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇക്കാര്യം മാത്രമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. ഗീതാഗോപി നല്കിയ വിശദീകരണം ജില്ലാ സെക്രട്ടറി യോഗത്തില്‍ അവതരിപ്പിക്കും.
പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്ത വിഷയമെന്ന നിലയില്‍ കടുത്ത ശിക്ഷണ നടപടിയുണ്ടാവേണ്ട ഗൗരവപ്പെട്ട വിഷയമാണ്. എന്നാലത് ദോഷകരമായി ബാധിക്കുമെന്നിരിക്കെ ശാസനയിലോ, താക്കീതിലോ നടപടിയൊതുക്കി മുഖം രക്ഷിക്കാനാണ് ആലോചന. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതാണ് ആഭരണങ്ങളും വിവാഹ ചിലവെന്നും വ്യക്തമാക്കിയുള്ളതാണ് ഗീതാഗോപി നല്കിയ വിശദീകരണം.
ഇതിനിടെ ഗീതാഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹ വിഷയം മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യരുതെന്ന് സി.പി.ഐയുടെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയില്‍ വിവാദ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു. എന്നാല്‍ ഇത് അനുവദിച്ചിരുന്നില്ല.
നേരത്തെ ഗീതാഗോപി പ്രതിനിധീകരിക്കുന്ന നാട്ടിക മണ്ഡലം കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങിയപ്പോഴും തടഞ്ഞിരുന്നു. തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സംഭവം വലിയ ചര്‍ച്ചക്ക് ഇടനല്‍കാത്ത വിധത്തില്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് ഗീതാഗോപിയെ ന്യായീകരിച്ച് കട്ടന്ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞുവെന്നും, വിവാഹത്തിലെ ആര്‍ഭാടം കണ്ട മാധ്യമങ്ങള്‍ മിശ്രവിവാഹമാണെന്ന നല്ല വശം കാണാതെ പോയെന്ന വിമര്‍ശനവുമായി സി.എന്‍.ജയദേവന് എം.പി.രംഗത്ത് വന്നതെന്നറിയുന്നു.
ആര്‍ഭാട വിവാഹം വിവാദമായതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച പാര്‍ട്ടിയംഗങ്ങള്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടി കടുത്ത ശാസനയെന്ന വിധത്തിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ചേര്‍ത്തലയില്‍ എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയുടെ വിവാഹം ഗീതാഗോപി എം.എല്‍.എക്ക് സമര്‍പ്പിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോന് സമൂഹമാധ്യമത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നത് വിവാദമായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച പ്രവര്‍ത്തകരോട് വിശദീകരണം ചോദിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: