തിരുവല്ല: അപ്പര്‍ കുട്ടനാട് മേഖലയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം മാത്രം ഇതുവരെ 18 പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മേഖലയില്‍ ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും ക്യാന്‍സര്‍ ബാധിതനാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇടക്കാലത്ത് ചില ആരോഗ്യ വകുപ്പ് ചില സര്‍വേകള്‍ നടത്തിയതല്ലാതെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാരിന്റെ പക്കലുള്ള പുതിയ കണക്കുകള്‍ പ്രകാരം അപ്പര്‍ കുട്ടനാട് കുട്ടനാട് മേഖലകളില്‍ 715 പേര്‍ക്കാണ് ക്യാന്‍സര്‍ രോഗം ഉള്ളത്.
എന്നാല്‍ കുട്ടനാട്ടില്‍ 7000ത്തില്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍ നേരത്തെ കണ്ടെത്തിയത്. മേഖലകളിലെ പാടങ്ങളില്‍ കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗം തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല് സമൃദ്ധമായ കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം സാര്‍വത്രികമാണ്. നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.
കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനിക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും സാധാരണക്കാരായ കര്‍ഷകര്‍ക്ക് യാതൊരു അവബോധവുമില്ല. നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വന്‍ തുക നല്കി സര്‍ക്കാര്‍ സംവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ച് വളരുന്നത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം നെല്‍കൃഷിയില്‍ അടുത്തകാലത്ത് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ആനുപാതികമായി രാസവള പ്രയോഗവും വര്‍ദ്ധിച്ചു.
നിരോധിത രാസവസ്തുക്കള്‍ മുതല്‍ കെയ്ത്തിനായി ഇറക്കുന്ന യന്ത്രങ്ങള്‍വരെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍.നെല്‍കൃഷി നാശം പതിവായിരിക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നത് പുതിയ പ്രതിസന്ധിയാവുകയാണ്. പ്രകൃതി ദുരന്തങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ കനത്ത നാശങ്ങള്‍ക്ക് പുറമെയാണ് അപ്പര്‍ കുട്ടനാട്ടില്‍ ക്യാന്‍സര്‍ വില്ലനായി എത്തുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്‍കൃഷിക്കായി മലാത്തിയോണ്‍ പോലുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാണ്.
ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനികള്‍ കലരുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ക്യാന്‍സര്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്. ആരോഗ്യവകുപ്പ് നിസ്സംഗത പാലിക്കുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: