തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ മലപ്പുറത്ത് മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടുന്ന മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായ പി.കെ.കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുകയാണ് ഇടതുകക്ഷികള്‍ ചെയ്യേണ്ടത്. കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട ഫണ്ടില്‍ 2,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. 6,500 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ 3,300 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രൊപ്പോസല്‍ നല്‍കിയത്. 2,000 കോടി രൂപയുടെ പദ്ധതിക്ക് പ്രൊപ്പോസല്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല.
പദ്ധതി വിഹിതം ചെലവഴിച്ച് തീര്‍ക്കുന്നതിന് കേവലം എട്ടുദിവസം മാത്രം ബാക്കി നില്‍ക്കെ കേരളം ഇതുവരെ 56 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളാകട്ടെ ഫണ്ട് ചെലവഴിച്ചിരിക്കുന്നത് വെറും 43 ശതമാനം മാത്രവും. വന്‍കിട പദ്ധതികള്‍ക്ക് വേണ്ടിയുള്ള 2,536 കോടി രൂപയില്‍ ചെലവാക്കിയത് വെറും 231 കോടി രൂപമാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: