പടിക്കല്‍ കാത്തുനില്ക്കുന്നൂ
പരമേശ്വര വൈഭവം,
പവിത്രം പ്രണമിച്ചീടാം
പരമാഹ്ലാദ വായ്പ്പൊടേ
നവതിപ്രായമെന്നാലും
നവനീതത്വമെപ്പൊഴും,
അമന്ദ മന്ഥനാനന്ദ-
മാത്മാര്പ്പണ തപഃഫലം
‘ഇതുഞാനല്ലല്ലെനിക്കല്ല-
ല്ലിത് രാഷ്ട്രാര്ത്ഥമൊക്കെയും’
ഇതിനപ്പുറമുണ്ടെന്നാല്
അതാക്കും ലക്ഷ്യബിന്ദുവും
അവിടെത്തേണ്ട ദൗത്യത്തി-
ന്നരക്കച്ച മുറുക്കിയി-
ട്ടഗ്രഗാമിത്വമേല്ക്കുമ്പോ-
ളയുതം ചേരുമൊപ്പമേ.
ആഗമക്കാതലാ ലക്ഷ്യം
രാമകൃഷ്ണാര്ദ്ര വീക്ഷണം
കേശവശ്രേഷ്ഠ നിഷ്ഠ, ശ്രീ-
മാധവത്തത്ത്വ ദര്‍ശനം.
പൂണൂല്‍ച്ചരട് നാരാക്കി-
സ്സമൂഹത്തെക്കൊരുക്കയും,
വെറും നൂലാണ് ഞാനെന്ന
വിനീതത്വം വരിക്കയും,
വിജ്ഞാനജ്ഞാന വിദ്വത്വം
വിചാരത്തില്‍ പകര്‍ത്തിയും,
കര്‍മ്മമേ ധര്‍മ്മമെന്നുള്ള
ഗീതാ തത്ത്വം മുഴക്കിയും,
അറിഞ്ഞതൊക്കെയപ്പപ്പോ-
ളെല്ലാര്ക്കും പങ്കുവെക്കയും,
അറിവിന്നാഴിതീരത്തേ-
ക്കാവാഹിച്ചു നയിക്കയും,
വേദവേദാന്ത സര്‍വ്വസ്വം
ഗ്രന്ഥപൂജയ്ക്കുമപ്പുറം-
ജീവിതത്തില്‍ പകര്‍ത്തീടാന്‍
പ്രേരിപ്പിച്ചു ലസിക്കയും,
ഭക്തിയെ യുക്തിയാലെന്നും
ചാണക്കല്ലിലുരയ്ക്കയും,
സക്തിയില്ലാത്ത വ്യക്തിത്വം
സമഷ്ടിക്കു കൊടുക്കയും.
കര്‍മ്മമിങ്ങനെ നീളുമ്പോ-
ളറിയുന്നു മഹാമതേ,
ശങ്കരത്വം, വിവേകാന-
ന്ദാനന്ദം ചേര്‍ന്നു നില്‍പ്പതും,
മാധവം കേശവംപൂണ്ട
മഹാ ശക്തിപ്രചോദനം
ഒരാളിലൊരുമിക്കുന്നി-
ങ്ങദ്വൈതാകാശ ഹര്‍ഷമായ്.
അനാദ്യന്ത പ്രവാഹത്തിന്
സനാതന പയഃപഥം
അതിലെക്കമ്ര നക്ഷത്ര-
ക്കര്‍മ്മ ജ്ഞാന വെളിച്ചമേ!
നമസ്കരിപ്പൂ പാദത്തില്‍
സംസ്കാരക്കാവലേ, മുനേ!
നമസ്കരിപ്പൂ, സാഷ്ടാംഗം
സനാതന സ്വരൂപമേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: