മലപ്പുറം ജില്ലയിലെ കാവന്നൂര്‍ ഗ്രാമത്തിലൊരു ബാല്‍ താക്കറെയുണ്ട്. രാഷ്ട്രീയക്കാരനല്ലാത്ത വരയെ സ്നേഹിച്ച ബാല്‍ താക്കറെയെ ആരാധിക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ്. കാവന്നൂരിലെ മൂഴിപ്പാടം എന്ന സ്ഥലം ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. മൂഴിപ്പാടം എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ യാന്ത്രികമായി പറയും ഗിരീഷ് മൂഴിപ്പാടം. ജന്മഭൂമി, കേരളഭൂഷണം എന്നീ പ്രമുഖ പത്രങ്ങളുടെ പോക്കറ്റ് കാര്ട്ടൂണുകള് കൈകാര്യം ചെയ്യുന്നത് ഗിരീഷാണ്. കാര്‍ട്ടൂണിസ്റ്റ് എന്നൊരു ഗുണം മാത്രമല്ല ബാല്‍ താക്കറയെ സ്നേഹിക്കാന്‍ കാരണമെന്ന് ഗിരീഷ് പറയുന്നു. വരയും കുറിയുമല്ലാതെ അപാര പാണ്ഡിത്യമൊന്നുമുള്ള ആളല്ലായിരുന്നു ബാല്‍താക്കറെ. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത കാലത്താണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, ഏതെങ്കിലും അധികാര സ്ഥാനത്തെത്തുന്നതിലും ഒട്ടും താല്പര്യമില്ലാത്ത വ്യക്തിത്വം. വിവാദങ്ങളൊന്നും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. നല്ലൊരു കലാകാരനായതുകൊണ്ടാണ് ബാല്‍ താക്കറെയ്ക്ക് ഇതൊക്കെ സാധിച്ചതെന്ന് ഗിരീഷ് വിശ്വസിക്കുന്നു. കലാകാരന് ഒരിക്കലും ആരുടെയും അടിമയാകേണ്ടയാളല്ല. കലാലോകത്തിന് ചങ്കൂറ്റം പകര്‍ന്ന് നല്കിയ താക്കറെയെ അല്ലാതെ താന്‍ മറ്റാരെ ആരാധിക്കുമെന്നാണ് ഗിരീഷിന്റെ ചോദ്യം.
കാവന്നൂര്‍ മൂഴിപ്പാടം കിഴക്കേപ്പുറത്ത് രാമന്-ശാന്ത ദമ്പതികളുടെ മൂത്തമകനായ ഗിരീഷ് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സജീവമായി ചിത്രരചന ആരംഭിച്ചിരുന്നു. മഞ്ചേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കൊഞ്ഞനം’ മാസികയിലാണ് ആദ്യമായി വരച്ചത്. പോക്കറ്റ് കാര്‍ട്ടൂണ്‍ ആദ്യം ചെയ്തത് മലപ്പുറത്ത് നിന്നിറങ്ങിയിരുന്ന ‘മലബാര്‍ ടുഡെ’ എന്ന പത്രത്തിലും. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലിറങ്ങുന്ന മിക്ക പത്രങ്ങളിലും, മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും ഗിരീഷിന്റെ കാര്ട്ടൂണുകള് വന്നിട്ടുണ്ട്. അരീക്കോട് മൈസസ് പബ്ലിക് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകന് കൂടിയാണിപ്പോള്‍. ഭാര്യ: ഷൈനി, മക്കള്‍: ശ്രീനുഗിരി, സ്വാതിഗിരി.
ഒ.വി.വിജയന്റെ സ്കൂളില്‍ നിന്ന് വരയുടെ ലോകത്തേക്ക്
മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന് ഒ.വി.വിജയന് നല്ലൊരു കാര്ട്ടൂണിസ്റ്റുകൂടിയാണെന്ന് എല്ലാവര്ക്കും അറിയാം. ഒ.വി. വിജയന് പഠിച്ച അരീക്കോട് ജിഎംയുപി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഗിരീഷും. വരകളുടെ ലോകത്ത് ഒ.വി.വിജയന് എന്നും തനിക്ക് ഗുരുസ്ഥാനീയനാണെന്നും, അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തും വരയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗിരീഷ് പറയുന്നു.
കാര്ട്ടൂണെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് ഇത്തിരി വളച്ചൊടിക്കലും തമാശയുമുളള ഒരു ചിത്രരൂപമാണ്. സാക്ഷരരെങ്കിലും കടലാസ് മിതവ്യയം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന നമുക്ക് പരീക്ഷണങ്ങള്‍ക്കായി പത്രത്തിന്റെ ഏടുകള്‍ ധാരാളിത്തത്തോടെ കൈകാര്യം ചെയ്യാന്‍ വയ്യ. പോരെങ്കില്‍ വാര്‍ത്തകള്‍ അപഗ്രഥിക്കാന്‍ സ്ഥലം തേടുന്നതിനിടയില്‍ ആ അപഗ്രഥനത്തിന്റെ അതിരുകള്‍ കടന്ന് ബഹുദൂരം സഞ്ചരിക്കുക വിഷമവും. കാര്ട്ടൂണുകള് ഇന്ന് ഏറെക്കുറെ നിശ്ചിതവിഭാഗങ്ങളില്‍പ്പെടുന്നു. മുന്‍പേജിലോ എഡിറ്റ് പേജിലോ പ്രത്യക്ഷപ്പെടുന്ന, മുഖപ്രസംഗത്തെപ്പോലെയോ ശുദ്ധരാഷ്ട്രീയ കമന്ററിയായോ രചിക്കപ്പെടുന്ന എഡിറ്റോറിയല്‍ കാര്ട്ടൂണുകള്, പാതി രാഷ്ട്രീയവും പാതി ഹാസ്യവുമായ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍, തികച്ചും അരാഷ്ട്രീയമായ സ്ട്രിപ്പുകള്‍, കോമിക് കഥാമാലകള്‍ എന്നിങ്ങനെയൊക്കെ. ഈ ഭിന്നരൂപങ്ങള്‍ ചിലപ്പോഴൊക്കെ ഇന്ന് മറ്റൊന്നിന്റെ സ്വഭാവം പകര്‍ന്നുവെന്നു വരും. മറ്റു ചിലപ്പോള്‍ ഹാസ്യമില്ലാതെ വിഷാദത്തിലേക്ക് കടന്നെന്നു വരും. ചിലപ്പോള്‍ ശുദ്ധമായ കാവ്യപ്രദര്‍ശനമായെന്നുംവരും. ലളിതമായ വരകളുപയോഗിച്ച് ഒരു ദാര്‍ശനിക വിളംബരം സാധ്യമാണ്. ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം’എന്ന ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍ പുസ്തകത്തിന് അദ്ദേഹം എഴുതിയ ആമുഖക്കുറിപ്പിലെ ഈ വരികള്‍ കാര്‍ട്ടൂണിസ്റ്റുകളുടെ സത്യവാചകമാണെന്നാണ് ഗിരീഷിന്റെ പക്ഷം.
മൂഴിപ്പാടം മുതല്‍ നിയമസഭ വരെ
മൂഴിപ്പാടം എന്ന പേര് നിയമസഭയുടെ അകത്തളത്തിലേക്കെത്തിക്കാനും ഗിരീഷിനായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച ചിരിവര സഭ എന്ന പരിപാടിയില്‍ നാല് എംഎല്‍എമാരുടെ കാരിക്കേച്ചര്‍ തീര്‍ത്തത് ഗിരീഷിന്റെ കൈകളായിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് ചിരിവര സമ്മാനിച്ചത്. വരകളിലൂടെ തങ്ങള്‍ ഏറ്റവും കൂടുതല്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരെയാണ്. അവരെ നേരിട്ട് കാണാനും അഭിപ്രായം അറിയാനും കഴിഞ്ഞത് ഭാഗ്യം തന്നെ.
വ്യക്തിപരമായി കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് നിരവധി പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മലയാളത്തിലിറങ്ങിയ മുന്നൂറ്റമ്പതോളം പുസ്തകങ്ങള്‍ക്ക് ഇല്ലസ്ട്രേഷന് നിര്‍വഹിച്ചതും ഗിരീഷാണ്.
വിദ്യാസമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും അക്ഷരങ്ങളുടെ അകമ്പടിയില്ലാതെ കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്ന ജനകീയകലയായ കാര്‍ട്ടൂണില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ നാട്ടുകാരും ബന്ധുക്കളും സഹപ്രവര്‍ത്തകരും നല്കിയ പിന്തുണ ഗിരീഷ് നന്ദിയോടെ സ്മരിക്കുന്നു. സ്കൂള്‍തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും സംഘടനകളും നല്കിയ പുരസ്കാരങ്ങളാകട്ടെ എണ്ണിയാല്‍ തീരില്ല.
സ്വപ്നമായി മാറിയ മോഹം
സ്വന്തമായൊരു കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് ഗിരീഷ്. കോഴിക്കോട് അല്ലെങ്കില്‍ കൊച്ചിയില്‍ ഈ വര്‍ഷം തന്നെയതുണ്ടാകും. പക്ഷേ വലിയൊരു മോഹം അപ്പോഴും അവശേഷിക്കും. ബാല്‍ താക്കറെയെകൊണ്ട് തന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ആ മോഹം. ആഗ്രഹം ഇനി എന്തായാലും നടക്കില്ല, എങ്കില്‍ പിന്നെ ആരായിരിക്കും പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയെന്ന ചോദ്യത്തിന് മറുപടി ഒരു കള്ളച്ചിരിയിലൊതുക്കുന്നു. അത് അങ്ങനെയാണ് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചുതുടങ്ങുമ്പോള്‍ ആര്‍ക്കും ഒന്നും മനസിലാകില്ല, വര പൂര്‍ത്തിയായാല്‍ മാത്രമേ ചിത്രകാരന്റെ മനസ്സ് ആസ്വാദകന് തിരിച്ചറിയൂ. അതുപോലെ ഉദ്ഘാടനം. അത് നടക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: