പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന 201516 ലെ ആരോഗ്യ കേരളം പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് പുളിക്കീഴ്, തോട്ടപ്പുഴശേരി പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനതല അവാര്‍ഡ് പട്ടികയില്‍ ബ്ലോക്ക് തലത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും ജില്ലാതല അവാര്‍ഡ് പട്ടികയില്‍ തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും നേടിയത് ജില്ലയ്ക്ക് അഭിമാനര്‍ഹമായി. സാന്ത്വന പരിചരണ രംഗത്തും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലും തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ മാസത്തില്‍ 16 തവണ കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി പരിചരണം നല്കി വരുന്നു.
സാന്ത്വന പരിചരണ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമായി തൊഴില്‍ പുനരധിവാസ പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിനായി രണ്ടര ലക്ഷം രൂപ ചെലവഴിച്ചു. പുളിക്കീഴ് സാമൂഹ്യാരോഗ്യ കേന്ദ്രം സാന്ത്വന പരിചരണ പരിപാടിക്കായി മൂന്നര ലക്ഷം രൂപയും മരുന്ന് വിതരണത്തിനായി ഒന്നര ലക്ഷം രൂപയും ചെലവഴിച്ചു.
ലബോറട്ടറി നവീകരണത്തിന് നാലര ലക്ഷം രൂപയും അറ്റകുറ്റപ്പണികള്‍ക്ക് രണ്ടര ലക്ഷം രൂപയും ചെലവഴിച്ചു. ആരോഗ്യ വകുപ്പിന്റെയും കിലയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംഘമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: