ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൊടുപുഴയിലെ സംഘശാഖയുടെ പ്രാരംഭകാലത്തെക്കുറിച്ച് അനുസ്മരിക്കാന്‍ അവസരമുണ്ടായി. തൊടുപുഴയിലെ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രധാനമായ കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്തി പത്രവും പുരസ്കാരവും നല്കാന് ക്ഷേത്രസമിതി ഈ ലേഖകനെയാണ് ഒഴിവുകണ്ടത്. ആറുപതിറ്റാണ്ടുകള്‍ക്കപ്പുറം ഇതേ കാവില്‍ വച്ച് ഒരു കുംഭഭരണി ദിവസമായിരുന്നു ശാഖ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.
കാരിക്കോട്ടുകാവിനെപ്പറ്റി പറഞ്ഞാല്‍ പഴയ തിരുവിതാംകൂറില്‍ ഏറ്റവും ഭൂസ്വത്തുണ്ടായിരുന്ന ദേവസ്വമായിരുന്നുവത്രേ അത്. തൊടുപുഴ മുതല്‍ പെരിയാര്‍ വരെയുള്ള മുഴുവന്‍ വനമേഖലയും ആ ദേവസ്വം വകയായിരുന്നു. വനങ്ങളില്‍ വാരിക്കുഴികള്‍ നിര്‍മിച്ച് ആനയെ പിടിച്ച ചരിത്രവും മുമ്പ് അവയെ ചട്ടം പരിശീലിപ്പിക്കാന്‍ തൊടുപുഴയില്‍ ആനക്കൂടും, അടുത്ത് ആനക്കടവുമുണ്ടായിരുന്നു. കൂട്ടില്‍ ആനകളെക്കണ്ട ചിലരെങ്കിലും ഇപ്പോഴുമുണ്ട്. ഇന്നവിടെ ആനക്കൂട് എന്ന ബസ് സ്റ്റോപ്പു മാത്രമാണുള്ളത്. അവിടെ ചട്ടം പഠിച്ച് ക്ഷേത്ര സന്നിധിയില്‍ നാമകരണം ചെയ്യപ്പെട്ട ആനയാണ് തിരുനക്കര കൊച്ചു കൊമ്പന് എന്ന പേരില്‍ കോട്ടയത്തുകാരുടെ വാത്സല്യഭാജനവും ദേവസ്വം ബോര്‍ഡിന്റെ അഭിമാനവുമായിരുന്ന നീലകണ്ഠന്.
കാരിക്കോട്ടുതന്നെ ഏഴുന്നൂറുവര്ഷമെങ്കിലും പഴക്കമുള്ള അണ്ണാമലനാഥ ക്ഷേത്രമുണ്ട്. ലോക പുരാവസ്തു രേഖകളില്‍ സ്ഥാനംപിടിച്ച അവിടെനിന്ന് ലഭിച്ച വിഗ്രഹങ്ങള്‍ പല പ്രസിദ്ധ പുരാവസ്തു മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പുരാവസ്തു വകുപ്പിന്റെയും വിദഗ്ദ്ധരുടെയും നിരീക്ഷണത്തില്‍ ആ ക്ഷേത്രം അതിന്റെ മൂലമാതൃകയില്ത്തന്നെ, പഴയ ശിലാതളിമങ്ങളും സ്തംഭങ്ങളും ഉപയോഗിച്ച് പുതുക്കിപ്പണിതിട്ടുണ്ട്. പ്രാചീനമായ കീഴ്മലൈ നാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട് എന്നാണ് ചരിത്രം. സമീപസ്ഥലങ്ങളിലെല്ലാം നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ദേവാലയങ്ങള്‍ ഉണ്ട്. മധുരയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്കുണ്ടായിരുന്ന വാണിജ്യമാര്‍ഗം കാരിക്കോടുവഴിയിലായിരുന്നു. കോട്ടവഴിയെന്നറിയപ്പെട്ടിരുന്ന ആ നടക്കാവ് ഇന്നും നിലനില്ക്കുന്നു. അതു പുതിയ ഹില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായ പരിഷ്കാരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
സംഘശാഖയുടെ പ്രാരംഭം എഴുതാന്‍ തുടങ്ങി കുറെ കാടുകയറി. പൂജനീയ ഗുരുജിയുടെ അന്പത്തൊന്നാം പിറന്നാളിനോടനുബന്ധിച്ച്, രാജ്യവ്യാപകമായി രാഷ്ട്ര ജാഗരണ പ്രസ്ഥാനവും, ശ്രദ്ധാനിധി സമാഹരണവുമായി 51 ദിവസത്തെ പരിപാടികള്‍ എല്ലായിടത്തും നടന്നുവന്നു. പഠിപ്പുകഴിഞ്ഞ് നാട്ടില്‍ എത്തിക്കഴിയുന്നതിനിടെ ഭാസ്കര്‍ റാവുജി കത്തിലൂടെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. അതുപ്രകാരം ഒന്നുരണ്ടു സുഹൃത്തുക്കളുമായി സംസാരിക്കാന്‍ കണ്ടെത്തിയത് കുംഭ ഭരണി നാളായി എന്നുമാത്രം. പഴവീട്ടില്‍ ഗോപാലന് എന്ന ബാല്യകാല സുഹൃത്ത് ഒരുമിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടക്കുന്നതിനിടെ ഗോപിച്ചേട്ടന് എന്ന് വിളിച്ചിരുന്ന ഒരു സുഹൃത്തിനെ കൂടി കിട്ടി. അദ്ദേഹം ബോംബെയില്‍ മോട്ടോര്‍ വെല്‍ഡിങ് ജോലിയുമായി കഴിഞ്ഞപ്പോള്‍ അടുത്തു നടന്നുവന്ന സംഘശാഖ കാണുകയും താല്പര്യമെടുക്കുകയും ചെയ്തിരുന്നു. അവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റു ചിലരെയുംകൂട്ടി ശാഖ ആരംഭിക്കാന്‍ പരിപാടിയിട്ടു.
ഈ വിവരം എങ്ങനെയോ അറിഞ്ഞ് 1947 ഡിസംബറില്‍ തിരുവനന്തപുരത്തെ ശ്രീഗുരുജിയുടെ പരിപാടിയില്‍ കമ്യൂണിസ്റ്റ് യുവാക്കള്‍ കൈയേറ്റം നടത്തി പരാജയപ്പെട്ടു പോയതിന്റെ ദൃക്സാക്ഷിയായിരുന്ന ഒരു കൃഷ്ണന് ചേട്ടനും വന്നു. അങ്ങനെ ശാഖ ആരംഭിച്ചു. അശലകുശലന് എന്ന് കൂട്ടുകാര്‍ വിളിച്ചുവന്ന ഒരു നാരായണനും കൊട്ടാരക്കരയ്ക്കടുത്ത് മങ്കുഴിയെന്ന നാട്ടുകാരന് ശങ്കരന് എന്ന തയ്യല്‍ക്കാരനും ആലപ്പുഴക്കാരന് താലൂക്ക് ആഫീസ് ജീവനക്കാരന് രാജഗോപാലനും കൂട്ടത്തില്‍ ചേര്‍ന്നു. അദ്ദേഹം മാധവജിയുമായി അടുപ്പമുള്ള ആളായിരുന്നു. എല്ലാവരും തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രമുറ്റത്തുണ്ടായിരുന്ന വേദിയില്‍ സമ്മേളിച്ച് സംഘശാഖ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.
ഈ പരാമര്‍ശിക്കപ്പെട്ടവര്‍ ആരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. പി.വി. ഗോപാലന് വളരെക്കാലം സജീവമായി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും ശാഖ ആരംഭിക്കാന്‍ കാരണമായതു ഗോപാലനായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം അത്ര സജീവമായിരുന്നില്ല. എറണാകുളത്ത് എളമക്കരയിലും ഇടപ്പള്ളിയിലുമായി അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നു. ഗോപാലന് കഴിഞ്ഞവര്‍ഷം അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം കുടുബാംഗങ്ങള്‍ കാരിക്കോട്ട് ഭഗവതിയുടെ സന്നിധാനത്തിലെത്തി പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തിയിരുന്നു.
കണ്ണാട്ട് ഗോപിച്ചേട്ടന് അന്തരിച്ച് ഒരാഴ്ചയേ ആയുള്ളൂ. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ശക്തി പകര്‍ന്ന ആളായിരുന്നു അദ്ദേഹം. ആ സമ്പര്‍ക്കത്തില്‍ പെട്ട് മുന്നോട്ട് വന്നവര്‍ അനവധിയായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിച്ച ചിലര്‍ ഗോപിച്ചേട്ടന്റെ ശ്രമത്താല്‍ ശാഖയില്‍ വരികയും, ഭാസ്കര്‍ റാവുജിയുമായി ബന്ധപ്പെട്ട് ആകെ മാറിയതായും അറിയാം. കഴിഞ്ഞവര്‍ഷം ഒരു ആസ്പത്രിയില്‍ കാത്തിരിക്കവേ സ്വന്തം ജീവിതത്തില്‍ വന്ന പരിവര്‍ത്തനത്തിന് ഭാസ്കര്‍ റാവുജി എങ്ങനെ കാരണമായി എന്ന് അദ്ദേഹം വികാരനിര്‍ഭരനായി വിവരിച്ചു.
ഗോപിച്ചേട്ടന് കുടുംബസഹിതം മൂവാറ്റുപുഴയിലാണ് താമസിച്ചുവന്നത്, അവിടെ സംഘപ്രവര്‍ത്തനവുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും മനസ്സുകൊണ്ട് തൊടുപുഴയിലെ സ്വയംസേവകനായി കരുതി. പ്രായസഹജമായ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ശല്യം ചെയ്തുവെങ്കിലും തൊണ്ണൂറാം വയസിലും പരിപാടികള്ക്കെത്തുമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പൂജനീയ സര്‍സംഘചാലക് മോഹന്‍ജി നാലുദിവസം തൊടുപുഴയില്‍ താമസിച്ച അവസരത്തില്‍ ഗോപിച്ചേട്ടന് കുടുംബസഹിതം അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടി എത്തുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.
1960 കളില്‍ ഗോപിച്ചേട്ടനും അദ്ദേഹത്തെപ്പോലെ തന്നെ ഇലക്ട്രിക് മോട്ടോര്‍ സംബന്ധമായ പണികളില്‍ വിദഗ്ദ്ധനായിരുന്ന ഗോപാലന് മേസ്ത്രിയും ഒരുമിച്ച് സ്ഥാപനം നടത്തിയ വര്‍ഷങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ പുഷ്കലദശയായിരുന്നു. കോഴിക്കോട് നടന്ന ജനസംഘം അഖിലഭാരത സമ്മേളനത്തിലേക്ക് പ്രതിനിധികളായി ഒട്ടേറെ പ്രമുഖര്‍ പോകുകയുണ്ടായി. മേസ്ത്രിയുടെ മക്കള്‍ എല്ലാവരും സജീവപ്രവര്‍ത്തകരായിരുന്നു. ഏതെങ്കിലും പരിവാര്‍ പ്രസ്ഥാനത്തിന്റെ ചുമതല അവര്‍ ഇന്നും വഹിക്കുന്നു. വിദ്യാഭാരതിയുടെ സംസ്ഥാന സഹകാര്യദര്‍ശി എ.ജി. രാധാകൃഷ്ണന് അവരില്പ്പെടുന്നു. രാധാകൃഷ്ണന്റെ ജ്യേഷ്ഠന് സുരേന്ദ്രന് കഴിഞ്ഞദിവസം അന്തരിച്ചു. സജീവമായ പ്രവര്‍ത്തനത്തില്‍ അദ്ദേഹം കുറേക്കാലമായി ഇല്ലായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മിക്കവാറും എന്നും തന്നെ ഒരു മുതിര്‍ന്ന സംഘപ്രവര്‍ത്തകന്റെ വിയോഗവാര്‍ത്ത കേള്‍ക്കേണ്ടിവന്നു. നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മുകുന്ദന്, അതിന് രണ്ടു ദിവസം മുന്‍പ് കേരളത്തില്‍ നിന്ന് ആദ്യമായി പ്രചാരകനായി വന്ന എം. കുമാരന് നായര്‍ അതിനും ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോഴിക്കോട്ടെ പഴയ സഹപ്രവര്ത്തകന് പി.എന്‍. ഗംഗാധരന് തുടങ്ങി മനക്കണ്‍ മുന്നില്‍ തെളിഞ്ഞുനില്ക്കുന്ന അനേകംപേര്‍ വിട്ടുപോയി.
1974 ല്‍ ജനസംഘത്തിന്റെ സംസ്ഥാന സമിതി തൊടുപുഴയില്‍ ചേര്‍ന്നപ്പോള്‍ അതിന്റെ ഒരുക്കങ്ങള്‍ ചെയ്തതില്‍ ഗോപാലന് മേസ്തിരിയും സുരേന്ദ്രനും മറ്റും മുന്‍നിരയിലുണ്ടായിരുന്നു. പരമേശ്വര്‍ജിയും രാജേട്ടനും കെ.ജി. മാരാരും ദേവകിയമ്മ, വിനോദിനിയമ്മ തുടങ്ങിയ മുതിര്‍ന്ന പ്രവര്‍ത്തകരും വീടുകളിലാണ് താമസിച്ചത്. സമിതിയംഗങ്ങളുടെ ആഹാരവും വീടുകളിലായിരുന്നു. അന്നുപണി നടന്നുകൊണ്ടിരുന്ന ഇടുക്കി പദ്ധതിയിലെ ഭൂഗര്‍ഭ വൈദ്യുതിനിലയവും പെന്‍സ്റ്റോക്ക് തുരങ്കങ്ങളും സന്ദര്‍ശിക്കാന്‍ എം.ആര്.എസ്. മേനോന് എന്ന ബോര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ സാധിച്ചത് വലിയ നേട്ടമായി. മൂലമറ്റത്തെയും വാഴത്തോപ്പിലെയും ബോര്‍ഡിന്റെ അതിഥിമന്ദിരങ്ങളില്‍ വിശ്രമിക്കാനും ചെറുതോണി അണക്കെട്ടിലെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനവും പണിതീര്‍ന്ന ഇടുക്കി അണയ്ക്കു മുകളിലൂടെ നടക്കുവാനും, വെള്ളം നിറയ്ക്കുന്നതിന് മുമ്പത്തെ അഗാധമായ ഇടുക്ക് കാണുവാനും അന്നവസരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം നിശ്ചേതനമായ സുരേന്ദ്രന്റെ സമീപത്തു നിന്നപ്പോള്‍ അദ്ദേഹവും സഹോദരന്മാരും അച്ഛനും അമ്മയുമൊക്കെ അടങ്ങിയ ആ കുടുംബം പരിവാറിന് നല്കിയ കാര്യങ്ങള്‍ ഓര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: