ഗുരുവായൂര്‍: രണ്ട് വര്‍ഷം മുന്‍പ് പരിസ്ഥിതി ദിനത്തില്‍ നട്ട ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്നതിന്റെ എണ്ണം തികക്കാനാണ് നഗരസഭ ആരോഗ്യവിഭാഗം മരങ്ങള്‍ മുറിച്ചുമാറ്റിയത്.
2015-ല്‍ പരിസ്ഥിതി ദിനത്തില്‍ നട്ട മഹാഗണി, ഉങ്ങ്, എന്നീ മരങ്ങളും, ഒരു കടലാസ് പൂവിന്റ ചെടിയുമാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ മുറിച്ചു മാറ്റിയത്. പകരം വൃക്ഷതൈകള്‍ നടുകയും ചെയ്തു.
മുറിച്ച മരങ്ങള്‍ കൊണ്ടു പോകാന്‍ തള്ളുവണ്ടിയുമായെത്തിയതോടെ പരിസരത്തെ ടാക്സി പാര്‍ക്കിലെ ഡ്രൈവര്‍മാര്‍ തടഞ്ഞു. വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് ആന്റോതോമസ്, വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്സന്‍ ഷൈലജ ദേവന് എന്നിവരുടെ നേൃത്വത്തില്‍ കൗണ്‍സിലര്‍മാരും, പരിസ്ഥിതി സംഘടന പ്രതിനിധികളായ ഉണ്ണിഭാവന, അജു എം.ജോണി, ഉണ്ണി അലൈഡ് എന്നിവരും, ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.
തുടര്‍ന്ന് മുറിച്ചിട്ട മരങ്ങളുമേന്തി നഗരസഭ ചെയര്പേഴ്സന് പ്രൊഫ.പി.കെ.ശാന്തകുമാരിയുടെ ഓഫീസ് മുറിയിലെത്തി പ്രതിഷേധം അറിയിച്ചു.
വൃക്ഷതൈ നടാന്‍ സ്ഥലമില്ലാത്തിനാലും, നേരത്തെ നട്ട മരങ്ങള്‍ പുളിയുറുമ്പിന്റെ ശല്യമുള്ളതിനാലുമാണ് മുറിച്ചതെന്ന് ചെയര്പേഴ്സന് പറഞ്ഞു. മരങ്ങള്‍ക്ക് ചുവട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് വൃത്തിയാക്കുന്നതിന്റെ ഭാഗമായി മുറിച്ച് പകരം മരം നട്ടുവെന്നും ചെയര്പേഴ്സന് അറിയിച്ചു.
എന്നാല്‍ ഈ സമീപനം ശരിയല്ലെന്നും, മരം മുറിച്ചവര്‍ക്കെതിരെ നടപടുയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: