പത്തനംതിട്ട: ഉന്നത നിലവാരത്തില്‍ ഉയര്‍ത്തിയതോടെ തിരുവല്ല കോഴഞ്ചേരി സംസ്ഥാന പാതയില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച ചുരുളിക്കോട് ജംഗ്ഷനില്‍ ഉണ്ടായതടക്കം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ് ഒരാഴ്ചയായി ഈ റോഡില്‍ ഉണ്ടായിട്ടുള്ളത്.
ഇതില്‍ പുല്ലാട് മുതല്‍ മാരാമണ്‍ വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. മഴക്കാലമായതോടെ വാഹനങ്ങള്‍ തെന്നി നീങ്ങാനുള്ള സാധ്യതയും ഏറെയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കാവശ്യമായ യാതൊരു മുന്‍കരുതലുകളും ഈ റോഡില്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല.
റോഡ് ഉന്നത നിലവാരത്തിലായതോടെ സ്വകാര്യബസുകളടക്കം അതിവേഗത്തിലാണ് പായുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ ദുരിതത്തിലായത് കാല്‍നട യാത്രക്കാരാണ്. നിത്യേന ടികെ റോഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതും വലുതുമായ ബൈക്ക് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ റോഡില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികാരികള്‍ ഇക്കാര്യത്തിലടക്കം മൗനം പാലിക്കുകയാണ്. റോഡിന്റെ പല ഭാഗത്തും വലിയ കട്ടിങ്ങുകളാണ് കാണുന്നത്. ഈ ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്താനുള്ള നടപടികളുമായില്ല.
റോഡിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ ചാലായിക്കര ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നു പൊലീസ് മുന്‍കൂട്ടി അറിയിച്ചിട്ടും നടപടിയില്ല. കഴിഞ്ഞ രണ്ടുദിവസവും ഓരോ അപകടങ്ങള്‍ ഈ ഭാഗത്തുണ്ടായിരുന്നു. ചെട്ടിമുക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. റോഡു സുരക്ഷയുമായി ബന്ധപ്പെട്ട സിഗ്നല്‍ ലൈറ്റുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. മാരാമണ്‍ മുതല്‍ ചാലായിക്കര വരെയുളള ഭാഗത്ത് രാത്രി വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.
ഇതുകൊണ്ടുതന്നെ ഇവിടെ കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളും കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്. രാത്രിയിലും മറ്റും നടത്തുന്ന തട്ടുകട കച്ചവടങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
സംസ്ഥാന പാത കടന്നുപോകുന്ന ഇരവിപേരൂര്‍, കുമ്പനാട്, പുല്ലാട്, മാരാമണ്‍, കോഴഞ്ചേരി എന്നീ സ്ഥലങ്ങളില്‍ പാതയോട് വളരെയടുത്തുതന്നെയാണ് വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതോടുകൂടി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലും ജംഗ്ഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍് ആവശ്യമായ ഒരു സംവിധാനങ്ങളും ക്രമീകരിച്ചിട്ടില്ല.
കോഴഞ്ചേരി, പുല്ലാട്, കുമ്പനാട് ജംഗ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. പൊലീസ് നിശ്ചയിച്ച സ്ഥലങ്ങളിലൊന്നും തന്നെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാത്തത് കോഴഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിനെ കൂടുതല്‍ രൂക്ഷമാക്കുകയാണ്.
പാലത്തിന്റെ ഇരുകരകളിലും പൊലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടില്ല. സന്ധ്യകഴിഞ്ഞാല്‍ സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ കോഴഞ്ചേരി ടൗണില്‍ ഇഷ്ടമുള്ള സ്ഥലത്ത് നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
ടികെ റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിലും അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി റോഡിന്റെ വശങ്ങളില് താമസിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: