കോട്ടയം: നാടിനെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാറിന് (28) വധശിക്ഷ. ഇതിനു പുറമേ നാല് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഒമ്പത് വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ചു. 2015 മെയ് 16ന് അര്‍ദ്ധരാത്രി പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഒരുവിധത്തിലുള്ള ദയയ്ക്കും, കരുണയ്ക്കും അര്‍ഹനല്ലെന്ന് വിധിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
കഴിഞ്ഞമാസം ആറിനാണ് വിസ്താരം പൂര്‍ത്തിയായത്. 14ന് നരേന്ദ്ര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ട കുടുംബത്തില്‍ ഇനി അവശേഷിക്കുന്ന ബിബിന്‍ ലാലിന് നഷ്ടപരിഹാരമായി മൂന്നു ലക്ഷം നല്‍കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഭാവഭേദങ്ങളില്ലാതെ, തീര്‍ത്തും നിര്‍വികാരനായാണ് ഇയാള്‍ ശിക്ഷാവിധി കേട്ടത്. കോടതിക്ക് പുറത്തെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ പ്രതികരണം ‘നോ ടെന്‍ഷന്‍’ എന്നായിരുന്നു.
കൊല്ലപ്പെട്ട പ്രവീണ്‍ലാല്‍ നടത്തിയിരുന്ന െ്രെഡക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദ്ര കുമാര്‍. ഇയാള്‍ക്ക് നാട്ടിലെ കടബാദ്ധ്യതകള്‍ തീര്‍ക്കാനുള്ള പണത്തിനായാണ് മൂന്നു പേരെയും കഴുത്തറത്തും ഷോക്കടിപ്പിച്ചും കൊന്നത്. ഇതിനു ശേഷം വീടിനുള്ളിലും പ്രസന്നകുമാരിയുടെ ദേഹത്തും ഉണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് നാടുവിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു.
ഒരു മാല, രണ്ട് വള, രണ്ട് മോതിരം, രണ്ട് കമ്മല്‍ എന്നിവയുള്‍പ്പെടെ എട്ട് പവന്റെ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ടോര്‍ച്ച്, 3000 രൂപ, മൂന്ന് വാച്ച്, ഒരു ട്രോളി ബാഗ് എന്നിവ കണ്ടെടുത്തു. പ്രസന്നകുമാരിയുടെ കമ്മല്‍ കാതോടുകൂടി അറുത്ത് മാറ്റുകയായിരുന്നു.
302-ാം വകുപ്പ് (കൊലപാതകം) പ്രകാരമാണ് വധശിക്ഷ. 397 (മോഷണത്തിനായി ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍), 457 (കുറ്റം ചെയ്യാനുളള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍) വകുപ്പുകള്‍ക്ക് വെവ്വേറെ ജീവപര്യന്തവും വിധിച്ചു. 380-ാം വകുപ്പിന് (മോഷണം) ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 461-ാം വകുപ്പ് (വീടിനുള്ളില്‍ അതിക്രമിച്ച് കയറി, സൂക്ഷിച്ച് വച്ചിരിക്കുന്ന സാധനങ്ങള്‍ അപഹരിക്കല്‍) പ്രകാരം രണ്ട് വര്‍ഷം തടവും 25,000 രൂപയുമാണ് പിഴ. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം.
എണ്‍പത്തിനാലു ദിവസത്തിനുള്ളില്‍ കുറ്റപത്രം തയാറാക്കി 2015 ഓഗസ്റ്റ് 10ന് സമര്‍പ്പിച്ചു. 74 സാക്ഷികളില്‍ 56 പേരെ വിസ്തരിച്ചു. 60 പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: