കേന്ദ്രബഹിരാകാശ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി) ഇക്കൊല്ലം നടത്തുന്ന ഫുള്‍ടൈം റസിഡന്‍ഷ്യല്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ജൂണ്‍ ഒന്ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താവുന്നതാണ്. അപേക്ഷാ ഫീ ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന പുരുഷന്മാര്ക്ക് 600 രൂപയും വനിതകള്‍ക്ക് 300 രൂപയുമാണ്. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും 300 രൂപ മതി.
ആപ്ലിക്കേഷന്‍ പോര്‍ട്ടലായ http: //admission.iist.ac.inല്‍ ‘അണ്ടര്‍ ഗ്രാജുവേറ്റ് അഡ്മിഷന്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 2017 ജൂണ്‍ 15 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയമുണ്ട്.
കോഴ്സുകളും സീറ്റുകളും:
$ ബിടെക്-ഏയ്റോസ്പേസ് എന്‍ജിനീയറിങ് (60 സീറ്റുകള്‍), ഏവിയോണിക്സ് (60). കോഴ്സ് ദൈര്‍ഘ്യം നാല് വര്‍ഷം.
$ ഡ്യുവല്‍ ഡിഗ്രി ബിടെക്+എംഎസ്/എംടെക് (20 സീറ്റ്). കോഴ്സ് ദൈര്‍ഘ്യം അഞ്ച് വര്‍ഷം. ‘ബിടെക്’ തലത്തില്‍ എന്‍ജിനീയറിങ് ഫിസിക്സും ‘എംഎസ്’ തലത്തില്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. അല്ലെങ്കില്‍ എംടെക് തലത്തില്‍ ഓപ്ടിക്കല്‍ എന്‍ജിനീയറിങ് പഠിക്കാവുന്നതാണ്.
പ്രവേശന യോഗ്യത: ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 1992 ഒക്ടോബര്‍ ഒന്നിനുശേഷവും പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 1987 ഒക്ടോബര്‍ ഒന്നിന് ശേഷവും ജനിച്ചവരാകണം. ഭാരതപൗരന്മാര്‍ക്ക് മാത്രമാണ് പ്രവേശനം.
ഹയര്‍ സെക്കന്‍ഡറി/തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം ഉള്‍പ്പെടെ അഞ്ച് വിഷയങ്ങള്‍ക്ക് മൊത്തം 75% മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് മതി.
ഇതിന് പുറമെ ജെഇഇ അഡ്വാന്‍സ്ഡ് 2017 ലും യോഗ്യത നേടണം.
പൊതുവിഭാഗത്തില്പ്പെടുന്നവര് മൊത്തത്തില്‍ 20% മാര്‍ക്കില്‍ കുറയാതെയും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ഓരോന്നിനും അഞ്ച് ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടണം. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് യഥാക്രമം 18%, 4.5% എന്നിങ്ങനെയും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് യഥാക്രമം 10%, 2.5% എന്നിങ്ങനെയും മാര്‍ക്ക് നേടിയാല്‍ മതി.
ഐഐഎസ്ടിയില് രജിസ്റ്റര്‍ ചെയ്യുന്നവരുടെ ജെഇഇ അഡ്വാന്‍സ്ഡ് 2017 ഓള് ഇന്ത്യാ റാങ്ക് പരിഗണിച്ച് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. അഡ്മിഷന് കൗണ്‍സലിങ് ജൂലായ് ആദ്യവാരമുണ്ടാകും. പഠനമികവ് വിലയിരുത്തിയാണ് അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമുകളില്‍ ധനസഹായം ലഭിക്കുക.
ഫീ ആനുകൂല്യവും ജോലിയും:
ഓരോ സെമസ്റ്ററിനും ട്യൂഷന് ഫീ 20,000 രൂപ ഉള്‍പ്പെടെ ആകെ 48,400 രൂപയാണ് പൊതുവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ ഫീ നല്‍കേണ്ടത്. പിന്നിടുന്ന പരീക്ഷയില്‍ ഓരോ സെമസ്റ്ററിലും 7.5 ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) കുറയാതെ നേടുന്നവര്‍ക്ക് ഫീ നല്‍കേണ്ടതില്ല. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ജിപിഎ 6.5 ല്‍ കുറയാതെ നേടി പരീക്ഷ വിജയിച്ചാല്‍ ഫീ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും.
ഐഎഎസ്ടിയില് നിന്ന് 7.5% ജിപിഎയില്‍ കുറയാതെ ബിടെക് ബിരുദമെടുക്കുന്നവര്‍ക്ക് ഐഎസ്ആര്‍ഒയിലും ബഹിരാകാശ വകുപ്പിന്റെ വിവിധകേന്ദ്രങ്ങളിലും സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admission. iist.ac.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: