നില്ക്കാനൊരു തട്ടുണ്ടങ്കില് അഭിനയത്തിന്റെ നവരസങ്ങള്‍ സന്നിവേശിപ്പിച്ച് പ്രേക്ഷകരേയും നടന്മാരാക്കിമാറ്റുകയാണ് പ്രേംവിനായകനെന്ന കലാകാരന്. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലങ്കിലും ഈശ്വരന് ജന്മസിദ്ധമായി നല്കിയ കഴിവ് നെഞ്ചിലേറ്റി വേദികളില്‍ നിന്ന് വേദികളിലേക്ക് വിനായക് യാത്ര തുടരുന്നു. അങ്കണവാടിയിലെ ബെഞ്ചുകള്‍ കൂട്ടിക്കെട്ടിയ സ്റ്റേജിലേക്ക് തന്റെ പിതാവ് മുഖത്തു തേച്ചുതന്ന കരിയണിഞ്ഞ് പ്രച്ഛന്നവേഷം കെട്ടിത്തുടങ്ങിയ പ്രയാണം, ഇപ്പോള്‍ തട്ടിലും വെള്ളിത്തിരയിലും ഒരുപോലെ വേഷപ്പകര്‍ച്ച നടത്തുകയാണ് ഈ കലാകാരന്.
2006- 2007 സ്കൂള്‍ കലോത്സവത്തില്‍ ആലപ്പുഴ ജില്ലാ തലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ സംസ്കൃത നാടകത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തു. നൂറനാട് സുകു എന്ന ഗുരുനാഥന്റെ ശിക്ഷണംകൂടി ലഭിച്ചപ്പോള്‍ വിനായകന് തന്നിലെ കലാകാരനെ തേച്ചുമിനുക്കി പാകമാക്കി.
2009 ല്‍ ഏഷ്യാനെറ്റ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയിലെ സെമിഫൈനലിസ്റ്റ്, 2013ല്‍ കേരള യൂണിവേഴ്സിറ്റി നാടക മത്സരത്തില്‍ മികച്ച നടനുമായി. കേരള യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഹരിയാനയില്‍ നടന്ന ദേശീയ സര്‍വ്വകലാശാലാ സരസ്വതി മഹോല്സവത്തില് പങ്കെടുത്തു. ഇതിനിടയില്‍ നവാഗതര്‍ക്ക് സ്വാഗതം, ഫുക്രി, പാലാഴി എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍.
വിനായകന് തന്റെ സ്ഥാനം എവിടെയെന്ന് ഉറപ്പിച്ചുകഴിഞ്ഞു. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടറില്‍ വിധികര്‍ത്താവായി എത്തിയ സംവിധായകന് സിദ്ദിഖ് തന്റെ മനസില്‍ കോറിയിട്ട ചുരക്കം ചില മത്സരാര്‍ത്ഥികളില്‍ ഓരാളായിരുന്നു പ്രേംവിനായക്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫുക്രിയില്‍ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനും വിനായകന് കഴിഞ്ഞു.
മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു, മുറജപത്തിനു പോയ രണ്ട് സഞ്ചാരികള്‍, (ആര്. നരേന്ദ്രപ്രസാദ് ), ഒറ്റയാന് (കാവാലം നാരായണ പണിക്കര്‍),ഒരു മയില്‍പ്പീലി സ്പര്‍ശം (നൂറനാട് സുകു) എന്നിവരുടെ നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചു.
കൂടാതെ പെരുന്തച്ചന്, ഭാസന്റെ പ്രതിമ നാടകം, കര്‍ണ്ണപര്‍വ്വം, തിരുമ്പി വന്താന്‍ തമ്പി , ഭരതവാക്യം, ഓരോരോ കാലത്തിലും, ശാകുന്തളം, കാവ്യനീതി, കൊച്ചാമ്പള്ളി കേശവന്, ഗുഡ് നൈറ്റ്, ദേവദാസി, ഒരേ ഒരു തണല്‍, ചിരിക്കാന്‍ മറന്ന ലോകം, ഉണര്‍ത്തുപാട്ട്, നെല്ലിക്ക, തുടങ്ങിയ നാടകങ്ങള്‍ കൂടാതെ സ്വന്തം രചനകളും അവതരിപ്പിച്ചു വരുന്നു.
ഈരേഴ യുപി സ്കൂള്‍, കൊയ്പ്പള്ളി കാരാഴ്മ സംസ്കൃതം സ്കൂള്‍, കട്ടച്ചിറ ക്യാപ്റ്റന്‍ മെമ്മോറിയല്‍ വിഎച്ച്എസ്ഇ, ബിഷപ്പ് മൂര്‍ കോളേജ്, പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയ പ്രേം വിനായക് കുട്ടികളുടെ നാടകവേദിയില്‍ സജീവ സാന്നിധ്യമാണ്.
ക്യാമ്പുകളിലും സ്കൂളുകളിലും കുട്ടികള്‍ക്കായി നാടക ക്ലാസ്സുകളും അഭിനയ പരിശീലനവും നടത്താറുണ്ട്. മുറജപത്തിനു പോയ രണ്ട് സഞ്ചാരികള്‍ എന്ന നാടകം നൂറ്റിയമ്പത്തിയേഴിലേറെ വേദികള്‍ പിന്നിട്ട് ഇപ്പോഴും അവതരണം തുടരുന്നു. നാടകത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടായിരുന്നു പഠനമത്രയും.
വേദിയിലോ, നിലത്തോ എവിടേയും അവതരിപ്പിക്കാവുന്ന നാടകമായാണ് മുറജപം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കല്ല്യാണ വീടുകള്‍, ഗൃഹപ്രവേശം, പിറന്നാള്‍ ദിനങ്ങള്‍ അങ്ങനെ നാടകം അവതരിപ്പിക്കുന്നയിടങ്ങള് അനവധിയാണ്. രണ്ട് വര്‍ഷമായി കഥാപാത്രത്തിനുവേണ്ടി മുടി പാതി വടിച്ചിട്ട് കഥയറിയാതെ പലരും കളിയാക്കാറുണ്ടെങ്കിലും ഈ കളിയാക്കല്‍ ഒരു പ്രോത്സാഹനമാണെന്നാണ് വിനായകന്റെ ആഭിപ്രായം. ഇപ്പോള്‍ കാവാലം നാരായണപ്പണിക്കരുടെ മൂലരചനയെ അവലംബമാക്കി ഗുരുനാഥനായ നൂറനാട് സുകു സംവിധാനം ചെയ്ത ഒറ്റയാന് എന്ന നാടകം അവതരിപ്പിക്കുന്നു.
പതിവ് നാടക സമ്പ്രദായങ്ങളില്‍ നിന്ന് വേറിട്ടാണ് രണ്ട് നാടകങ്ങളും രംഗത്തവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതമോ രംഗപടങ്ങളൊയില്ലാതെ, അഭിനയം കൊണ്ട് പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്ന സങ്കല്‍പ്പത്തിലാണ് രണ്ട് നാടകങ്ങളും അവതരിപ്പിക്കുന്നത്.
ബോധി സാംസ്ക്കാരിക പഠനകേന്ദ്രത്തിന്റെ ബോധി ഹോളി തീയേറ്റര്‍ ഗ്രൂപ്പാണ് നാടക സംഘം. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നരേന്ദ്രപ്രസാദ് സ്മാരക പഠന ഗവേഷണ കേന്ദ്രം അഭിനയ പുരസ്ക്കാരം ലഭിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് കോട്ടയുടെ കിഴക്കേതില്‍ പ്രേംകുമാറിന്റേയും അര്ച്ചനാകുമാരിയുടേയും മകനാണ് പ്രേം വിനായക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: