സംവിധായകന് കമല്‍, കമലയുടെ കഥ, ആമിയായി ചിത്രീകരിക്കാന്‍ തുടങ്ങി, 2017 മാര്‍ച്ച് 24ന്. മാധവിക്കുട്ടിയെന്ന് പ്രസിദ്ധയായ കമലാ ദാസിനെ കമല സുരയ്യയാക്കി മാറ്റിയ കഥ തന്നെയാവും ആമിയിലൂടെ കമല്‍ പറയുക എന്നാണ് പലരുടെയും വിശ്വാസം. ‘ആമി’ കമലയുടെ ചെല്ലപ്പേരായിരുന്നു. കുന്നംകുളത്തിനടുത്തെ പുന്നയൂര്‍ക്കുളത്ത് നീര്‍മാതളത്തിന്റെ ചുവട്ടില്‍ ചിത്രീകരത്തിന്റെ തുടക്കം കുറിച്ചപ്പോള്‍ ഒന്നേയുള്ളൂ ആശങ്ക- കമലിന്റെ കയ്യില്‍ കമല സുരക്ഷിതയായിരിക്കുമോ എന്ന്.
കമലാദാസിനെക്കുറിച്ച് സിനിമ ചിത്രീകരിക്കാന്‍ കമലിന് അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. തര്‍ക്കമില്ല. അതിന് കമല്‍ എന്ന സംവിധായകന്റെ കലാപ്രവര്‍ത്തനത്തിന് പുറത്തുള്ള രാഷ്ട്രീയ ജീവിതവുമായി ബന്ധം കല്പ്പിക്കേണ്ടതില്ല. എന്നുവെച്ച് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നവരെ വിമര്ശിക്കേണ്ടതുമില്ല. കാരണം, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് അങ്ങനെ ചില സ്വാതന്ത്ര്യംകൂടിയുണ്ടല്ലോ.
വിഷയം അതല്ല, യാഥാര്‍ത്ഥ്യവുമായി ഏറെ അടുത്തു നില്ക്കേണ്ടുന്ന ഒരു വിഷയം ചിത്രീകരിച്ച് സിനിമയാക്കുമ്പോള്‍ സംവിധായകന് കമല്‍ അതിനൊത്ത കയ്യടക്കം കാണിക്കുമോ, കയ്യിലിരുപ്പ് പുറത്തെടുക്കുമോ എന്നതാണ്. പ്രത്യേകിച്ച് പല കാരണങ്ങളാല്‍ ഏറെ ‘പ്രകോപിതനായ’ കമല്‍. അവിടെയാണ് കമല്‍ഹാസനും കമല്‍ എന്ന കമാലുദ്ദീനും തമ്മിലുള്ള സിനിമാപ്രവര്ത്തകരെന്ന നിലയിലുള്ള അന്തരം. ‘വിശ്വരൂപം’ സിനിമയുടെ വിഷയത്തിന്റെ, ഉള്ളടക്കത്തിന്റെ, അവതരണ രീതിയുടെ, അതിന്മേലുണ്ടായ വിമര്‍ശനത്തിന്റെ എല്ലാമെല്ലാം കാര്യത്തില്‍ കമല്ഹാസന് അനുഷ്ഠിക്കാന്‍ ശ്രമിച്ച സത്യസന്ധത കമല്‍ പ്രകടിപ്പിക്കുമോ? കണ്ടറിയണം.
ചരിത്രം സിനിമയാകുമ്പോള്‍ കാണിക്കേണ്ട സത്യസന്ധതയും അടക്കവും കമലിന്റെ സിനിമകളുടെ ചരിത്രത്തിലില്ല. ചമ്പക്കുളം തച്ചനെന്ന സിനിമയിലും സെല്ലുലോയ്ഡിലും മറ്റും മറ്റും ഇത് പ്രകടമാണ്, സിനിമാ ലോകം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. കല്‍പ്പനകളുടെ കാര്യത്തില്‍ കമല്‍ മിടുക്കനാണ്. കൃഷ്ണഗുഡിയിലെ പ്രണയകാലവും നിറവും മറ്റു പല സിനിമകളും തെളിവ്. പക്ഷേ സെല്ലുലോയ്ഡ് വലിയൊരു ചരിത്രച്ചതിയായിരുന്നുവല്ലോ. അത്തരം വികൃതികള്‍ കമലയുടെ കഥയില്‍, ആമിയില്‍ ഉണ്ടാവുമോ എന്നാണ് ആശങ്കിക്കേണ്ടത്.
ശരിയാണ്, കമലാദാസിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ചെയ്യുന്നത്. അതുകൊണ്ടുതന്നെ, യഥാതഥ ചിത്രീകരണമാവില്ല. പക്ഷേ അറിഞ്ഞുകൊണ്ട് ചില വെള്ളപൂശലുകള്‍ക്കും താറടിക്കലുകള്ക്കുമാണ് മുതിരുന്നതെങ്കിലോ എന്നത് ആശങ്കകള്‍ക്ക് ഇട നല്‍കുന്നതാണ്. കമലിന്റെ ഏറെക്കാലമായുള്ള നിലപാടും ഇപ്പോള്‍ വിമര്‍ശനങ്ങളില്‍ മുറിവേറ്റ കമലിന്റെ വാശിയും ആശങ്ക വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.
കേരളം – മലയാള സാഹിത്യം കണ്ട ആധുനികകാല വിസ്മയമാണ്, ഒ. വി. വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസം” എന്ന നോവല്‍. എന്തുകൊണ്ട് അത് ഇതുവരെ സിനിമയായില്ല. കാരണം, ചില എഴുത്തുകള്‍ ദൃശ്യവല്ക്കരിക്കാന് എളുപ്പമല്ല. സത്യസന്ധമായി അത് ചെയ്യാനാവില്ല. ചില ജീവിതങ്ങളും അതുപോലെയാണ്. കമലാദാസ്, മാധവിക്കുട്ടി, കമലാ സുരയ്യ എന്നിവരെ ആമിയിലൊതുക്കാന് തുനിയുന്ന കമലിന് എത്ര നീതികാണിക്കാന്‍ ആവുമെന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ ലക്ഷ്യം കാണല്‍. അത് പ്രേക്ഷകപക്ഷത്തെ പ്രശ്നമാണ്. കമലിന്റെ ലക്ഷ്യം എന്താണെന്നത് സിനിമ പുറത്തിറങ്ങിക്കഴിഞ്ഞേ അറിയാനാവൂ.
വാല്‍ക്കഷ്ണം : കമല്‍ രാഷ്ട്രീയം തുടരട്ടെ, സിനിമാ സംവിധാനം തുടരട്ടെ. കമലാദാസ് അനശ്വരയായി നില്ക്കട്ടെ. കമലയുടെ കഥ അങ്ങനെ തുടരട്ടെ, അത് ‘എന്റെ കഥ’യാണെന്ന് കമലിന് ന്യായീകരിക്കാന്‍ ഇടവരാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: