ഇരിങ്ങാലക്കുട: അനധികൃതമായി തോട് കൈയ്യേറി സ്വകാര്യവ്യക്തി മതില് കെട്ടിയതോടെ സമീപത്തുള്ള വീടുകളിലേക്ക് വെള്ളംകയറി. വെള്ളക്കെട്ടിന് കാരണമായ തോട് കൈയേറി കെട്ടിയ മതില് നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊളിച്ചുകളഞ്ഞു.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നട റോഡിലെ ഭവന്‍സ് സ്കൂളിന് എതിര്‍വശത്തുള്ള പാടത്ത് നിന്നും വെള്ളം ഒഴുകി പോകാതെ സമീപത്തു താമസിക്കുന്നവരുടെ പുരയിടങ്ങളിലേക്ക് വെള്ളം കയറി പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലായത്. ഇതിനെ തുടര്‍ന്ന് നഗരസഭക്ക് നല്കിയ പരാതിയെ തുടര്‍ന്ന് കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, സന്തോഷ്ബോബന്‍ എന്നിവരുടെ നേതൃത്വത്തില്‍ തോട് കൈയ്യേറിയ മതില് പൊളിച്ചു മാറ്റിയത്. വെള്ളക്കെട്ടിന് കാരണമായ മതില് കഴിഞ്ഞ കാലവര്‍ഷത്തില്‍ സമാനമായ സംഭവം ഉണ്ടായപ്പോള്‍ നഗരസഭ ഇടപെട്ട് പൊളിച്ചുകളഞ്ഞതാണെന്നും അനധികൃതമായി ഉടമ വീണ്ടും കെട്ടിയതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് വഴി വച്ചതു എന്നും പരിസരവാസികള്‍ നഗരസഭക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പാടം സ്വകാര്യവ്യക്തികള്‍ വാങ്ങി നികത്തിയതോടെയാണ് കാലങ്ങളായി ജീവിക്കുന്ന പാവപ്പെട്ടവരുടെ വീടുകളിലേക്ക് വെള്ളം കയറിതുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: