പത്തനംതിട്ട: ടികെ റോഡില്‍ പത്തനംതിട്ട നന്നുവക്കാട് ബിഷപ്സ് ഹൗസിനു സമീപം വെള്ളിയാഴ്ച രാത്രി അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞുവെന്ന് പോലീസ്. ഇയാളെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കി. ഡ്രൈവര്‍ പന്തളം സ്വദേശി ഗോപാലകൃഷ്ണന് നായരാണ് മദ്യപിച്ചതായി കണ്ടെത്തിയിരിക്കുന്നതെന്ന് പത്തനംതിട്ട എസ്ഐ പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്ന് ചാരായവും കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്നു വഴിക്കടവിലേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കോഴഞ്ചേരിയില്‍ നിന്നു പത്തനംതിട്ട ഭാഗത്തേക്കു വന്ന പാഴ്സല്‍ ലോറിയില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിയന്ത്രണംവിട്ട ലോറി വൈദ്യുതിപോസ്റ്റിലിടിച്ച് ഓടയിലേക്കു മറിയുകയുമുണ്ടായി.
ബസ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന സംശയത്തേ തുടര്‍ന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. സാധാരണ നിലയില്‍ അപകടമുണ്ടായാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരിശോധനകള്‍ക്കു വിധേയമാകാതെ രക്ഷപ്പെടുകയാണ് പതിവ്.
ഡ്രൈവര്‍ ഗോപാലകൃഷ്ണന് നായരെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞു കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്നെത്തിയ മറ്റു ചില ജീവനക്കാര്‍ ഡ്രൈവറുടെ ബാഗ് പരിശോധിച്ചതാണ് വിവാദമായത്. ബാഗില്‍ നിന്നു കുപ്പി മാറ്റാനുള്ള ശ്രമം മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ. ജേക്കബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
പോലീസെത്തി ബാഗ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതില്‍ ഒഴിഞ്ഞ ഫ്രൂട്ടിയുടെ ചെറിയ കുപ്പിയിലെ ചാരായവും മറ്റൊരു കുപ്പിയില്‍ മോരും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
യാത്രയ്ക്കിടെ മദ്യപിക്കുന്ന സ്വഭാവക്കാരനാണ് ഡ്രൈവറെന്നു മനസിലാക്കിയാണ് ഇതര ജീവനക്കാര്‍ ബാഗ് പരിശോധന നടത്തിയതെന്നു പറയുന്നു. ഡ്രൈവറെ കേസില്‍ നിന്നൊഴിവാക്കാന്‍ രാത്രിയില്‍ തന്നെ തീവ്രശ്രമമുണ്ടായെങ്കിലും ഇയാള്‍ മദ്യപിച്ചിരുന്ന റിപ്പോര്‍ട്ടിനേ തുടര്‍ന്ന് കര്‍ശന നടപടിക്കു ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കുകകയായിരുന്നു.
പത്തനംതിട്ടയില്‍ നിന്നു രാത്രിയില്‍ പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പെരിന്തല്‍മണ്ണ വഴി വഴിക്കടവിലെത്തി തിരികെ വരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ഗോപാലകൃഷ്ണന് നായര്‍. യാത്രക്കാരുടെ തിരക്കേറെയുള്ള സര്‍വീസാണിത്. വ്യാഴാഴ്ച വൈകുന്നേരം ടികെ റോഡില്‍ ചുരുളിക്കോട്ട് മറ്റൊരു കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: