തൃശൂര്‍: മകളുടെ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ട ഗീത ഗോപി എം.എല്‍.എ. സംഭവത്തെക്കുറിച്ച് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജിന് വിശദീകരണം നല്കി. എം.എല്‍.എക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സൂചന.
പരസ്യശാസനയോ താക്കീതോ നല്കി പ്രശ്നം അവസാനിപ്പിക്കുകയോ പാര്‍ട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് മേല്‍ക്കമ്മിറ്റികളില്‍ നിന്ന് തൊട്ടുതാഴേക്ക് തരംതാഴ്ത്തലോ ആയിരിക്കും നടപടിയെന്നാണ് സൂചന. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചു നിന്നാണ് ഗീതഗോപി വിശദീകരണം നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സംസ്ഥാന കൗണ്‍സിലിന് സമര്‍പ്പിക്കുമെന്ന് ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു.
വിശദീകരണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി തുടര്‍തീരുമാനം കൈക്കൊള്ളും. സാധാരണ കല്യാണമാണ് നടത്തിയതെന്ന നിലപാട് തന്നെയാണ് വിശദീകരണക്കുറിപ്പിലും ഗീതഗോപി എം.എല്‍.എ നല്‍കിയിരിക്കുന്നത്. 50 പവന് ആഭരണം മാത്രമാണ് മകള്‍ക്ക് നല്‍കിയതെന്നും ബാക്കിയുള്ള സ്വര്‍ണം ബന്ധുക്കള്‍ നല്‍കിയതാണെന്നും എം.എല്‍.എ വിശദീകരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സമ്മാനമായി തരുന്നത് തട്ടിക്കളയാനാകില്ലെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച എം.എല്‍.എക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തല്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. പെരുമാറ്റച്ചട്ടം അറിയാത്തവരല്ല എം.എല്‍.എ എന്ന ജില്ല സെക്രട്ടറിയുടെ പ്രതികരണം തന്നെ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവരുടെ വാക്കുകളും എം.എല്‍.എയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരോപണവിധേയയായ എം.എല്‍.എയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലാരും തയ്യാറായിട്ടില്ലെന്നതും ശ്രദ്ദേയമാണ്. താക്കീതിലും ശാസനയിലും ശിക്ഷ ഒതുക്കിയാല്‍ അത് കുറഞ്ഞ അച്ചടക്ക നടപടിയാകുമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയാരും ഇത്തരം അച്ചടക്കലംഘനങ്ങള്‍ നടത്താതിരിക്കാന്‍ കുറച്ചുകൂടി കടുത്ത നടപടി ആവശ്യമാണെന്ന് പറയുന്നവരുണ്ട്. അതേസമയം ഇന്നലെയാരംഭിച്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഗീതഗോപി എം.എല്‍.എ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: