ആത്മാവ് നഷ്ടപ്പെട്ടാല്‍ സകലതും നഷ്ടപ്പെട്ടു എന്നാണ് ഒരുവിധപ്പെട്ട പണ്ഡിതന്മാരൊക്കെ പറയുന്നത്. ഒരുവന്റെ ശക്തിയും ശേഷിയും ആത്മാവിലാണത്രെ അടങ്ങിയിരിക്കുന്നത്. അങ്ങനെയിരിക്കെ അത് നഷ്ടപ്പെടുകയെന്നുവെച്ചാല് പിന്നത്തെ കഥയുണ്ടോ മന്നവാ പറയേണ്ടൂ. ഏതായാലും പത്തറുപതു കൊല്ലം ഈ ഇന്ത്യാ മഹാരാജ്യം ഭരിച്ചുരസിച്ചവര്ക്ക് ഈ ആത്മാവിനെപ്പറ്റി അത്ര നിശ്ചയം പോര. അതുകൊണ്ടാണല്ലോ ഇമ്മാതിരി പ്രശ്നങ്ങളൊക്കെ ഉരുണ്ടുകൂടിയത്. ആത്മാവ് അന്വേഷിച്ച് പോകുന്നവര്‍ വാസ്തവത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളവരാണെന്ന് കരുതരുത്. ആത്യന്തികശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരത്രേ അവര്‍. ഇന്ത്യാമഹാരാജ്യത്തിന്റെ ആത്മാവ് എവിടെയാണെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടതായി കാലികവട്ടത്തിന് അറിവില്ല. സഹൃദയരേ ആര്‍ക്കാനും അറിവുണ്ടെങ്കില്‍ താമസംവിനാ ഒന്നു വിശദമാക്കണേ. ആത്മാവിനെ തേടിപ്പിടിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയാണെന്ന് ആരും കരുതിയേക്കരുത്.
ഇന്ത്യയുടെ സ്വത്വം, ആത്മാവ്, ചിതി എന്നിങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് സംഘപരിവാറുകളാണെന്നാണല്ലോ വെപ്പ്. എന്നാല്‍ അങ്ങനെയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. നമ്മുടെ യച്ചൂരി സഖാവിന്റെ നേതൃത്വത്തില്‍ കുറെ കാലമായത്രേ ആയതിനായി തേരാപാരാ നടക്കുന്നു. ഈയടുത്ത നാളിലാണ് നാമറിഞ്ഞത് എന്നു മാത്രം. ഇന്ദ്രപ്രസ്ഥത്തിലെ സ്വന്തം കൂടാരത്തില്‍ യോഗം കൂടി ആത്മാവിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്താനിരിക്കെയാണ് ഏതോ ചില പീറപ്പിള്ളേര്‍ അങ്ങോട്ട് തള്ളിക്കേറി വന്നത്. തിരക്കില്‍പ്പെട്ട് യച്ചൂരിയദ്യം ഇടറിവീണെന്നത് നേരാണ്. വന്നവര്‍ ഹിന്ദുസേനക്കാരായിരുന്നത്രെ. ഹിന്ദു എന്നു കേട്ടാല്‍ മോദി ഭരിക്കുന്ന നാട്ടില്‍ ആര്‍എസ്എസ്-ബിജെപിക്കാരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ എന്നാണ് ഏകെജി ഭവന് ഭാഷ്യം. അങ്ങനെയെങ്കില്‍ എടുക്കെടാവടി, അടിയെടാ നോക്കി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍.
കേരളം, ത്രിപുര, ബംഗാള്‍ വഴി ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയ്ക്ക് ഇപ്പോള്‍ അത്ര കണ്ട് ശക്തി പോരെന്ന് നന്നായി മനസ്സിലാക്കിയ ഒരാളാണ് യച്ചൂരി. ഓരോരിടത്തെ ആത്മാവിനെക്കുറിച്ച് അറിയുമ്പോഴേക്കും അന്വേഷിക്കാനിറങ്ങിയവരെ ആത്മാവ് അകത്താക്കുന്ന സ്ഥിതിയാണ്. ബംഗാളിലെ ആത്മാവിനെ പേടിച്ച് ആ വഴി നേതാക്കളാരും പോകാറില്ലത്രേ. ത്രിപുരയില്‍ അത്യാവശ്യം നിലനില്ക്കുന്നു. ഏറ്റവും കൂടുതല്‍ ആത്മാവ് ഉള്ള സ്ഥലം നമ്മുടെ പൊന്നുതമ്പുരാന്റെ ഇടമായ കേരളരാജ്യം തന്നെ. അവിടുള്ളവര്‍ എന്തു പറയുന്നോ അതാണിപ്പോള്‍ ആത്മാവ് അന്വേഷകസംഘം കണക്കിലെടുക്കുന്നത്. യച്ചൂരിയദ്യത്തെ രാജ്യസഭയിലെത്തിക്കാന്‍ ആത്മാവ് നഷ്ടപ്പെട്ട സംസ്ഥാനത്തെ കൊടികെട്ടിയവര് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അത് കണിശമായി അരിവാളുകൊണ്ട് അരിഞ്ഞെറിഞ്ഞു നമ്മുടെ ഇരട്ടച്ചങ്കന്റെ നേതൃത്വം അതിന്റെ വേദനയുമായി നടന്നുനീങ്ങുമ്പോഴാണ് ഹിന്ദുസേനയുടെ രണ്ടുമൂന്ന് പിള്ളാര് വന്ന് മുദ്രാവാക്യം വിളിച്ച് തുള്ളിക്കളിച്ചത്. ഏതായാലും യച്ചൂരി നിലതെറ്റി വീണു. പാപഭാരം മുഴുവന്‍ സംഘപരിവാറിന്. അതിന് മനോഹരമായ ഒരു ഭാഷ്യവും വന്നു. തങ്ങള്‍ ഇന്ത്യയുടെ ആത്മാവ് തേടുകയാണ്. അത് സംഘപരിവാര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ക്കു നേരെ അക്രമം ഉണ്ടാവുന്നത്. ഏതായാലും നമ്മുടെ യച്ചൂരി സഖാവിന്റെ ആളുകള്‍ ഇന്ത്യയുടെ ആത്മാവ് തേടിക്കൊണ്ടിരിക്കുമ്പോള്‍ ആരും ശല്യം ചെയ്യരുത്. കാരണം ആത്മാവ് എന്താണെന്ന് ആര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. അത് കാണാനും അതുമായി സംവദിക്കാനും ആളുകള്‍ അത്യാകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. അധികം വൈകാതെ നമുക്ക് കാണാനാവും, അറിയാനാകും. അതുവരേക്കും നമുക്കങ്ങ് ക്ഷമിക്കാം. അഥവാ ഇനി വല്ല പ്രശ്നവും ഉദയം ചെയ്യുകയാണെങ്കില്‍ കങ്കാണിപ്പണിയും ആങ്കറിങ്ങും ഒന്നാണെന്ന് കരുതുന്ന ഒരു ചങ്ങാതി മാതൃഭൂമി ചാനലില്‍ കയറിയിരിപ്പുണ്ട്. ടിയാനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടാം, ന്തേയ്.
*** *** *** ***
ഈ ആത്മാവ് എന്നു പറയുന്നത് ത്തിരി തൊന്തരവ് പിടിച്ചതാണെന്ന് തോന്നുന്നു. പരകായപ്രവേശത്തിലൂടെ കുറെ പേരെ സിദ്ധികൂട്ടിയ ഒരു വിദ്വാന് അടുത്തിടെയാണല്ലോ തിര്വന്തോരത്ത് പിടിയിലായത്. ഏതോ ഒരു ദുരാത്മാവ് മേപ്പടിയാന്റെ കൂടെ കൂടുകയായിരുന്നുവത്രെ. എന്നാല്‍ ഇന്ത്യയുടെ ആത്മാവിന് അമ്മാതിരി പുകിലുണ്ടാക്കുന്ന ഏര്‍പ്പാടൊന്നുമില്ല. ഈ ആത്മാവിനെ കണ്ടെത്താന്‍ നെഹ്റുജിയുടെ പുസ്തകം വായിച്ചിട്ടും കഴിയാത്തതിനാല്‍ ഒരു ഇളമുറത്തമ്പ്രാന് ഗീത, രാമായണം, മഹാഭാരതം തുടങ്ങിയ വഹകളില് അഭയം തേടിയിരിക്കുകയാണ്. രാമനാമ പാഹിമാം, രാമപാദം ചേരണേ, മുകുന്ദരാമ പാഹിമാം ജപങ്ങളാല്‍ 10 ജന്‍പഥ് മുഖരിതമെന്ന് ഇന്ദ്രപ്രസ്ഥദൂതന്മാര് അറിയിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ആത്മാവ് അന്വേഷിക്കുന്ന യെച്ചൂരിയദ്യത്തിന്റെ പാര്‍ട്ടി ഈ രാഷ്ട്രത്തെ പത്തിരുപത്തഞ്ചു കഷ്ണങ്ങളാക്കിത്തന്നാല് മതിയെന്നായിരുന്നുവത്രെ സായിപ്പിന്മാരോട് പണ്ട് അപേക്ഷിച്ചത്. ഓരോ കഷണത്തിലെയും ആത്മാവിനെ ഉദ്ദീപിപ്പിച്ച് സര്വരാജ്യത്തിലേക്കും പടര്ത്താനായിരുന്നിരിക്കാം നോക്കിയത്. പക്ഷേ, അങ്ങനെയല്ല ഉണ്ടായത്. ഇന്നിപ്പോള്‍ ഈ ഇന്ത്യയ്ക്ക് ഒറ്റ ആത്മാവേ ഉള്ളൂവെന്ന് മനസ്സിലാക്കിയിരിക്കുന്നു. അതും രണ്ട് ഹിന്ദു സേനക്കാരുടെ മുദ്രാവാക്യം വിളിയോടെ. എല്ലാം ശരിയാകുമെന്നതിന് ഇതില്‍ കൂടുതല്‍ എന്തുവേണം. എന്തും ചെയ്തോളൂ, സര്‍ക്കാറില്ലേ കൂടെ എന്നല്ലേ പ്രമാണം.
*** *** *** ***
പത്രക്കാരന് ക്യാമറ കൂടി കൂട്ടുണ്ടെങ്കില്‍ പിന്നത്തെ കഥയുണ്ടോ പറയേണ്ടൂ. മലയാള മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് റസ്സല്‍ ഷാഹുല്‍ അങ്ങനെ അനുഗൃഹീതനായ ഫോട്ടോഗ്രാഫറും പത്രപ്രവര്‍ത്തകനുമാണ്. ആരുടെ ഹൃദയത്തിലേക്കും സ്നേഹത്തോടെ കടന്നുചെന്നിരിക്കാന്‍ റസ്സലിന് ഒരു പ്രത്യേക വൈഭവമുണ്ട്. നില്‍പ്പിലും നടപ്പിലും നോക്കിലും പ്രവൃത്തിയിലും ആര്‍ദ്രമായ ആ സമീപനം അനുഭവിച്ചാസ്വദിക്കാന്‍ എത്രയോ അവസരങ്ങള്‍ കൈവന്നിട്ടുണ്ട്. ലേഖകന്മാര്ക്ക് ഒരു സംഭവം നടക്കുന്നിടത്ത് തല്ക്കാലം എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും സംഗതി ഒപ്പിച്ചെടുക്കാം. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കാര്യം അതല്ല. ഒരു നിമിഷം വഴുതിപ്പോയാല്‍ പോയി. ഇവിടെ റസ്സലിന് ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം. 2015ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി പി.കെ. അബ്ദുറബ്ബിന് നേരെ കരിങ്കൊടിയുമായെത്തിയ വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെ പോലീസ് നേരിടുന്ന ചിത്രമാണ് അത്. അസുലഭസുന്ദരമായ ആ മുഹൂര്‍ത്തം ഒപ്പിയെടുത്ത റസ്സലിന് പുരസ്കാരം കിട്ടുമ്പോള്‍ അത് പത്രപ്രവര്‍ത്തന ലോകത്തിനു തന്നെ അഭിമാനമാവുന്നു. അദ്ദേഹത്തിനോടുള്ള സ്നേഹാദരവുകള്‍ നിറഞ്ഞൊഴുകുന്ന ഒരു സ്വീകരണം കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് ഒരുക്കുകയും ചെയ്തു. പ്രാദേശിക പത്രപ്രവര്‍ത്തനത്തില്‍ നിന്ന് തുടങ്ങി വാര്‍ത്തകള്‍ക്ക് വര്‍ണാഭമായ മുഖം നല്കുന്ന ക്ലേശഭരിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന റസ്സലിന് കാലികവട്ടത്തിന്റെ കൂപ്പുകൈ. മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ആസ്വദിക്കുന്ന ഒട്ടേറെ ഗാനങ്ങളുടെ രചയിതാവായ പൂച്ചാക്കല്‍ ഷാഹുലിന്റെയും മറിയം ബീവിയുടെയും മകനായ റസ്സലില്‍ കലയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും സമഞ്ജസമായി നിറഞ്ഞുനില്ക്കുന്നത് കാണുന്നത് തന്നെ അഭിമാനം.
തൊട്ടുകൂട്ടാല്
മരിച്ചവരെ കുറിച്ച്
ഓര്ത്തുപോവരുത്….
മരണം എന്നത്
അതിവിശാലമായൊരു
സാധ്യതയാണ്.
രാഹുല്‍ മണപ്പാട്ട്
കവിത: മരിച്ചവരുടെ നുണ പരിശോധന
മാധ്യമം ആഴ്ചപ്പതിപ്പ് (ജൂണ്‍ 12)
പ്രതികരിക്കാൻ ഇവിടെ എഴുതുക: