കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയെന്ന പേരില്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത സംഭവം പിണറായി സര്‍ക്കാരിന്റെ ഹിന്ദു ആചാരാനുഷ്ഠാനങ്ങള്ക്കെതിരായുള്ള നിലപാടിന്റെ ഭാഗമാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഹിന്ദു വിശ്വാസമനുസരിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് മതേതര വിരുദ്ധമല്ല. ഗോപൂജ നടത്തുന്നതും ഗോമാതാവിന് ജയ് വിളിക്കുന്നതും മതേതര വിരുദ്ധമല്ല. ഹിന്ദു ആചാരങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ ഒരു പൈസയും ഗോപൂജ നടത്താന്‍ ചിലവാക്കിയിട്ടില്ല. സംഭാവനയിലൂടെയാണ് ജയിലിലേക്ക് പശുക്കളെ ലഭിച്ചത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാടന്‍ പശുക്കളെ സംരക്ഷിക്കാനും വളര്‍ത്താനും വിവിധ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ സൗജന്യമായി ജയിലിലേക്ക് ലഭിച്ച പശുക്കളെ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുസ്ലീംമത പണ്ഡിതര്‍ക്കും കൃസ്തു മത പുരോഹിതര്‍ക്കും അവരുടെ മതചിഹ്നത്തിലും വേഷത്തിലും സംസ്ഥാനത്തെ ജയിലുകളില്‍ മത പ്രഭാഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തന്നെ സൗകര്യമൊരുക്കുന്നുണ്ട്. അതില്‍ തെറ്റ് കാണാത്ത സര്‍ക്കാര്‍ ഹിന്ദു ആചാരങ്ങളെ മാത്രം അവഹേളിക്കുന്നത് തികച്ചും മതേതര വിരുദ്ധമാണ്. സൂപ്രണ്ടിനെതിരെയുള്ള സസ്പെന്ഷന് നടപടി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: