പുതുക്കാട് : താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തതുമൂലം നൂറുകണക്കിന് രോഗികള്‍ വലഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ എത്തിയ രോഗികളാണ് ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം വലഞ്ഞത്. പതിനൊന്ന് ഡോക്ടര്‍മാര്‍ ഉള്ള ആശുപത്രിയില്‍ നാല് പേര് മാത്രമാണ് വ്യാഴാഴ്ച എത്തിയത്. ജീവിത ശൈലി രോഗികള്‍ക്കുള്ള പരിശോധന ദിവസമായത് കൊണ്ട് രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചവരെ എഴുന്നൂറ് രോഗികളാണ് ആശുപത്രിയില്‍ എത്തിയത്.
നാല് ഡോക്ടര്‍മാരുടെ കാബിനു മുന്‍പിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. മണിക്കൂറിലേറെ വരിയില്‍ നിന്ന വയോധികരായ രോഗികള്‍ ഇരിക്കാന്‍ പോലും ഇടമില്ലാതെയാണ് ഡോക്ടറെ കണ്ട് മടങ്ങിയത്. ആശുപത്രിയുടെ ഉള്ളില്‍ തിങ്ങിനിറഞ്ഞ രോഗികള്‍ക്ക് ഇരിപ്പിടം ഒരുക്കാത്തതും പ്രായമായവരെ ദുരിതത്തിലാക്കി.
രോഗികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നത് പതിവായതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും സുപ്രണ്ടിനേയും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന ആരോപണവുമുണ്ട്. ജീവിത ശൈലി രോഗികള്‍ക്കുള്ള ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ദിവസം തിരക്ക് അനുഭവപെടുമെന്നറിഞ്ഞിട്ടാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത്.
ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. എട്ട് സ്ഥിരം ഡോക്ടര്‍മാരും എന്‍ആര്‍എച്ച്എം ഏര്‍പ്പെടുത്തിയ മൂന്ന് ഡോക്ടര്‍മാരും ഉള്ള ആശുപത്രിയിലാണ് കുത്തഴിഞ്ഞ രീതിയില്‍ ചികിത്സ നടക്കുന്നത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി നിരവധി രോഗികളാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. സ്ഥിരമായി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് മൂലം സാധാരണക്കാരായ രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. പുതിയതായി എത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഇടമില്ലാതെ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്. രാത്രികളില്‍ ഒരു ഡോക്ടറുടെ സേവനമാണ് നിലവിലുള്ളത്.
പാലിയേറ്റിവ് രോഗികളെ ചികിത്സിക്കുന്ന ചൊവ്വാഴ്ച ദിവസങ്ങളിലും ആശുപത്രിയില്‍ തിരക്ക് വര്‍ദ്ധിക്കാറുണ്ട്. അധികൃതര്‍ ഇടപ്പെട്ട് എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: