അടൂര്‍: വലിയജനകീയമുന്നേറ്റത്തോടെ നവീകരിച്ച പള്ളിക്കലാറിന്റെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പിന് മെല്ലെ പോക്ക്. പഞ്ചായത്തുകള്‍ സഹകരിക്കുന്നില്ലന്നാണ് റവന്യുവകുപ്പധികൃതര്‍ പറയുന്നത്. റവന്യു വകുപ്പ് പഞ്ചായത്തുകളെ സമീപിച്ചിട്ടില്ലന്ന് പഞ്ചായത്തധികൃതര്‍. ആറ് നവീകരണത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ കൈയേറ്റം അളന്ന് തിട്ടപെടുത്തി ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കും എന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. കൈയേറ്റം അളന്ന് തിട്ടപെടുത്താന്‍ നാല് സര്‍വയര്‍മാരെ ചുമതലപെടുത്തുകയും ചെയ്തു. പക്ഷെ സര്വെനടപടികളില് യാതൊരുപുരോഗതിയുമുണ്ടായില്ല. ഏഴംകുളം പഞ്ചായത്തിന്റെയും അടൂര്‍ നഗരസഭയുടെയും ഭാഗത്ത് 2 കി.മീറ്റര്‍ ദൂരം സര്‍വെ നടത്തിയെന്നും ഇവിടങ്ങളില്‍ കൈയേറ്റമില്ലന്നുമാണ് റവന്യുവകുപ്പധികൃതര്‍ പറയുന്നത്. സര്‍വെ നടത്തുന്നതിന് ആറിന്റെ തീരത്തെ കാട് വെട്ടിതെളിച്ച്, സര്‍വെകല്ല് ലഭ്യമാക്കേണ്ടത് പഞ്ചായത്തുകളാണ്. പഞ്ചായത്തുകള്‍ ഇത് ചെയ്യുന്നില്ലന്നാണ് റവന്യു വകുപ്പിന്റെ ആക്ഷേപം. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണന്നും സര്വെനടത്താന് എത്തുന്നു എന്ന് പറഞ്ഞ് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലന്നുംഏറത്ത് ,കടമ്പനാട്,പള്ളിക്കല്‍, പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. ഏഴംകുളത്ത് ആദ്യം സര്‍വെ നടത്താനെത്തിയത് പഞ്ചായത്തിനെ അറിയിച്ചില്ലന്നും ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അറിയിച്ചിട്ട് വരാമെന്നമറുപടിയാണ് കിട്ടിയതെന്നും എന്നാല്‍ പിന്നീട് ഏഴംകുളം പഞ്ചായത്തിന് യാതൊരു അറിയിപ്പുംലഭിച്ചിട്ടില്ലന്നും ഏഴംകുളം പഞ്ചായത്ത് സെക്രട്ടറീ പറഞ്ഞു. ഏഴംകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ സര്‍വെ തുടങ്ങിയതും പഞ്ചായത്ത് അറിഞ്ഞിട്ടില്ല. ആകെ നാല് സര്‍വെയര്‍മാരെ ചുമതലപെടുത്തിയതില് രണ്ട് പേര്‍ക്ക് പ്രൊമോഷന് ട്രാന്‍സ്ഫര്‍ ആയി .ബാക്കി രണ്ട് പേര് ഇത്രയും കൈയേറ്റം അളന്ന് തിട്ട പെടുത്തുക എന്നത് അപ്രായോഗികമാണ്. ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത് കടമ്പനാട്, പള്ളിക്കല്‍ പഞ്ചായത്തുകളിലാണ്. പള്ളിക്കല്‍ പഞ്ചായത്തില്‍ മാത്രം പതിനഞ്ച് കിലോമീറ്റര്‍ദൂരം പള്ളിക്കലാര്‍ ഒഴുകുന്നുണ്ട്. ഓരോ പഞ്ചായത്തിലും പ്രത്യേകം സര്‍വയര്‍മാരെ നിയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റ് പല ഒഴിപ്പിക്കലുംപോലെ പള്ളിക്കലാറ്റിലെ കൈയേറ്റമൊഴിപ്പിക്കലും പ്രഹസനമാകാനാണ് സാധ്യത.പള്ളിക്കലാറ്റിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന് റവന്യു വകുപ്പാവിശ്യപെടുന്ന ഏത് സഹായവും ചെയ്ത് കൊടുക്കും. കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ആര് അജീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: