കേരളത്തിന്റെ പ്രാന്തപ്രചാരകായിരുന്ന മാന്യ ഭാസ്കര്‍ റാവുജിയുടെ പ്രത്യേക സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി വളര്‍ന്ന ബാലസ്വയംസേവകായിരുന്നു ഭട്ജി. 1956 ലാണ് അദ്ദേഹം ആദ്യമായി പ്രചാരകാകുന്നത്. കോട്ടയത്തായിരുന്നു ആദ്യ ചുമതല. ഭാസ്കര്‍ റാവുജി കോട്ടയം ജില്ലാ പ്രചാരകായിട്ടും ഭട്ജി കോട്ടയം നഗര്‍ കേന്ദ്രമാക്കിയിട്ടും ഞാന്‍ ആനിക്കാട് കേന്ദ്രമാക്കി വാഴൂര്‍ ഭാഗത്തും ചന്ദ്രശേഖര്‍ജി ചങ്ങനാശേരി കേന്ദ്രമാക്കി പ്രചാരകായിട്ടും ചുമതല നിര്‍വഹിച്ച കാലയളവില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പ്രവര്‍ത്തനം. ഭാസ്കര്‍ റാവുജിയുടെ കീഴില്‍ ഞങ്ങള്‍ ഒരേ ജില്ലയില്‍ പ്രചാരകായിട്ട് പ്രവര്‍ത്തിച്ചിരുന്നു.1960 ല്‍ ഭട്ജി ആലപ്പുഴ ജില്ലാ പ്രചാരകായി പോയി. ആലപ്പുഴയില്‍ സംഘപ്രവര്‍ത്തനം മന്ദഗതിയിലായിരുന്ന പരിതസ്ഥിതിയില്‍ ഘോഷും പാട്ടും ഒക്കെയായി സംഘത്തിന് ഒരു പുതുജീവന്‍ കൊടുത്ത് സജീവമാക്കി കൊണ്ടുവരാന്‍ അന്ന് ഭട്ജിക്ക് സാധിച്ചു.
ഘോഷ് പരിശീലിപ്പിച്ച് നല്ലൊരു ഘോഷ് യൂണിറ്റ് രൂപീകരിച്ചു. ധാരാളം പ്രവര്‍ത്തകര്‍ സജീവമായി ഘോഷിലുണ്ടായിരുന്നു. ഭട്ജി ഉണ്ടായിരുന്നപ്പോള്‍ ആലപ്പുഴ കാര്യാലയം എപ്പോഴും സജീവമായിരുന്നു. ധാരാളം കാര്യകര്‍ത്താക്കന്മാര്‍ കാര്യാലയത്തില്‍ വരികയും അത്തരത്തില്‍ സജീവമായ പ്രവര്‍ത്തനം ഭട്ജിയുണ്ടായിരുന്നപ്പോള് ആലപ്പുഴയില്‍ ഉണ്ടായി.
1960 മുതല്‍ 65 വരെ ആലപ്പുഴ ജില്ലാ പ്രചാരക് ഭട്ജി ആയിരുന്നു. ഞാനും 1963 മുതല്‍ 64 വരെയുള്ള കാലയളവില്‍ ചെങ്ങന്നൂര്‍ കേന്ദ്രമായി ആലപ്പുഴയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. 65 ല്‍ ഭട്ജി കുടുംബ സംബന്ധമായ കാര്യങ്ങള്‍ക്ക് പോയപ്പോള്‍ ഞാന്‍ ജില്ലാ പ്രചാരകായി ചുമതലയേറ്റു. ആലപ്പുഴയില്‍ നിന്ന് എറണാകുളത്ത് വന്നശേഷം എറണാകുളം വിഭാഗ് കാര്യവാഹായി അദ്ദേഹം പ്രവര്‍ത്തിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ഈ പ്രദേശങ്ങള്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രവര്‍ത്തനം. അദ്ദേഹം വിവാഹിതനായെങ്കിലും സംഘത്തിനായിരുന്നു എപ്പോഴും മുന്‍ഗണന. അപ്പോഴും പ്രചാരകനെപ്പോലെ തന്നെ സംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ഭട്ജി ഒരു ബഹുമുഖ പ്രതിഭതന്നെയായിരുന്നു. ശാരീരികുകളില് എല്ലാ വിഷയങ്ങളിലും വളരെ നൈപുണ്യമുള്ളയാള്‍, ഘോഷില്‍ വൈദഗ്ധ്യമുള്ളയാള്‍, പാട്ടുകാരന്, ഭജന പാടുന്നയാള്‍, കുട്ടികള്‍ക്ക് ഗംഭീരമായി കഥപറഞ്ഞുകൊടുക്കുന്നയാള്, മികച്ച പ്രാസംഗികന് ഒക്കെയായിരുന്നു അദ്ദേഹം. പ്രസംഗങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും ഭട്ജി മികവ് തെളിയിച്ചിരുന്നു.
1965 ല്‍ മദ്രാസ് സംസ്ഥാനത്ത് നിന്ന് കേരള സംസ്ഥാനം വേറെയായതിന് ശേഷം ആദ്യമായി കാലടിയില്‍ നടന്ന ഒടിസിയില്‍ അദ്ദേഹം മുഖ്യശിക്ഷകായിരുന്നു. തുടര്‍ന്ന് മൂന്ന് നാല് വര്‍ഷം കേരളത്തില്‍ ശാരീരിക് പ്രമുഖായിട്ട് പ്രവര്‍ത്തിച്ചു. ഒരുതരത്തില്‍ ഭട്ജി സ്വയം സേവകരുടെ ആവേശമായിരുന്നു. എറണാകുളം ജില്ലയുടെ വിഭാഗ് കാര്യവാഹായി വരുന്ന സമയത്ത് ആലുവ പ്രദേശത്തിനടുത്തുള്ള കുന്നത്തേരി ഭാഗത്ത് സംഘര്‍ഷം ഉണ്ടായപ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് സ്വയം സേവകര്‍ക്ക് ആവേശം കൊടുത്തത് ഭട്ജിയായിരുന്നു.
ഭട്ജി വിവാഹിതനായി ഒരാഴ്ചയ്ക്കുള്ളില്‍, സംഘത്തിന്റെ പരമപൂജനീയ ഗുരുജി ഗോള്വല്കര് ചികിത്സയ്ക്കായി പാലക്കാട് പറളിയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധകായി സഹായം ചെയ്യുന്നതിന് ഭട്ജിയെയാണ് നിശ്ചയിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഗുരുജിയുടെ പ്രബന്ധകായി വരാന്‍ ഭട്ജി തയ്യാറായി. സംഘത്തിനായിരുന്നു അദ്ദേഹം എന്നും മുന്‍ഗണന നല്‍കിയിരുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തം. കേരള പ്രാന്ത ബൗദ്ധിക് ആയും കേരള ജില്ല ബൗദ്ധിക് പ്രമുഖായും അദ്ദേഹം യാത്ര ചെയ്യാറുണ്ടായിരുന്നു. കുറച്ചുകാലത്തിന് ശേഷം സംഘത്തിന്റെ പ്രത്യേകമായ ചുമതലകള്‍ ഒന്നും ഇല്ലെങ്കില്‍ പോലും സാധാരണ സ്വയം സേവകനെ പോലെ എറണാകുളത്ത് ടിഡി ഭാഗത്തുള്ള ശാഖ നല്ലപോലെ നടത്തിക്കൊണ്ടുപോകുന്നതിനും സ്വയം സേവകരെ പോയി കാണാനും അവരെ സംഘസ്ഥാനില്‍ എത്തിക്കാനുമൊക്കെ തയ്യാറായി.
സംഘത്തിന്റെ ഗുരുദക്ഷിണ പരിപാടിയില്‍ എല്ലാ സ്വയംസേവകരെയും വ്യക്തിപരമായി കാണാനും ഒരു ടാര്‍ഗറ്റ് നിശ്ചയിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. സംഘത്തിന്റെ ചുമതലയില്ലെങ്കില്‍ പോലും സാമൂഹ്യസേവനം എന്ന നിലയില്‍ വിവേകാനന്ദ സേവ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് അനവധി സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. സംഘത്തിന്റെ എല്ലാ പരിപാടികളിലും ഒരു സാധാരണ സ്വയംസേവകനെ പോലെ അവസാന കാലത്തും ഭട്ജി പങ്കെടുത്തു. അദ്ദേഹം അസുഖബാധിതനായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. ആത്മാര്‍ത്ഥതയുള്ള എല്ലാവര്ക്കും മാതൃകയായിരുന്ന സ്വയംസേവകനെയാണ് ഭട്ജിയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: