കാസര്‍കോട്: ജില്ലയില്‍ ഇറച്ചി കോഴിക്ക് വന്‍ വില വര്‍ദ്ധനവ്. റംസാന് വ്രതാരംഭത്തിന് മുമ്പ് കിലോയ്ക്ക് 115 രൂപയുണ്ടായിരുന്ന ഇറച്ചിക്ക് 150 മുതല്‍ 200 രൂപവരെയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇറച്ചിക്കോഴി വാങ്ങാന്‍ വിപണിയിലെത്തുമ്പോഴാണ് പലരും വില വര്‍ധിപ്പിച്ച കാര്യം അറിയുന്നത്.
റമദാന്, പെരുന്നാളും അടുക്കുമ്പോള്‍ കോഴിവ്യാപാരികള്‍ ലാഭം മുന്‍നിര്‍ത്തി യാതൊരു മാനദണ്ഡവുമില്ലാതെ ഇറച്ചിക്കോഴിക്ക് വില കൂട്ടുകയാണ്. ഓണം, വിഷു, ക്രിസ്തുമസ് ആഘോഷവേളകളിലും ഇറച്ചിക്കോഴികളുടെ വില വര്‍ധിപ്പിക്കുന്നു. ചൂടുകാരണം ഉല്പാദനം കുറയുന്നതും ഉല്പാദന ചെലവ് വര്‍ധിച്ചതും കാസര്‍കോട്ട് ഇറച്ചിക്കോഴികളുടെ ലഭ്യത കുറവായതിനാല്‍ കര്‍ണാടകയില്‍ നിന്നുള്ള കോഴികളെ കടത്തുന്നതിനുള്ള നികുതിയും വിലക്കയറ്റത്തിന് പ്രധാന കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു.
ആഘോഷങ്ങള്‍ ആസന്നമാകുമ്പോള്‍ മാത്രമാണ് വില വര്ധനവേര്പ്പെടുത്തുന്നത്. തോന്നുംപോലെ ഇറച്ചിക്കോഴി വില കൂട്ടുമ്പോഴും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ല. കാസര്‍കോട്ടെ നിരവധി സ്വകാര്യ കോഴിഫാമുകളില്‍ നിന്നാണ് ഇറച്ചിക്കോഴി വില്‍പ്പനക്കെത്തുന്നത്.
കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ചുള്ള ഇറച്ചിക്കോഴികടത്തും സജീവമാണ്. ഒരുമാസത്തിനിടെ ലോഡ് കണക്കിന് നികുതി വെട്ടിച്ച് കടത്തിയ കോഴികളെയാണ് പിടികൂടിയത്. വിലയില്‍ ഏകീകരണമുണ്ടാകണമെന്ന് ഉപഭോക്താക്കള്‍ ആവശ്യമുയര്‍ത്തിയിട്ടും അധികൃതര്‍ കേട്ട ഭാവമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: