ഉദുമ: പിഞ്ചുകുഞ്ഞുങ്ങളുടെ സ്നേഹവായ്പ്പുകളേറ്റുവാങ്ങി ഗഞ്ജിയമ്മ സ്കൂളിന്റെ പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന്റെ നിര്‍വികാരത്തോടെയാണ്. 165 വര്‍ഷത്തിലേറെ പഴക്കമുള്ള പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍പി സ്കൂളിലെ ചരിത്രത്തിന്റെ താളുകളിലും ഗഞ്ജിയമ്മയ്ക്കുമുണ്ട് സ്ഥാനം. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിവെക്കുകയായിരുന്നു കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗഞ്ജിയമ്മ. നാരായണി എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും കുട്ടികള്‍ വിളിക്കുന്നത് ഗഞ്ജിയമ്മയെന്നാണ്. കന്നടയും മലയാളത്തിലും പഠനം നടക്കുന്ന ഈ സ്കൂളിലും പരിസരത്തും കൂടുതല്‍ കന്നടയാണ് സംസാരിക്കുന്നത്. ഗഞ്ജിയെന്നാല് കന്നടയില്‍ കഞ്ഞിയെന്നാണ് അര്‍ത്ഥം. അതിനാലാണ് കുട്ടികള്‍ നാരായണിയമ്മയെ ഗഞ്ജിയമ്മ എന്നു വിളിക്കുന്നത്. ആദ്യമായിട്ട് സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി ആരംഭിച്ച കാലം തൊട്ട് നെല്ലിയെടുക്കം സ്കൂളില്‍ കഞ്ഞിവെക്കുന്നത് ഇവര്‍ തന്നെയാണ്. ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ ആധുനീക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കഞ്ഞിവെപ്പിനാവശ്യമായ വെള്ളം ദൂരെ നിന്ന് കോരികൊണ്ടു വരണം. വിറക് അടുപ്പാണ് ഉപയോഗിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സാഹചര്യത്തിനൊത്ത് വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് രുചികരമായ ഭക്ഷണം നല്കാന് കഴിഞ്ഞത് മഹാഭാഗ്യമായി അവര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭര്‍ത്താവ് നാരായണന് അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. പറക്കമുറ്റാത്ത രണ്ട് പെണ് മക്കളെ പോറ്റി വളര്‍ത്താനായി കൂലിപ്പണിയെടുത്തു ജീവിതം തള്ളി നീക്കുമ്പോഴാണ് സ്കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കാനുള്ള അവസരം നാരായണി അമ്മയ്ക്ക് ലഭിക്കുന്നത്. പ്രായധിക്യം മൂലം പല പ്രാവശ്യം ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴും സ്കൂളിലെത്തിയാല്‍ കുട്ടികളുമെന്നിച്ചുള്ള സഹവാസത്തില്‍ തളര്‍ച്ച അനുഭപ്പെടാറില്ലെന്ന് നാരായണിയമ്മ പറയുന്നു. 70 വയസ്സ് പിന്നിട്ട ഇവര്‍ നെല്ലിയെടുക്കം കളിക്കുന്നില്‍ ഒറ്റയ്ക്കാണ് താമസം. മക്കളായ ശാരദ, ഉഷകുമാരി എന്നിവര്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. സ്കൂളില്‍ നിന്ന് കിട്ടിയിരുന്ന വേതനം ദിവസകൂലിയായതിനാല് സര്‍ക്കാരില്‍ നിന്ന് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. വിധവ പെന്ഷന് മാത്രമാണ് ഏക ആശ്രയം. തുച്ഛമായി കിട്ടിയിരുന്ന വരുമാനംകൊണ്ട് നല്ലൊരു വീട് വെക്കാന്‍ പോലും സാധിക്കതെ അടച്ചുറപ്പില്ലാത്ത കൂരയിലാണ് നാരായണിയമ്മ ജീവിതം മുന്നോട്ട് പോകുന്നത്. ഈ അധ്യാന വര്‍ഷത്തിന്റെ അവസാന അധ്യയന ദിനത്തില്‍ സ്കൂള്‍ പിടിഎ കമ്മറ്റി നാരായണിയമ്മയ്ക്ക് യാത്രയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: