ലഖ്നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുസ്ലിം മുഖമാണ് മൊഹ്സിന്‍ റാസ. ബിജെപി ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വക്താവായ മൊഹ്സിനെ മന്ത്രിയാക്കി മുസ്ലിങ്ങളെ തഴഞ്ഞുവെന്ന ആരോപണങ്ങളുടെ മുനയൊടിക്കാനും പാര്‍ട്ടിക്കായി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ മൊഹ്സിന്‍ ബിജെപിയിലെത്തുന്നത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുന്ന പാര്‍ട്ടിയില്‍ ചേരുന്നുവെന്നാണ് മുന്‍പ് കോണ്‍ഗ്രസുകാരനായ ഇദ്ദേഹം അന്നു പറഞ്ഞത്. ലഖ്നൗവിലെ പരിചിത മുഖമായ മൊഹ്സിന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുസ്ലിം മേഖലകളിലെല്ലാം പാര്‍ട്ടിയുടെ പ്രചാരണം നയിച്ചു. ഇവിടങ്ങളില്‍ കാര്യമായ ചലനവുമുണ്ടാക്കി. മറ്റുള്ളവര്‍ക്കുള്ള പ്രശ്നങ്ങള്‍ തന്നെയാണ് മുസ്ലിം സമുദായത്തിനെന്നും അതിനെ അതേ രീതിയില്‍ കാണണമെന്നുമാണ് ഇദ്ദേഹം നിലപാടെടുത്തത്.
ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുള്ള മൊഹ്സിന്‍ ‘ലഖ്നൗവിലെ രാജകുമാരന്’ എന്നാണ് അറിയപ്പെടുന്നത്. ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനിലൂടെയാണ് ക്രിക്കറ്ററായി വളര്‍ന്നത്. കളിക്കളത്തില്‍ മാത്രമൊതുങ്ങുന്നില്ല ഇദ്ദേഹത്തിന്റെ പാടവം. 1995ല്‍ ദൂരദര്‍ശനിലൂടെ പ്രശസ്തമായ ‘നീം കാ പേഡ്’ എന്ന സീരിയലിലും അഭിനയിച്ചു. 1999ല്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു. കോണ്‍ഗ്രസിന്റെ സ്പോര്‍ട്സ് സെല്ലിലൂടെ തുടക്കം. എന്നാല്‍, കോണ്‍ഗ്രസുകാര്‍ ഒതുക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു.
2010ല്‍ സഫിപൂര്‍ വികാസ് മഞ്ച് എന്ന സംഘടനയ്ക്കു രൂപം നല്കി. സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളിലായിരുന്നു പിന്നീട് ശ്രദ്ധ. ഷിയ മുസ്ലിമായ മൊഹ്സിന്റെ ഭാര്യ ഉന്നാവൊയിലെ പ്രമുഖ സുന്നി കുടുംബത്തില്‍ നിന്നുള്ള ഫൊസിയ സര്‍വത് ഫാത്തിമ. ബിജെപി നേതാവും മണിപ്പൂര്‍ ഗവര്‍ണറുമായ നജ്മ ഹെപ്ത്തുള്ളയുടെ ബന്ധു കൂടിയാണ് ഇവര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉന്നാവൊയിലെ സഫിപൂരില്‍ നിന്ന് മത്സരിച്ചെങ്കിലും 125 വോട്ടിന് രണ്ടാമതായി. സഫിപൂര്‍ വികാസ് മഞ്ച് പിരിച്ചുവിട്ടാണ് ബിജെപിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: