തൃപ്രയാര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈന രൂപേഷിനെ വലപ്പാട് ചന്തപ്പടിയിലെ വീട്ടിലെത്തിച്ചു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മാതാവിനെ കാണാനാണ് പത്തംഗ തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയോടെ ചന്തപ്പടിയിലെ വീട്ടിലെത്തിച്ചത്.
ഷൈനയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി കോടതി അസുഖ ബാധിതയായി കിടക്കുന്ന മാതാവിനെ കാണാന്‍ ഷൈന രൂപേഷിന് അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ സുല്‍ത്താന്‍ബത്തേരി സി.ഐ പി.ഡി.സുനില്‍കുമാറും സംഘവും കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ഷൈനയെ വലപ്പാട്ടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ടെമ്പോ ട്രാവലറില്‍ പത്തംഗ തണ്ടര്‍ബോള്‍ട്ടിന്റെയും രണ്ട് പൊലീസ് വാഹനങ്ങളുടെയും അകമ്പടിയില്‍ അതീവസുരക്ഷയിലാണ് ഇവരെ കൊണ്ടുവന്നത്. ഷൈനയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വലപ്പാട് സി.ഐ. സി.ആര്.സന്തോഷ്, എസ്ഐഇ.ആര്.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘവും വലപ്പാട് ചന്തപ്പടിയിലെ വീട്ടിലും പരിസരത്തുമായി കാവല്‍ നിന്നിരുന്നു.
രാവിലെ 10.50ന് ഷൈനയെയും കൂട്ടിയുള്ള തണ്ടര്‍ബോള്‍ട്ട് സംഘം വലപ്പാട്ടെ വീട്ടിലെത്തി. ഷൈനയുടെ മാതാവിനൊപ്പം മക്കളായ ആമിയും, സവേരയും, സഹോദരന് അബ്ദുള്അസീസ്, മറ്റൊരു സഹോദരന്റെ മക്കള്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു.
മൂന്നു മണിക്കൂര്‍ സമയം ചിലവഴിക്കാനാണ് കോടതി അനുമതി നല്‍കിയത്. കുടുംബാംഗങ്ങള്‍ അല്ലാതെ വീട്ടില്‍ മറ്റാരുമായും സംസാരിക്കുന്നതിനും കോടതി വിലക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടോടെ ഷൈനയെ തിരികെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് കോയമ്പത്തൂര്‍ കോടതിയില്‍ അടുത്തുതന്നെ വിചാരണ തുടങ്ങാനിരിക്കെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന രൂപേഷിന് വീട്ടിലെത്തി തന്റെ മാതാവിനെ കാണാന്‍ കോടതിയുടെ അനുമതിയോടെ അവസരം കൈവന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: