ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോല്സവത്തില് മത്സരക്കമ്പമുണ്ടായി എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ കേസില്‍ പെടുത്താനുള്ള പോലീസ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പോലീസ് സ്റ്റേഷന് വളഞ്ഞങ്കിലും ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ സമയോചിത ഇടപെടലില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
ശൂരനാട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും കമ്പം നടത്താറുണ്ടെങ്കിലും ഇത്തവണ അത് വേണ്ടെന്ന് വെച്ചു. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ദീപക്കാഴ്ചയെ മല്‍സരക്കമ്പം എന്ന് വരുത്തി തീര്‍ത്ത് ഒരു മതസംഘടനയുടെ നേതൃത്വത്തിലുള്ള സ്വകാര്യചാനല്‍ വ്യാപകമായ പ്രചരണം നടത്തി. അമ്പലത്തിന് ഏറെ അകലെ‘ഭക്തര്‍ പൊട്ടിച്ച വീര്യം കുറഞ്ഞ ചൈനീസ് പടക്കത്തിന്റെ ദൃശ്യം കാട്ടി മല്സരക്കമ്പമെന്ന് വരുത്തിതീര്‍ത്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉന്നത ഉേദ്യാഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ശൂരനാട് പോലീസ് കേസെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ ക്ഷേത്രം ഭാരവാഹികളെ വസ്തുതകള്‍ മനസ്സിലാക്കി പോലീസ് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പോലീസ് തന്ത്രപരമായി ചുവട് മാറ്റി. കേസില്‍ മൊഴി എടുക്കാനെന്ന വ്യാജേന, ജാമ്യം നല്കി വിട്ടയച്ചവരെ വീണ്ടും ശാസ്താംകോട്ട സിഐ വിളിച്ചുവരുത്തി. എന്നാല്‍ മൊഴിയെടുത്ത പോലീസ് എഫ്ഐആറില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ തിരുകിക്കയറ്റാനുള്ള നീക്കമാണ് പിന്നീട് നടത്തിയത്. മൊഴിയെടുക്കാന്‍ വിളിച്ച ഭാരവാഹികളെ മനപൂര്‍വ്വം സ്റ്റേഷനില്‍ ഇരുത്തി വൈകിച്ചതോടെ പോലീസിന്റെ നിഗൂഡത മണത്തറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ പ്രതികരിക്കാന്‍ തുടങ്ങി. സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സിഐയുമായി ബന്ധപ്പെട്ടതോടെയാണ് പോലീസിന്റെ തനിനിറം പുറത്ത് വന്നത്. പ്രകോപനപരമായ അന്തരീക്ഷത്തില്‍ ജനം പോലീസ് സ്റ്റേഷന് ഉപരോധിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായി.
തുടര്‍ന്ന് ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര്.സുജിത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ് ജിതിന് ദേവ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് എന്നിവര്‍ പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രിയോടെ ക്ഷേത്ര ഭാരവാഹികളെ വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: