പലപ്പോഴും പല കാര്യങ്ങളാണല്ലോ നാം ചര്‍ച്ച ചെയ്യാറ്. അങ്ങനെയെങ്കില്‍ ഒരു മാറ്റാമാവാമെന്ന് കരുതി. ഇത്തവണ കാലികവട്ടത്തെക്കുറിച്ചു തന്നെയാവട്ടെ. കഴിഞ്ഞയാഴ്ച കാലികവട്ടത്തിന് ആഹ്ലാദം പകര്‍ന്ന ചിലതുണ്ടായി. അതൊന്ന് പങ്കുവെക്കുകയാണ്. നമ്മുടെ തൃപ്രയാറിനടുത്ത ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് പോകണമെന്ന് നിശ്ചയിച്ചിരുന്നു. പ്രിയ കരീംകയും ഗിരീഷും അതോര്‍മ്മിപ്പിച്ചപ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ? സുഹൃത്ത് ജിനീഷിന്റെ കാറില്‍ പുലര്‍ച്ചെ യാത്ര. വാടാനപ്പള്ളിയില്‍ കാത്തുനില്ക്കുന്നു ഗിരീഷ്. അവിടെ നിന്ന് നേരെ കാരമുക്ക് ചിദംബര ക്ഷേത്രത്തിലേക്ക്. ഗുരുദേവസന്ദേശങ്ങള്‍ തിരുവിതാംകൂറിന് പുറത്ത് ആദ്യമായി പ്രചരിച്ചതും ആശ്രമം സ്ഥാപിച്ചതും പെരിങ്ങോട്ടുകരയിലാണ്.
1092 ഇടവം അഞ്ചിന് ഗുരുദേവന് കാരമുക്ക് ചിദംബര ക്ഷേത്ര പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠയാണെങ്കില്‍ നിലവിളക്കും. അജ്ഞാനാന്ധകാരത്തില്‍ ആണ്ടുകിടക്കുന്നവര്ക്ക് വേണ്ടത് ജ്ഞാനമാണെന്ന് കണ്ടറിഞ്ഞ ഗുരുദേവന് അതിന്റെ സൂചകമെന്ന നിലയിലാണ് നിലവിളക്ക് പ്രതിഷ്ഠിച്ചത്. അന്ന് കൊളുത്തിയ അഗ്നി ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിനുശേഷം ഒരിടത്തും ഗുരു, വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടില്ലെന്നാണ് അറിവ്. അജ്ഞാനം നീക്കാന്‍ വിദ്യതന്നെ വേണമെന്നതിനാല്‍ ഗുരു അവിടെ ഒരു പള്ളിക്കൂടവും സ്ഥാപിച്ചു. അതിപ്പോള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി വളര്‍ന്നിരിക്കുന്നു. ക്ഷേത്രവും സ്കൂളും ഒരേ മതില്‍ക്കെട്ടിനുള്ളില്‍. സരസ്വതീക്ഷേത്രമെന്നത് അന്വര്‍ത്ഥമായിരിക്കുന്നു. സ്കൂളില്‍ നിന്ന് പ്രവേശിക്കാന്‍ പ്രത്യേക കവാടവുമുണ്ട്. ഭക്തിയും ജ്ഞാനവും ഇത്ര സമഞ്ജസമായി പരിലസിക്കുന്ന ഇടങ്ങള്‍ വേറെയുണ്ടോ എന്ന് സംശയം. ക്ഷേത്രത്തിന്റെ ഒരു നൂറ്റാണ്ടിലേക്കുള്ള പ്രയാണം അതിന്റെ അവസാനഘട്ടത്തിലെത്തി നില്ക്കുന്നു. അതിവിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അന്നത്തെ അജ്ഞാനാന്ധകാരം മറ്റൊരുതരത്തില്‍ നാടിനെ ഗ്രസിച്ചിരിക്കുന്ന അവസരത്തില്‍ ഗുരുദേവദര്‍ശനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു മടങ്ങി.
അവിടെ നിന്ന് നേരെ ആവണങ്ങോട്ട് കളരിയിലേക്ക്. തികച്ചും യാദൃച്ഛികമായാണ് അവിടെയെത്തുന്നത്. ചാത്തന്മാരുടെ ആരൂഢമായ കളരിയെക്കുറിച്ച് ഐതിഹ്യമാലയില്‍ വിസ്തരിച്ച് വിവരിക്കുന്നുണ്ടെങ്കിലും മനസ്സില്‍ പതിഞ്ഞുകിടന്നിരുന്നില്ല. ഇന്നത്തെ നിലയ്ക്കു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ധാടിയും മോടിയുമുള്ള സ്ഥലമായാണ് തോന്നിയത്. കളരിയുടെ പരിസരത്ത് വണ്ടിനിര്‍ത്തുമ്പോള്‍ ഹോട്ടലിന്റെ സ്ഥലമാണെന്നും കളരിയിലേക്ക് പിന്നെയും പോകണമെന്നും കരുതി. എന്നാല്‍ സ്ഥലമതാണെന്ന് ഗിരീഷ് പറഞ്ഞപ്പോള്‍ അത്ഭുതവും ആശ്ചര്യവും. എത്ര വൃത്തിയോടെയാണ് പാര്‍ക്കിങ് സ്ഥലമുള്പ്പെടെയുള്ളിടങ്ങള് പരിപാലിക്കുന്നത്. ചുമതലപ്പെട്ടവര്‍ എത്ര സൗമ്യതയോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് ഇടപെടുന്നത്. ആളുകള്‍ അനവധിയുണ്ടെങ്കിലും എന്തൊരു ശാന്തത! അലൗകികമായ ഒരു ശക്തിവിശേഷം അവിടെയൊക്കെ തങ്ങിനില്ക്കുന്നത് ബോധ്യപ്പെടും. ഉത്സവം കഴിഞ്ഞ് അധികമായിട്ടില്ലെങ്കിലും അതിന്റേതായ ബാക്കിപത്രങ്ങള്‍ ഒന്നുമില്ല.
എല്ലാം അടുക്കുംചിട്ടയോടെയും തന്നെ. അവിടത്തെ ഇപ്പോഴത്തെ മഠാധിപതി രഘുരാമപ്പണിക്കരാണ്. ദീര്‍ഘവീക്ഷണമുള്ള വ്യക്തി. അതിന്റെ സൂചകങ്ങള്‍ കളരിയില്‍ അനവധി. ദര്‍ശനം കഴിഞ്ഞ് പോന്നിട്ടും അവിടേക്കൊരു പിന്‍വിളിയുമായി മനസ്സിന്റെ ഏതോ കോണില്‍ ചില സ്പന്ദനങ്ങള്‍. ഗുരുദേവന് തന്നെ പ്രതിഷ്ഠ നടത്തിയ സോമശേഖര ക്ഷേത്രമായിരുന്നു അടുത്തത്. 1078 മകരം എട്ടിന് പെരിങ്ങോട്ടുകരയില്‍ കുമാരനാശാനുമൊത്താണ് ഗുരുദേവന് എത്തിയത്. 1094 ല്‍ കുംഭത്തിലെ ചോതിയില്‍ സോമശേഖര പ്രതിഷ്ഠ നടത്തി. 1081 ല്‍ ശിവലിംഗസ്വാമി തുടങ്ങിയ ഭജനമഠമാണ് ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇപ്പോഴത്തെ ആശ്രമം. സ്വാമി ശുഭാംഗാനന്ദയാണ് മഠാധിപതി. ശിവചൈതന്യത്തിന്റെ ബോധതലങ്ങളിലൂടെ ഓട്ടപ്രദക്ഷിണത്തിനുശേഷം തൃപ്രയാറിലേക്ക്. അവിടെയെത്തുമ്പോള്‍ നാലമ്പലത്തില്‍ പുണ്യാഹം. ദര്‍ശനത്തിന് ഒരു മണിക്കൂര്‍ കാത്തുനില്ക്കണം. അതിനു നില്‍ക്കാതെ ആനേശ്വരത്തപ്പന്റെ സന്നിധിയിലേക്ക്.
അവിടെ സോപാനവും മറ്റും പിച്ചള പൊതിയുന്നതിനുള്ള ധനസമാഹരണ ചടങ്ങിന് സമയമായിരിക്കുന്നു. ഓരോ സംഘടനകള്‍ക്കുവേണ്ടിയും വ്യക്തികളായും സമര്‍പ്പണം നടത്തുന്നു. ആവണങ്ങാട്ട് കളരി മഠാധിപതി രഘുരാമപ്പണിക്കരാണ് ഏറ്റുവാങ്ങുന്നത്. അപ്പോള്‍ അപ്രതീക്ഷിതമായി തിരുനടയില്‍ ജന്മഭൂമിക്കും ആദരം. കാലികവട്ടത്തിന്റെ പേരില്‍ ലേഖകനെ രഘുരാമപ്പണിക്കര്‍ പൊന്നാടയണിയിച്ചു. അപ്രതീക്ഷിതമായ ആ സംഭവത്തിന്റെ ചൂടും ചൂരും ഇനിയും മാറിയിട്ടില്ല എന്നതാണ് വാസ്തവം. കരീംകയും ഒരുപാട് ഭക്തന്മാരും നിറഞ്ഞുനിന്ന ആ സദസ്സില്‍ നിന്ന് ജന്മഭൂമിക്കു കിട്ടിയ ആദരത്തിന് വല്ലാത്തൊരു ചാരുതയുണ്ട്. തൃപ്രയാറപ്പനെ ദര്‍ശിക്കാത്തതിന്റെ വിഷമം ഒരു ഭാഗത്ത് ഉരുണ്ടുകൂടിയപ്പോഴാണ് ഒന്നുകൂടി അവിടെ പോയി വരാമെന്ന് നിശ്ചയിച്ചത്. ഓടിക്കിതച്ചെത്തുമ്പോള്‍ നടയടക്കാന്‍ അല്പസമയം മാത്രം. തേവരാണെങ്കില്‍ ശീവേലിയിലാണ്. അതിനാല്‍ പിന്നാലെ നടന്നു; അതും ഭാഗ്യം.
സാധാരണഗതിയില്‍ നടക്കാത്ത കാര്യം. അതിന്റെ അനുഭൂതിയുമായി തിരിച്ച് ആനേശ്വരത്തേക്ക്. അവിടത്തെ അന്നദാനം നിലവിളക്ക് തെളിച്ച് തുടങ്ങാനും ഭാഗ്യം സിദ്ധിച്ചു. കരീംകയുടെ സമൃദ്ധമായ സല്‍ക്കാരത്തിനുശേഷം തിരിക്കുമ്പോള്‍ ആനേശ്വരത്തപ്പനും തൃപ്രയാറപ്പനും ആവണങ്ങോട്ട് കളരി ദേവതകളും ഒപ്പം തന്നെ ഉണ്ടെന്ന ആത്മവിശ്വാസം നല്കിയ ആഹ്ലാദത്തിന് അളവില്ല. എല്ലാം യാദൃച്ഛികം എന്ന് തമാശയ്ക്ക് പറയാറുണ്ടെങ്കിലും അതിങ്ങനെയൊക്കെയാവുമെന്ന് ആരറിഞ്ഞു?
**********
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴയചൊല്ലിന് പുതിയ ഭാഷ്യമുണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നമാണത്രെ. ഉത്തരപ്രദേശത്തിന്റെ മനസ്സുകീഴടക്കിയ പാര്‍ട്ടിയെ പുലഭ്യം പറയാന്‍ ഒന്നും കിട്ടാതായപ്പോള്‍ നമ്മുടെ മായാവതിയും കെജരിവാളും യന്ത്രത്തില്‍ കയറി പിടിച്ചിരിക്കുകയാണ്. നേരത്തെ ഇന്ദ്രപ്രസ്ഥത്തില്‍ കെജരിക്ക് നാലു വോട്ടുകിട്ടിയപ്പോള്‍ ഈ യന്ത്രത്തിന് ഒരു പ്രശ്നവുമില്ലായിരുന്നു. കൊതിക്കെറുവിന്റെ പുതുരൂപം ഇനിയും പലതരത്തില്‍ നമ്മുടെ മുമ്പില്‍വന്ന് തുള്ളാട്ടം നടത്തും. ഒരു പരിധി കഴിഞ്ഞാല്‍ സ്വയം ബോധ്യപ്പെട്ട് പൊയ്ക്കോളും. പപ്പുമോനും സംഘവും പുതിയ കച്ചവടം വല്ലതും തുടങ്ങുകയാണെങ്കില്‍ നമ്മുടെ യച്ചൂരി സംഘത്തേയും കൂട്ടിക്കൊള്ളട്ടെ; ഒരു ധൈര്യത്തിന്.
*** **** ***
യുപി തെരഞ്ഞെടുപ്പുള്പ്പെടെയുള്ളതിന്റെ ഫലം വന്നതിന്റെ പിറ്റേന്ന് പ്രധാനമന്ത്രിക്ക് പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ സ്വീകരണം നല്കുകയുണ്ടായല്ലോ. അതില്‍ അദ്ദേഹം നടത്തിയ ഉജ്വല ഭാഷണം കേട്ട് മതിമറന്ന കേരളത്തിലെ ഒരു പ്രശസ്ത സംവിധായകന് ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ വിളിച്ച് പറഞ്ഞതിങ്ങനെ: മോദി ഇങ്ങനെ പ്രസംഗിച്ചാല്‍ ആരാ അദ്ദേഹത്തെ സ്നേഹിച്ചു പോകാത്തത്. വെറുതെയാണോ പാര്‍ട്ടി ഇങ്ങനെ ജയിച്ചുകയറുന്നത്? വന്‍ വിജയം കൈപ്പിടിയിലാവുമ്പോഴും എളിമയോടെ പെരുമാറാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? ആത്മാര്‍ത്ഥതയും കഠിനാധ്വാനവും സഹജീവി സ്നേഹവും എന്തെന്ന് പഠിപ്പിച്ചുകൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉള്ളുറപ്പുകൊണ്ടുതന്നെ. പ്രകടനാത്മകതയ്ക്കപ്പുറത്ത് പ്രവര്ത്തനാത്മകതയാണ് നരേന്ദ്രമോദിയുടെ രീതി. അതുകൊണ്ടുതന്നെ അനുഭവിച്ചറിഞ്ഞവര്‍ പിന്നെയും പിന്നെയും സ്നേഹപൂര്‍വം കൈകള്‍ നീട്ടിക്കൊണ്ടിരിക്കും. അതുകണ്ടരിശംതീരാത്തവരോ പുരയ്ക്കുചുറ്റും മണ്ടിനടക്കും, അല്ല പിന്നെ!
*** **** ***
കാര്‍ട്ടൂണിയം
ഓരോരുത്തരും സ്വയം കുഴിയില്‍ ചാടണമെന്നു കരുതിയാല്‍ ആര്‍ക്കവരെ തടയാനാവും. വീണശേഷം അത് വിദ്യയാക്കുന്ന ടിയാന്മാരെ നമുക്കൊക്കെ നല്ല പരിചയമാണ്. അത്തരക്കാരില്‍ മുമ്പന്തിയില്‍ നില്ക്കുന്ന പപ്പുമോന്റെ തല്‍സ്ഥിതി വിവരണം നമ്മുടെ ഡക്കാണ് ക്രോണിക്ക്ള്‍ നല്‍കുന്നത് നോക്കുക. എന്താ പോരേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: