സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭ കഴിഞ്ഞയാഴ്ച കോയമ്പത്തൂരിനടുത്ത് എട്ടിമടയിലെ അമൃത വിശ്വവിദ്യാലയ വളപ്പില്‍ സമാപിച്ചു. നേരിട്ട് സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ദേശീയ ചുമതല വഹിക്കുന്ന സ്വയംസേവകരുമായി 1500ല്‍ പരം പേരാണ് അതില്‍ പങ്കെടുത്തത്. രാഷ്ട്രത്തെ പൊതുവേയും ഹിന്ദുസമാജത്തെ വിശേഷിച്ചും സംബന്ധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ വിശകലനം അവിടെ നടന്നു. സംഘത്തിന്റെ സംഘടനാപരവും ആശയപരവും പ്രവര്‍ത്തനപുരോഗതി സംബന്ധവുമായ കാര്യങ്ങളുടെ വിലയിരുത്തലും ഭാവികാര്യക്രമങ്ങളും ചര്‍ച്ച ചെയ്തിരിക്കുമെന്നു പറയേണ്ടതില്ല.
ഭാരതത്തിന്റെ രാഷ്ട്രീയരംഗത്ത് സുപ്രധാനമായ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു പ്രതിനിധിസഭ നടന്നതെങ്കിലും അതായിരുന്നില്ല അവിടത്തെ മുഖ്യ ചര്‍ച്ചാവിഷയം. ഉത്തരപ്രദേശില്‍ ബിജെപി നേടിയ ഐതിഹാസികമായ വിജയത്തെത്തുടര്‍ന്നുണ്ടായ പ്രത്യാശാനിര്‍ഭരമായ അവസ്ഥ അവിടെ ആശ്വാസത്തോടെയാവും സ്വാഗതം ചെയ്യപ്പെട്ടിരിക്കുക. അവിടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിക്കപ്പെട്ടത് സംഘത്തിന്റെ ആവശ്യപ്രകാരമാണെന്ന മാധ്യമപ്രചാരത്തെ സംഘനേതൃത്വം അസന്ദിഗ്ധമായി നിഷേധിച്ചു.
ലോക്സഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അംഗമാവുകയും നാലുതവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത യുവത്വം മാറാത്ത (സ്വന്തം ഭാഷയില്‍ രാഹുലിനെക്കാള്‍ ഒരു വയസ്സു താഴെയും അഖിലേശിനേക്കാള് ഒരു വയസ്സ് മുകളിലും) യോഗി 2014 ല്‍ മൂന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍പ്പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയിക്കുകയും ചെയ്തു. ഒരു ജനപ്രതിനിധിക്ക് മുഖ്യമന്ത്രിയാവാന്‍ ഇതിലേറെ എന്തു യോഗ്യതയാണ് വേണ്ടത്?
സംഘപ്രസ്ഥാനങ്ങളെ ആശയപരമായ തലത്തില്‍ തകര്‍ക്കാന്‍ ദശകങ്ങളായി പരിശ്രമിക്കുന്ന എന്‍. റാമിന്റെ ഹിന്ദുപത്രം ഉത്തരപ്രദേശിന്റെ കാര്യത്തിലും അതു തുടര്‍ന്നുവരികയാണ്. ഗോരഖനാഥ് പീഠാധിപനാണ് മുഖ്യമന്ത്രി ആദിത്യനാഥ്. ഗോരക്ഷയാണ് പീഠത്തിന്റെ ലക്ഷ്യംതന്നെ. സംസ്ഥാനത്ത് ഗോവംശ സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ പഴക്കമുള്ള നിയമങ്ങള്‍ നിലവിലുണ്ട്. അവയെ മറികടന്നുകൊണ്ട് നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയും നടക്കുന്ന കശാപ്പുശാലകളും മാംസവിപണിയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രിയായ ദിവസംതന്നെ യോഗി നല്കിയ ഉത്തരവില്‍ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്ത് വിവരം സമര്പ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളും മാംസവില്പ്പനശാലകളും പൂട്ടിക്കാന്‍ നല്കിയ നിര്‍ദ്ദേശവും രാജ്യവ്യാപകമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അവര്‍ ‘നിയമവിരുദ്ധമായ’ എന്ന വാക്കുപേക്ഷിച്ചാണ് വാര്‍ത്ത പ്രസിദ്ധം ചെയ്യുന്നതെന്നുമാത്രം, ഹിന്ദുപത്രം പോലും അങ്ങനെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അവരുടെ മുഖപ്രസംഗങ്ങളിലും, മുഖലേഖനങ്ങളിലും കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും സര്ക്കാരുകളെക്കുറിച്ചു പ്രസിദ്ധീകരിച്ചുവരുന്ന ലേഖനങ്ങള്‍ വിഷവും വിദ്വേഷവും അമര്‍ഷവും നിറച്ചുവച്ചവയാണെന്നു കാണാം.
അതില്‍നിന്നു വ്യത്യസ്തമായ ഒരു സമീപനം കഴിഞ്ഞ ദിവസത്തെ ഹിന്ദുപത്രത്തില്‍ (മാര്‍ച്ച് 23 വ്യാഴം) കണ്ടതാണീ കുറിപ്പെഴുതാന്‍ കാരണം. അവരുടെ ലേഖിക നിസ്തുലാ ഹെബ്ബാര്‍, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ദക്ഷിണേന്ത്യാ പഠനവിഭാഗം തലവനായ വാള്‍ട്ടര്‍ ആന്‍ഡേഴ്സണുമായി നടത്തിയ അഭിമുഖത്തിന്റെ വിവരങ്ങള്‍ ശ്രദ്ധേയമാണ്. ബ്രദര്‍ഹുഡ് ഇന്‍ സാഫ്റന്‍ (കാവിയിലെ സാേഹാദര്യം) എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്ഡേഴ്സണ് എഴുതിയ പുസ്തകം പ്രസിദ്ധമാണ്. ഭാരതത്തില്‍ സംഘപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്നതിന്റെ വസ്തുനിഷ്ഠമായ പഠനവും വിലയിരുത്തലും സ്വാഭിപ്രായവും നിറംപിടിപ്പിക്കാതെ പ്രകടിപ്പിച്ചതായിരുന്നു പുസ്തകം.
യൂറോപ്പിലും അമേരിക്കയിലും മറ്റും ഇത്തരം പഠനങ്ങളും ഗവേഷണങ്ങളും പണ്ടേ നടന്നുവന്നു. 1951 ല്‍ സംഘനിരോധനത്തിനുശേഷമുള്ള അവസ്ഥയില്‍ ജെ.എ. കുറന് എന്ന ഇംഗ്ലീഷുകാരന് മിലിറ്റന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്സ് എന്ന പഠനം പ്രസിദ്ധീകരിച്ചത് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നു വായിച്ചതോര്‍ക്കുന്നു. ഭാരതത്തിലെ തല്പരകക്ഷികള് ഗവേഷണ പ്രബന്ധങ്ങളെന്ന വ്യാജേന പടച്ചുവിടുന്ന പുസ്തകങ്ങള്‍ വിഷം നിറച്ചവയാണെന്നു പറയേണ്ടതില്ല.
സംഘ സ്വയംസേവകര്‍ തെരഞ്ഞെടുപ്പു സമയത്ത് കഠിനമായി പ്രയത്നിച്ചുവെങ്കിലും, അതിന്റെ ഏറ്റവും ഉജ്വല മനുഷ്യശേഷി ബിജെപിക്കായി നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന്, മോഹന്‍ ഭാഗവത്, തങ്ങള്‍ ഒന്നാമതായി സ്വയംസേവകരാണെന്നും, രാഷ്ട്രീയം വളരെ വ്യത്യസ്തമായ തൊഴിലാണെന്നും, സംഘത്തിന്റെ സ്വഭാവനിര്മാണമാണ് ധാര്‍മികമായി ഏറെ വിശിഷ്ടമെന്നും മുന്നറിയിപ്പ് നല്‍കിയതായി ആന്ഡേഴ്സണ് ചൂണ്ടിക്കാട്ടുന്നു. സംവരണം പോലുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹിന്ദുത്വമെന്ന്, തങ്ങള്‍ ദേശീയകൃത്യമെന്ന നിലയ്ക്കു ചെയ്തുവരുന്ന കാര്യങ്ങളെ തികച്ചും മനസ്സിലാക്കുന്ന ആദരണീയനായ മുന്‍ പ്രചാരകനാണ് ഭാഗ്യവശാല്‍ നരേന്ദ്ര മോദി.
ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് താല്പര്യജനകമെങ്കിലും ആപല്ഗര്ഭിതവുമാണത്രെ. അദ്ദേഹത്തിന്റെ വാഗ്വിലാസവും പ്രധാനമന്ത്രിയുടെ ദൗത്യത്തോടുള്ള പ്രതിബദ്ധതയും ഗുണകരമാണ്. ഹിന്ദുത്വപ്രമാണങ്ങള് ചോദ്യംചെയ്യപ്പെടാത്ത ആദിത്യനാഥിന്റെ സ്വഭാവശുദ്ധിയും, നരേന്ദ്ര മോദിക്ക് ആദ്യകാലത്തുണ്ടായ സന്യാസമോഹവും പരസ്പരം അനുഭാവമുണ്ടാകാന്‍ ഇടയാക്കിയിരിക്കാമത്രേ.
നരേന്ദ്ര മോദിയെയും ഡൊണാള്‍ഡ് ട്രമ്പിനെയും ആന്ഡേഴ്സന് താരതമ്യം ചെയ്യുന്നു. മോദി ദരിദ്രകുടുംബത്തില്‍ പിറന്ന് സേവനം ദൗത്യമായി സ്വീകരിച്ചവനാണെങ്കില്‍ ട്രമ്പ് ധനികനായി ജനിച്ച് ലാഭം മാത്രം ലക്ഷ്യമാക്കിയവനാണ്. മോദി താന്‍ അംഗമായ സംഘകുടുംബത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി സ്വയം കരുതുന്നു. ഇരുവരും തങ്ങളുടെ പാര്‍ട്ടികളിലെ അനിഷേധ്യ നേതാക്കളും, രാജ്യത്തെ വീണ്ടും മഹത്താക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്.
ഇന്ദിരാഗാന്ധിയെയും മോദിയെയും ആന്ഡേഴ്സണ് താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, അങ്ങനെ ചെയ്യാന്‍ അവരുടെ പശ്ചാത്തലത്തില്‍ ഒന്നുമില്ലെന്നായിരുന്നു ഉത്തരം. ഒരാള്‍ സമ്പന്ന കശ്മീരി ബ്രാഹ്മണ പ്രഭുകുടുംബാംഗം, മോദി സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ദേശീയതയുടെ പേരില്‍ സാമൂഹ്യവിപ്ലവം നയിച്ചുവന്നവനും ഇരുവരും ‘വിട്ടുകൊടു’ക്കാത്തവരും ആപല്‍ക്കരമായ നീക്കം നടത്തിയവരുമാണ്. ഒരാള്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, മറ്റേയാള്‍ അവമൂല്യനം നടപ്പാക്കി. തങ്ങള്‍ ദൗത്യം നിര്വഹിച്ചുവെന്നവര് കരുതുന്നു.
അയോധ്യയിലെ രാമജന്മഭൂമി പ്രശ്നം ചൂടുപിടിച്ചു വന്നപ്പോള്‍, അവിടെ ഒരിക്കലും ക്ഷേത്രം ഉയരരുത് എന്ന വാശിയോടെ നിലകൊണ്ടത് ഹിന്ദുപത്രവും അതിന്റെ പത്രാധിപര്‍ എന്‍. റാമുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാബര്‍ നിര്‍മിതിക്ക് സര്‍ക്കാര്‍ രേഖകളില്‍ ജന്മസ്ഥാന് മസ്ജിദ് എന്നും, സ്ഥലത്തിന് രാംകോട് എന്നുമായിരുന്നു പേര്. മാധ്യമങ്ങള്‍ തര്‍ക്കമന്ദിരം എന്നും പറഞ്ഞുവന്നു. എന്‍. റാം അക്കാലത്ത് എറണാകുളം പ്രസ്ക്ലബില്‍ വരികയും പ്രമുഖ പത്രപ്രവര്‍ത്തകരെയും ന്യൂസ് എഡിറ്റര്‍മാരെയും സംബോധന ചെയ്യുകയുമുണ്ടായി. അവിടെ അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ട കാര്യം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരിക്കലും മാധ്യമങ്ങള്‍ അനുവദിക്കരുതെന്നും, അതിന് ശക്തമായ നിലപാട് എടുക്കണമെന്നും, തര്‍ക്കമന്ദിരത്തിന് ബാബറി മസ്ജിദ് എന്നുതന്നെ പ്രചാരം നല്‍കണമെന്നുമായിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ അതു സര്‍വാത്മനാ ഏറ്റെടുത്തുവല്ലൊ. റാം ഈ ദൗത്യവുമായി പ്രമുഖ പ്രസ്ക്ലബുകളില്‍ പോയിരുന്നു.
അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റിനെയും, യുപി തെരഞ്ഞെടുപ്പു ഫലത്തെയും കുറിച്ചുള്ള ഹിന്ദുവിന്റെ അനുകൂല നിലപാടും, ഇപ്പോള്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെ വിലയിരുത്തുന്ന വാള്‍ട്ടര്‍ ആന്‍ഡേഴ്സന്റെ അഭിമുഖവും വായിച്ചപ്പോള്‍ എന്തോ കുരുട്ടുബുദ്ധി ഉയര്‍ന്നുവരുന്നുണ്ടെന്ന് ആശങ്ക തോന്നുന്നു. ”ചോഴിയന്‍ കുടുമൈ ശുമ്മാ ആടുമാ?’ എന്നാണല്ലൊ ചൊല്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: