ന്യൂദല്‍ഹി: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലും 2016ല്‍, 180 എംബിബിഎസ് സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളും കരുണയിലെ 30 സീറ്റുകളുമാണ് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചത്. കൃത്രിമരേഖകള്‍ സമര്‍പ്പിച്ച് അനധികൃത പ്രവേശനം നടത്തിയ ഈ സ്വാശ്രയ മെഡി. കോളേജുകള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം ഏല്ക്കേണ്ടിവന്നു.
അനധികൃത പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മറ്റി നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. രണ്ടു കോളേജുകളിലുമായി 180 സീറ്റുകള്‍ ഈ വര്‍ഷം ഒഴിച്ചിടണം. കരുണ മെഡിക്കല്‍ കോളേജിലേക്ക് ജയിംസ് കമ്മറ്റി നിര്‍ദ്ദേശിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം പ്രവേശനത്തിന് മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രവേശന ക്രമക്കേടുകള്‍ മറച്ചുവെയ്ക്കുന്നതിനായി കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്ന മുന്നറിയിപ്പ് നല്കിയ സുപ്രീംകോടതി വിധി അനധികൃത പ്രവേശന നടപടികളുമായി മുന്നോട്ടു പോകുന്ന എല്ലാ സ്വകാര്യ മാനേജ്മെന്റുകള്‍ക്കും താക്കീതായി മാറി. ക്രമക്കേടുകളിലൂടെ പ്രവേശനം നടത്തിയ ശേഷം കോടതിയുടെ മുന്നിലെത്തി വിദ്യാര്‍ത്ഥികളുടെ ഭാവി കളയരുതെന്ന അഭ്യര്‍ത്ഥന നടത്തിയാണ് സ്വകാര്യ മാനേജ്മെന്റുകള്‍ കാലാകാലങ്ങളായി അനുകൂല വിധി നേടിയിരുന്നത്. എന്നാല്‍ ഇനി ഇതനുവദിക്കില്ലെന്ന് പ്രവേശനം റദ്ദാക്കിയ നടപടിയിലൂടെ സുപ്രീംകോടതി അടിവരയിടുന്നു.
ചട്ടങ്ങള്‍ ലംഘിച്ചും സുതാര്യതയില്ലാതെയും മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായും പ്രവേശനം പൂര്‍ണ്ണമായും റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കാതെയായിരുന്നു രണ്ടു മെഡിക്കല്‍ കോളേജുകളും പ്രവേശന നടപടികള്‍ ചെയ്തതെന്നും അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടേയും സീറ്റുകള്‍ ലഭിച്ചവരുടേയും വിശദാംശങ്ങള്‍ ജയിംസ് കമ്മറ്റിയില്‍ നിന്ന് മറച്ചുപിടിച്ചുവെന്നുമുള്ള കണ്ടെത്തലുകള്‍ സുപ്രീംകോടതി ശരിവെച്ചു.
ക്രമക്കേടുകള്‍ മറച്ചുപിടിക്കുന്നതിനായി വ്യാജരേഖകളാണ് കോളേജുകള്‍ സമര്‍പ്പിച്ചതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: