ജ്ഞാനസൂര്യന്റെ ശോഭയില്‍ വിരാജിക്കുന്ന ചിദാനന്ദ പത്മത്തിന്റെ സൗരഭ്യം ആസ്വദിക്കാന്‍ ജിജ്ഞാസയാലാവേശിതരായ ഷഡ്പദങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു. ശുദ്ധജലത്തിന്റെ തെളിമയാര്‍ന്ന മനസ്സോടുകൂടിയ മഹാത്മാവിന്റെ, പൂജനീയ ചിദാനന്ദപുരി സ്വാമികളുടെ മഹത്വമാണിത്.
മൊഹമ്മെദാബാദിലെ മാധവാനന്ദാശ്രമത്തില് താമസിച്ച് മഠാധിപതി സ്വാമി വിമലാനന്ദപുരി മഹാരാജില്‍ നിന്ന് സംസ്കൃതവും വേദാന്ത ശാസ്ത്രങ്ങളും സ്വായത്തമാക്കി. അതിനുശേഷം 1989 ല്‍ ലോകത്തിലെ തന്നെ സര്‍വ്വ സന്യാസിമാരുടെയും മനോമുകുരത്തില്‍ മഹിതസ്ഥാനം സിദ്ധിച്ചിട്ടുള്ള ഋഷികേശ് കൈലാസാശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ പരമപൂജനീയ സ്വാമി വിദ്യാനന്ദ ഗിരി മഹാരാജില്‍ നിന്നായിരുന്നു സന്യാസദീക്ഷ സ്വീകരിച്ചത്.
അവിടുന്നിങ്ങോട്ട് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനശിലയായി മാനിക്കപ്പെടുന്ന ശ്രുതി-യുക്തി-അനുഭവങ്ങളിലൂടെയും സമാജസേവന പന്ഥാവിലൂടെയുമുള്ള ഒരു ജൈത്രയാത്ര തന്നെയായിരുന്നു. അങ്ങനെയാണ്, തന്റെ ചാതുര്‍മാസ്യവ്രത നിര്‍വ്വഹണത്തിനുവേണ്ടി ചരിത്രപ്രസിദ്ധമായ ഗ്രാമമായ കൊളത്തൂരില്‍ 1990 ല്‍ എത്തുന്നത്.
(എം.ജി.എസ്.നാരായണന്റെയും ഡോ.എം.ആര്. രാഘവ വാരിയരുടെയും പഠനത്തിനു വിധേയമാക്കി കേരളത്തിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ശ്രീ കൊളത്തൂരപ്പന്‍ ക്ഷേത്രത്തിലെ ശിലാലിഖിതത്തെക്കുറിച്ച് ഡോ. എം. ആര്. രാഘവ വാരിയര്‍ എഴുതിയ ‘കുളത്തൂര്‍ ലിഖിതവും കുറുമ്പ്രനാട് രാജസ്വരൂപവും’ എന്ന ലേഖനം 1988 നവംബര്‍ മാസമൊടുവിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വേണാട്ടടികള്‍ ഇവിടെ വരികയും വഴിപാടുകള്‍ നടത്തുകയും ചെയ്തതിന്റെ സൂചനയായിരുന്നു വട്ടെഴുത്തു ലിപിയിലുള്ള ലിഖിതം).
സ്വാമി ഗുരുവരാന്ദാശ്രമത്തില് എത്തിയ യുവ സന്യാസിയുടെ സ്വതഃസിദ്ധമായ ജ്ഞാനപ്രകാശത്താല്‍ തദ്ദേശവാസികളും വിദൂരവാസികളും ആകൃഷ്ടരാവാന് തുടങ്ങി. സമ്പ്രദായ ശുദ്ധിയിലും ശാസ്ത്രീയതയിലും ഊന്നി സനാതനധര്‍മ്മ ശാസ്ത്രങ്ങളുടെ പഠന-പാഠനങ്ങളില്‍ മുഴുകി. ഇതിനിടെ ശ്രീ കൊളത്തൂരപ്പന്‍ ക്ഷേത്രപുനഃരുദ്ധാരണത്തിന്റെ മുഖ്യ നേതൃത്വവുമായി മുന്നേറി.
1992 ഒക്ടോബര്‍ മാസത്തില്‍ കൊളത്തൂരിലെ പൗരപ്രമുഖനായിരുന്ന മംഗലശ്ശേരി നാരായണ സ്വാമി ശ്രീ വല്ലോറക്കാവ് ക്ഷേത്രവും അനുബന്ധമായ സ്ഥലവും നല്കി. അവിടെയാണ് ചിദാനന്ദ പുരി സ്വാമികള്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്. ദക്ഷിണാമൂര്‍ത്തി സ്തോത്ര വ്യാഖ്യാനത്തോടെ ആരംഭിച്ച ആശ്രമം ശാങ്കരഭാഷ്യത്തെ മുന്‍നിര്‍ത്തി പ്രസ്ഥാനത്രയങ്ങളും (ഭഗവവദ് ഗീത, ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം), സംസ്കൃതഭാഷയും പ്രകരണഗ്രന്ഥങ്ങളും ശാസ്ത്രീയമായും സാമ്പ്രദായികമായും പഠിക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്.
നൈഷ്ഠിക ബ്രഹ്മചര്യം ദീക്ഷീച്ച് സാമ്പ്രദായികമായ രീതിയില്‍ സംസ്കൃതവും പ്രസ്ഥാനത്രയങ്ങളും മറ്റു ധര്‍മ്മശാസ്ത്രങ്ങളും ഗുരുകുലരീതിയില്‍ പഠിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും വേണ്ടി രണ്ടായിരമാണ്ടില്‍ മൃഡാനന്ദ സ്വാമികളാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ബ്രഹ്മവിദ്യാപീഠം ആദ്ധ്യാത്മികമണ്ഡലത്തിലെ ധ്രുവനക്ഷത്രമായി വിലസുന്നു.
വിശ്രമലേശമെന്യേ സമൂഹത്തില്‍ ജനമന പ്രബോധകങ്ങളായ ധര്മ്മപ്രഭാഷണങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയും പുരോഗമിക്കുമ്പോഴും അമ്പതോളം ഗ്രന്ഥങ്ങളുടെ കാര്ത്താവുമാണ്. പ്രസ്ഥാന ത്രയങ്ങളില്‍ ശ്രീമദ് ഭഗവദ് ഗീതയുടെ ശാങ്കരഭാഷ്യത്തിന് വ്യാഖ്യാനം ചമച്ചുകൊണ്ടിരിക്കുകയാണ്. പതിനെട്ട് അദ്ധ്യായങ്ങളില്‍, ഒമ്പതദ്ധ്യായങ്ങളാണ് ഇപ്പോള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ബാക്കി ഒമ്പതദ്ധ്യായങ്ങള്ക്കും ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനുമുള്ള വ്യാഖ്യാനത്തിന് കാത്തിരിക്കാം.
ധര്‍മ്മശാസ്ത്ര പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍, സമൂഹം അറിഞ്ഞും അറിയാതെയും നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കൂടുതലായി സേവനമേഖലയിലേക്ക് ശ്രദ്ധ പതിയണമെന്ന ഉദ്ദേശത്തോടെയാണ് ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് ഉടലെടുത്തത്. ഇതിന്റ പ്രഥമ സംരംഭമായാണ്, സമൂഹത്തില്‍ അശരണരായവരും ശ്രദ്ധയര്ഹിക്കുന്നവരുമായ ബാലന്മാരെ ഏറ്റെടുത്ത് ഉത്തമ പൗരന്മാരായി വളര്‍ത്തുന്നതിനു വേണ്ടിയുള്ള കേന്ദ്രമായി ശ്രീശങ്കര ബാലസദനം സ്ഥാപിതമായത്. ഇതിന്റെ ഉദ്ഘാടനം 2003 ല്‍ ആനക്കട്ടി (കോയമ്പത്തൂര്‍) ആര്‍ഷവിദ്യാ ഗുരുകുലാധിപതി ദയാനന്ദ സരസ്വതി സ്വാമികള്‍ നിര്‍വ്വഹിച്ചത് ആദ്ധ്യാത്മികതയിലൂന്നിയ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് നാഴികക്കല്ലായി ഈ സ്ഥാപനം വര്‍ത്തിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം ബാലന്മാര് ഇപ്പോള്‍ ആചാരസമ്പുഷ്ടമായ രീതിയില്‍ ഇവിടെ സഹവസിക്കുകയും സമീപത്തുള്ള വിദ്യാലയങ്ങളില്‍ പഠിക്കുകയും ചെയ്യുന്നു. ഇതിനു സമീപത്തായിത്തന്നെ ശ്രീശങ്കര വിദ്യാമന്ദിരം എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് ഹേതുവാണ്.
വിവിധ ശാഖകളിലേക്കും, സ്വാമിജിയുടെയും ആശ്രമത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. വിദ്യാഗുരു സ്വാമി വിമലാനന്ദ പുരി മഹാരാജ് മഠാധിപതിയായിരുന്ന മൊഹമ്മദാബാദ് മാധവാനന്ദാശ്രമം സ്വാമിജിയുടെ മഹാസമാധിക്കു മുമ്പുതന്നെ ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് സ്വാമിജിക്ക് ചിദാനന്ദ നാമം കല്പിച്ചു നല്കിയതും. ഈ ആശ്രമം സ്വന്തം പേരിലും ശ്രീശങ്കര അദ്വൈതാശ്രമം, ആനിക്കോട് (പാലക്കാട്), സന്യാസിശ്രേഷ്ഠനായിരുന്ന നിത്യാനന്ദ സ്വാമികളുടെ ജന്മദേശത്തുള്ള സദ്ഗുരു നിത്യാനന്ദാശ്രമം, നടുവണ്ണൂര്‍, ശ്രീശങ്കര സേവാശ്രമം, കൊടശ്ശേരി (മലപ്പുറം), ശ്രീശാരദ അദ്വൈതാശ്രമം, കോഴിക്കോട്, നരനാരായണാശ്രമം, മീനങ്ങാടി (വയനാട്) എന്നിവ സ്വാമിജി മാനേജിങ് ട്രസ്റ്റിയായ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലും പ്രവര്‍ത്തിക്കുന്നവയാണ്. അദ്വൈതാശ്രമത്തില്‍ ബ്രഹ്മവിദ്യാപീഠത്തില് താമസിച്ച് സ്വാമിജിയുടെ കീഴില്‍ ശിക്ഷണങ്ങളിലൂടെയും ശാസ്ത്രപഠനങ്ങളിലൂടെയും വാര്‍ത്തെടുക്കപ്പെട്ട് ദീക്ഷിതരായ ശിഷ്യഗണങ്ങളെയാണ് ഇതിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നിയോഗിച്ചിരിക്കുന്നത്.
സന്യാസി മണ്ഡലത്തിന്റെ രക്ഷക്കായി ബദ്ധശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്ന മാര്‍ഗദര്‍ശക് മണ്ഡലത്തിന്റെ കേരള ഘടകത്തിന്റെ പ്രസിഡണ്ടായും കാലികറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ പീഠത്തിലെ വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിച്ചുവരുന്നു.
കോഴിക്കോട്ടുവെച്ചു വിവിധ സാമുദായിക സംഘടനകളെയും സന്യാസാശ്രമങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് നടക്കാറുള്ള സനാതനധര്‍മ്മ പരിഷത്തിനും മഹാഭാരതം പോലുള്ള പ്രസ്ഥാനത്തിനും ചുക്കാന്‍ പിടിച്ചതും സ്വാമിജിയായിരുന്നു.
അമ്പതിലേറെ ഗ്രന്ഥങ്ങളുടെ പ്രസാധനത്തിനു പുറമെ അദ്വൈതാശ്രമം സത്സംഗം എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചുവരുന്നത് സമൂഹത്തെ അവബോധത്തിലേക്കു നയിക്കാന്‍ പര്യാപ്തമാണ്.
മാധവ്ജി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, പാഞ്ചജന്യം പുരസ്കാരം, സ്വാമി സിദ്ധിനാഥാനന്ദ പുരസ്കാരം, പണ്ഡിതരത്നം പുരസ്കാരം, പണ്ഡിറ്റ് കറുപ്പന് പുരസ്കാരം, യതി യാജ്ഞവല്ക്യ പുരസ്കാരം തുടങ്ങിയവ മകുടരത്നങ്ങളില് ചിലതുമാത്രം.
പണ്ഡിതരുടെയും മഹാത്മാക്കളുടെയും സമൂഹത്തിന്റെയും ഇച്ഛാ-സങ്കല്പങ്ങള്ക്ക് പാത്രീഭൂതമായ സ്വാമിജിയുടെ പ്രസ്ഥാനം-അദ്വൈതാശ്രമവും അനുബന്ധ സ്ഥാപനങ്ങളും-ഇന്ന് രജതജയന്തി ആഘോഷങ്ങളുടെ നിറവിലാണ്. ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ആഘോഷങ്ങള്‍ ഒരു വര്‍ഷം നീളുമ്പോള്‍ ദരിദ്രരും നിരാലംബരുമായ കുടുംബത്തിനു സമൂഹത്തിന്റെ സഹയോഗത്തോടെ വീടുനിര്‍മ്മിച്ചു നല്കുവാനുള്ള മംഗളാലയം പദ്ധതി, കൊളത്തൂര്‍ ഗ്രാമത്തെ ഹരിതാഭമാക്കി വരുംതലമുറക്കുവേണ്ടി നാടിനെ സംരക്ഷിക്കാനും ശീതളിമയിലേക്കു നയിക്കാനുമുതകുന്ന ഗ്രാമവനിക പദ്ധതി, തങ്ങളുടെ ജീവിതാസായാഹ്നംവരെ സമൂഹത്തിന്റെ സര്വ്വതോന്മുഖമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരും തീര്‍ത്തും നിരാലംബരുമായ വൃദ്ധജനങ്ങള്ക്കുവേണ്ടിയുള്ള ഒരു സേവാകേന്ദ്രം, ദരിദ്രരായ രോഗികള്‍ക്കായി അലോപ്പതി, ആയുര്‍വേദം, ഹോമിയോപതി വിഭാഗങ്ങളുള്ള ഒരു ഡിസ്പെന്‍സറി തുടങ്ങിയ സേവാപ്രവര്‍ത്തനങ്ങളും സമൂഹബോധവത്കരണത്തിനുവേണ്ടി പതിനാലു ജില്ലകളിലും സംഘടിപ്പിക്കുന്ന ധര്മ്മസംവാദങ്ങളും നടന്നുവരുന്നു.
അറിവിന്റെയും അനുഭവത്തിന്റെയും പരിപക്വാവസ്ഥയില്‍, പരിണതപ്രജ്ഞതയില്, നിലകൊള്ളുന്ന ഈ യതിവര്യനില്നിന്ന് ലോകസംഗ്രഹാര്‍ത്ഥം നിസ്വാര്‍ത്ഥമായി പകരുന്ന അറിവുകളുടെ മുത്തുമണികളും സേവാപ്രവര്‍ത്തനങ്ങളും സമാജോന്നതിക്ക് ഉപകാരപ്രദമാവും എന്നതില്‍ സംശയമില്ല. ആദ്ധ്യാത്മികതയുടെയും ഭൗതികതയുടെയും സമന്വയത്തിലൂടെ സമാജത്തിനുവേണ്ടി ധര്‍മ്മശാസ്ത്രങ്ങള്‍ പഠിപ്പിക്കുകയും അര്ഹിക്കുന്നിടങ്ങളില് സേവനം നടത്തുകയും വഴി സ്വജീവിതത്തെ സമാജത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുന്ന ഈ മഹാത്മാവ് സന്യാസത്തിന് പുതിയ മാനം കുറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: