കാസര്‍കോട്: പ്രധാന മന്ത്രി നേരന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി കാസര്‍കോട് പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങളായി കാസര്‍കോടന്‍ ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ബിജെപി ജില്ല നേതൃത്വമിടപെട്ട് കേന്ദ്ര പ്രവാസികാര്യ മന്ത്രി സുഷമാ സ്വരാജിന് നല്കിയ നിവേദനങ്ങളെ തുടര്‍ന്നാണ് സേവാ കേന്ദ്രമനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലായത്. വര്‍ഷങ്ങളായി പ്രവാസികള്‍ അനുവദിച്ചു വരുന്ന ദുരിതങ്ങള്‍ക്ക് ഇത് വഴി വിരാമമായി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും സംയുക്ത സംരഭമായാണ് പാസ്പോര്‍ട്ട് ഓഫീസ് സേവാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ പ്രവാസികളുടെയും പൊതുജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.
കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ അനുവദിച്ച പാസ്പോര്‍ട്ട് സേവാ കേന്ദ്രം പി.കരുണാകരന്.എം.പി. ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്ത് മര്‍ച്ചന്റ്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്കി. സംസ്ഥാനത്തെ രണ്ടാമത്തെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രമാണ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യത്തേത് പത്തനംതിട്ട ജില്ലയിലാണ്. ക്യാമ്പ് മോഡലിലാണ് സേവാകേന്ദ്രം ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കു. ദിവസവും അമ്പതോളം അപേക്ഷകള്‍ സ്വീകരിക്കും. പുതിയ പാസ്പോര്‍ട്ടിനും പുതുക്കാനുമുള്ള അപേക്ഷകള്‍ മാത്രമേ ആദ്യഘട്ടത്തില്‍ സ്വീകരിക്കുകയുള്ളൂ. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അയച്ചു കൊടുത്തതിന് ശേഷമാണ് അന്തിമ അനുമതി ലഭിക്കുക.
ചടങ്ങില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ പഞ്ചായത്തംഗവും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ,ശ്രീകാന്ത്, ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, എ.ഡി.എം. കെ.അംബുജാക്ഷന്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓമനാരാമചന്ദ്രന്‍ (കാറഡുക്ക), എം.ഗൗരി(കാഞ്ഞങ്ങാട്), തുടങ്ങിയവര്‍ സംസാരിച്ചു. കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വ്വീസസ് ഡയറക്ടര്‍ എ.തോമസ് ലൂര്ദുരാജ് സ്വാഗതവും കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.പി.മധുസൂദനന് നന്ദിയും പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഹെഡ് പോസ്റ്റോഫീസില്‍ എം.പി. നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: