ചെന്നൈ: മണല്‍ ഖനന വ്യവസായി ജെ. ശേഖര്‍ റെഡ്ഡി വീണ്ടും അറസ്റ്റില്‍. അനധികൃത പണം ഇടപാടില്‍ ആദായ നികുതി വകുപ്പാണ് ഇത്തവണ പിടികൂടിയത്. പണവും സ്വര്‍ണവും കടത്തിയ കേസില്‍ കഴിഞ്ഞ ഡിസംബറില്‍ സിബിഐ അറസ്റ്റ് ചെയ്ത റെഡ്ഡി, 87 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെഡ്ഡിയുടെ ഡിണ്ടിഗലിലെയടക്കം ഓഫീസുകളില്‍ പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചു. ഇതിനു പിന്നാലെ അറസ്റ്റ്. നോട്ട് അസാധുവാക്കലിനു ശേഷം ഡിസംബറില്‍ റെഡ്ഡി, കൂട്ടാളികള്‍ പ്രേം കുമാര്‍, ശ്രീനിവാസലു എന്നിവരില്‍ നിന്ന് 130 കോടി രൂപയും 177 കിലോ സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിരുന്നു.
ഇതില്‍ 34 കോടി രൂപയുടേത് പുതിയ 2,000 രൂപ നോട്ടുകള്‍. നിരവധി തവണ കോടതികളെ സമീപിച്ചുവെങ്കിലും കഴഞ്ഞയാഴ്ചയാണ് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ സിബിഐയും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് അന്വേഷണം. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി രാമ മോഹന്‍ റാവു, മകന് വിവേക് പപ്പിസെത്തി, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലാണ്.
റിസര്‍വ് ബാങ്ക് സീരിയല്‍ നമ്പറുള്ള പുതിയ നോട്ടുകള്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് റെഡ്ഡിക്ക് ലഭിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
വെല്ലൂരിലും സമീപപ്രദേശത്തും ക്വാറികളും മണല്‍ ഖനന കേന്ദ്രങ്ങളുമുള്ള ശേഖര്‍ റെഡ്ഡിക്ക് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം. മധുര റിങ് റോഡ്, ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡ്, ലോക ബാങ്ക് പദ്ധതികള്‍ എന്നിവയുടെ കരാര്‍ ഇയാളുടെ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: